പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 27  ഞായർ
1200  മേടം 14   അശ്വതി 
1446  ശവ്വാൽ 28
      
◾ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും പ്രാപ്തരാണെന്നും, കശ്മീരി ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.

◾ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികള്‍.ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.

◾ പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഇതിനുപുറമെ വഴി മാറി പോകുന്നതിനാല്‍ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

◾ സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. എസ്എഫ്ഐഒക്ക് മൊഴി നല്‍കി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധം മൊഴി നല്‍കിയിട്ടില്ലെന്നും താനോ എക്‌സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.

◾ എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഫയര്‍ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 30 നാണ് പത്മകുമാര്‍ വിരമിക്കുന്നത്.

◾ ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനുള്ള മലേഷ്യ എയര്‍ലൈന്‍സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

◾ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിയത് പടക്കമാണെന്ന് പൊലീസ്.  നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കള്‍ പൊലീസിനോട് വിശദീകരിച്ചത്. സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിച്ചതെന്നാണ് യുവാവിന്റെ മൊഴി. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കള്‍ പേടിച്ച് മിണ്ടാതിരുന്നു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയച്ചു.
'
◾ മലയാളം സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോന്‍. സീരിയലുകള്‍ മാറേണ്ട സമയം കഴിഞ്ഞെന്നും സിനിമയിലുണ്ടായ മാറ്റം മിനിസ്‌ക്രീനിലും അനിവാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മേനോന്‍ നിലപാട് വ്യക്തമാക്കിയത്.
 
◾ അന്തരിച്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിക്കാനും സംസ്‌കാരത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു.

◾ കേരളത്തിന്റെ ചരിത്രത്തെ സത്യസന്ധമായും യാഥാര്‍ഥ്യ ബോധത്തോടെയും നിര്‍വചിച്ച മഹാ പ്രതിഭയായിരുന്നു എം.ജി.എസ് നാരായണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പഠനത്തിലും ഗവേഷണത്തിലും തന്റേതായ വഴി വെട്ടിത്തുറന്ന് ചരിത്ര പഠനത്തിന്റെ ഗതി മാറ്റിയ വ്യക്തിത്വമായിരുന്നുവെന്നും  പ്രതിപക്ഷ നേതാവ് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

◾ കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ്. പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും ദോവസ്വം ബോര്‍ഡ് അറിയിച്ചു.

◾ കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള മൂന്ന് പേര്‍ക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ് ടെം വിസയുണ്ടായിരുന്ന കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്. പാക് പാസ്‌പോര്‍ട്ടുള്ള ഹംസ 2007 മുതല്‍ കേരളത്തില്‍ സ്ഥിര താമസമാണ്. ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്‌തെന്ന് പൊലീസ് പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.

◾ പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാര്‍ത്ഥമാണ് 1965ല്‍ പാക്കിസ്ഥാനില്‍ പോയതെന്നും 1971 ല്‍ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു.  

◾ പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നത്. 78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉള്‍പ്പെടെ ഉള്ളവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത ഹംസയുടെ സാഹചര്യം വലിയ വാര്‍ത്തയായിരുന്നു.

◾ ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്. നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കുമെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ടെന്നും കഴിഞ്ഞ കൊല്ലത്തെ  പ്രതിസന്ധികള്‍ ഇക്കൊല്ലമുണ്ടാവില്ലെന്നും ഡിജിപി പറഞ്ഞു.

◾ ആറാട്ടണ്ണന് ജാമ്യമില്ല. ചലച്ചിത്ര നടിമാരെ അധിക്ഷേപിക്കും വിധം നവമാധ്യമ പോസ്റ്റിട്ട ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കാതിരുന്ന കോടതി, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതിനു മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആറാട്ടണ്ണന്‍ അകത്താകുന്നത്.

◾ ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസയെന്നും എന്നാല്‍ അതുപോലെ തന്നെ അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും അതിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ലെന്നും എന്നാല്‍ ആരെങ്കിലും തിന്മ ചെയ്യാന്‍ തന്നെ ഇറങ്ങിത്തിരിച്ചാല്‍ എന്താണ് പ്രതിവിധിയെന്നും അദ്ദേഹം ചോദിച്ചു.

◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്. പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ആദില്‍ ഹുസൈന്‍ ഠോക്കര്‍ വിദ്യാര്‍ത്ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേര്‍ന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍. 2018ല്‍ പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് തന്നെ ഭീകര സംഘടനകളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആദില്‍ പിന്നീട് കുടുംബവുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആദിലിന്റെ വീട് അധികൃതര്‍ സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു.

◾ വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുല്‍ഗാന്ധിയോട് പൂനെ കോടതി. സവര്‍ക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. പരാമര്‍ശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി രാഹുലിനെതിരെ ഇതേ വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

◾ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15-മത് റോസ്ഗര്‍ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് വിതരണം ചെയ്തത്.

◾ പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി .ഒമര്‍ അബ്ദുള്ള.  അവരുടെ പരാമര്‍ശങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

◾ തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നാല് പേര്‍ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കിയും തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസിലെ തര്‍ക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചര്‍ച്ച നടത്തുന്നതും ഇതാദ്യമാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസില്‍ നിന്നടക്കം പുറത്തുവരുന്നത്.

◾ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുട്ടിന്‍ അകാരണമായി ജനവാസമേഖലകളിലേക്കും നഗരങ്ങളിലേക്കും മിസൈലുകള്‍ തൊടുക്കുന്നുവെന്നും യുദ്ധം നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാമെന്നും ബാങ്കിങ്, അല്ലെങ്കില്‍ മറ്റ് ഉപരോധങ്ങള്‍ വഴിയോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നുമാണ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കുറിച്ചത്.

◾ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഐസിസി, ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ പോലും പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നും ഗാംഗുലി ആവശ്യപ്പെട്ടു. പഹല്‍?ഗാം ഭീകരാക്രമണത്തിന്റെ പശ്ചത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

◾ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 49 പന്തില്‍ 83 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങിന്റേയും 35 പന്തില്‍ 69 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

◾ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റാദായം ഒരു ശതമാനം ഇടിഞ്ഞ് 3,911 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തം വരുമാനം 6.4 ശതമാനം ഉയര്‍ന്ന് 40,920 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം 7.5 ശതമാനം ഉയര്‍ന്ന് 14,500 കോടി രൂപയായി. ഇക്കാലയളവില്‍ മൊത്തം വരുമാനം 1,52,913 കോടി രൂപയാണ്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 135 രൂപ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടും മാരുതി സുസുക്കിയ്ക്ക് ലാഭക്ഷമത മെച്ചപ്പെടുത്താന്‍ കഴിയാത്തത് നിക്ഷേപകരെ നിരാശരാക്കി.

◾ വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രം 'സംശയം' ടീസര്‍ എത്തി. ഭാര്യ ഗര്‍ഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിനെ ടീസറില്‍ കാണാം. കുഞ്ഞിന്റെ ജനനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില 'സംശയങ്ങളും' രസകരമായ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയാകും 'സംശയം'. 'ആട്ടം' സിനിമയ്ക്കു ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രം. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍  സുരാജ് പി.എസ്., ഡിക്സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്.  ഛായഗ്രഹണം മനീഷ് മാധവന്‍.

◾ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ ചിത്രം 15.75 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ഗ്രോസ് 6.10 കോടിയുമാണ്. ഓവര്‍സീസ് കളക്ഷനില്‍ നിന്നു മാത്രം ലഭിച്ചത് 9.75 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കിങ് ഓഫ് കൊത്ത'യുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നു. ആദ്യദിവസം മികച്ച ഓപ്പണിങ് കളക്ഷന്‍ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി 'തുടരും' മാറി. ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളില്‍ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇന്നും സമാനമായ അവസ്ഥയാണ് കാണാനാകുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. രണ്ടാം ദിനമായ ശനിയാഴ്ച കേരളത്തിലെ കളക്ഷന്‍ മാത്രം 7 കോടിക്കു മുകളില്‍ പോകാന്‍ സാധ്യതയുണ്ട്.

◾ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ 55 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് എംജി വിന്‍ഡ്‌സര്‍ ഇവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെയ് മാസത്തില്‍ കമ്പനി പുതിയ എംജി വിന്‍ഡ്‌സര്‍ ഇവി പുറത്തിറക്കിയേക്കും. എംജി വിന്‍ഡ്‌സര്‍ ഇവിയില്‍ 38 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍-ഫോസ്ഫേറ്റ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബാറ്ററിക്ക് കഴിയും. അതേസമയം, വരാനിരിക്കുന്ന പുതിയ വിന്‍ഡ്‌സര്‍ ഇവിയില്‍ നല്‍കിയിരിക്കുന്ന 55 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പുതിയ വിന്‍ഡ്‌സര്‍ ഇവിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം നല്‍കാനും കഴിയും. വെറും 6 മാസത്തിനുള്ളില്‍ 20,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട്, ഈ നാഴികക്കല്ല് പിന്നിട്ട രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായി എംജി വിന്‍ഡ്‌സര്‍ മാറി. വിന്‍ഡ്‌സര്‍ ഇവി നിരയില്‍ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില.

◾ മറ്റു പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന. അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന. എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്. പരന്നു കിടക്കുന്ന വാക്കുകളില്‍ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയില്‍ നാം പരിശീലിക്കേണ്ടത്. 'ബദല്‍ വായനകള്‍'. ബെന്യാമിന്‍. ഗ്രീന്‍ ബുക്സ്. വില 230 രൂപ.

◾ ചര്‍മം പോലെ കണ്ണുകള്‍ക്കും സൂര്യന്റെ അള്‍ട്രവൈലറ്റ് രശ്മികള്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ശരീരത്തില്‍ അവശ്യം വേണ്ട വിറ്റാമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് ഏറ്റവും ആവശ്യമായ യുവി എ, യുവി ബി രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. യുവി രശ്മികള്‍ കാരണം കണ്ണുകള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം തിമിരമാണ്. പതിവായി യുവി രശ്മികള്‍ കണ്ണുകളില്‍ പതിയുന്നത് ക്രമേണ കണ്ണുകളില്‍ തിമിരം രൂപപ്പെടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ യുവി രശ്മികള്‍ കണ്ണുകളുടെ റെറ്റിനയെ നേരിട്ടു ബാധിക്കുന്നതിനാല്‍ ഇത് മാക്യുലര്‍ ഡീജനറേഷനിലേക്ക് നയിക്കുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാം. ദീര്‍ഘനേരം യുവി രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണുനീര്‍ ഗ്രസ്ഥികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും കണ്ണുകള്‍ വരണ്ടതാക്കാനും കാരണമാകും. കണ്ണുകളില്‍ ഉണ്ടാകുന്ന സൂര്യതാപമാണ് ഫോട്ടോകെരാറ്റിറ്റിസ്. കണ്ണിന് ചുവപ്പ്, വേദന, കാഴ്ച മങ്ങല്‍, താല്‍ക്കാലിക കാഴ്ച നഷ്ടം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ കണ്ണുകളുടെ റെറ്റിന സ്വാഭാവികമായി ചുരുങ്ങും. ഇത് യുവി രശ്മികളെ കണ്ണുനുള്ളിലേക്കു കടത്തിവിടാതെ സഹായിക്കും. ഇത് യുവി രശ്മികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണുകളുടെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ആളുകള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് ഈ പ്രക്രിയ തടസപ്പെടുകയും ഗ്ലാസുകളിലൂടെ യുവി എ രശ്മികള്‍ കണ്ണില്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷമാണ്. സണ്‍ഗ്ലാസ് വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഗുണനിലവാരുമുള്ള യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസ് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് വിപരീത ഫലമുണ്ടാക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
കുട്ടികളുടെ വാര്‍ഡിലായിരുന്നു അവളുടെ ജോലി.  കുട്ടികള്‍ക്കെല്ലാം അവള്‍ മാലാഖയായിരുന്നു. പക്ഷേ, ദേഷ്യം വന്നാല്‍ അവള്‍ ചുറ്റുമുളളവരെയെല്ലാം ചീത്തവിളിക്കും.  സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഒരാഴ്ചയവള്‍ക്ക് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു.  ആ നേഴ്‌സ് ഇല്ലാത്തതിന്റെ സങ്കടം മുഴുവനും കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായിരുന്നു.  ഏഴ് ദിവസത്തിന് ശേഷം ജോലിക്ക് പോകാനിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞു: നീ ഒരു കാര്യം മനസ്സിലാക്കണം, നിന്നെ ദേഷ്യം പിടിപ്പിക്കുന്നയാള്‍ നിന്നെ കീഴടക്കുകയും നിന്നെ നീയല്ലാതെയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.  അതിന് അവസരമുണ്ടാക്കരുത്.  നീ ആരുടേയും അടിമയായിമാറാന്‍ ഇടവരരുത്.  അവള്‍ തലയാട്ടി.  എല്ലാ വികാരങ്ങളും നല്ലതാണ്. ആവശ്യമുളള സമയത്തും അനുയോജ്യമായ സ്ഥലത്തും മാത്രമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍. ദുഃഖവും, സന്തോഷവും, ദേഷ്യവും വാശിയും എല്ലാം കൂടിച്ചേര്‍ന്നാണ് ഓരോ ജീവിതവും മുന്നോട്ട് പോകുന്നത്.  ഇവയുടെയെല്ലാം ശരിയായ അളവിലുളള മിശ്രിതമാണ് ജീവിതത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത്.  ആരെന്തുപറഞ്ഞാലും ചെയ്താലും പ്രതികരണം സ്വന്തം വിവേചനാതിര്‍ത്തിക്കുളളില്‍ നിന്നു മാത്രം നടത്തുന്നവര്‍ക്കാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാവുക.  അല്ലാത്തവരെല്ലാം ആരെങ്കിലുമിടുന്ന ചൂണ്ടയില്‍ കൊത്തി ആ വഴിക്കുനീങ്ങുന്ന അടിമകളെപ്പോലെയാകും.  അടിമയാകാനാണോ നമ്മുടെ ജീവിതം എന്നത് സ്വയം ചിന്തിക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍