മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ മൃതദേഹം അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയായിരുന്നു ഫാത്തിമ.


ഞായറാഴ്ച രാവിലെ 11 മണിയോടെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിച്ചു. മൃതദേഹം കണ്ടെത്തിയ വാട്ടർ ടാങ്കിലെ വെള്ളം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. ടാങ്കിൽ ആമകളെയും വളർത്തിയിരുന്നു. വീടിന്റെ ഉടമസ്ഥനും കുടുംബവും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നതിനാൽ, വീട്ടിൽ ഒരു സെക്യൂരിട്ടി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി സ്വർണാഭരണങ്ങൾ ധരിച്ച നിലയിൽ കണ്ടെത്തിയതായും, രാവിലെ പത്തുമണിയോടെ ഫാത്തിമ വീട്ടിൽനിന്ന് ഇറങ്ങിയതായി വിവരങ്ങൾ ലഭ്യമായതായും പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധിക‍ൃതർ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

വീടിന് പിന്നിലെ വാട്ടർ ടാങ്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട് മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ടാങ്കിൽ ആമകൾ  വളർത്തുന്നതിനാൽ തീറ്റ കൊടുക്കാനെത്തിയ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ദുരൂഹ സാഹചര്യത്തിൽ മരണം നടന്നെന്ന സംശയം നിലനിൽക്കെ, കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍