കച്ചവടക്കളികളുമായി കുട്ടിപ്പീടികകള്‍ സജീവം
ബാലുശ്ശേരി: അവധിക്കാലം ടാബിലും മൊബൈൽ ഫോണിലും ഗെയ്മിലും തളച്ചിടാതെ നാളെക്ക് മുതല്‍ കൂട്ടുകയാണ് ഗ്രാമങ്ങളിലെ കുട്ടികള്‍. സ്‌കൂളുകള്‍ അടച്ച ഒഴിവിന് കുട്ടിപ്പീടികകള്‍ തുറന്നാണ് ഇവര്‍ അവധിക്കാലം ആഘോഷിക്കുന്നത്.
നാട്ടിന്‍ പുറത്തെ പാതയോരങ്ങളിലെല്ലാം കുട്ടിപ്പീടിക തുറന്നുള്ള കച്ചവടക്കളിയുടെ കാഴ്ച്ചകള്‍ ഏറെ ചന്തമാണ്.
ഓലകള്‍ ചാരിവെച്ചും ശീലകൊണ്ട് മറച്ചും മറ്റും ഉണ്ടാക്കിയതാണ് കുട്ടിപ്പീടികകള്‍.
കുട്ടി മനസറിയുന്നതിനാല്‍ ഇവരുടെ ഇഷ്ട വസ്തുക്കള്‍ തന്നെയാണ് വിപണിയില്‍ ഏറെയും. അച്ചാറും ഉപ്പിലിട്ടതും മിഠായിയും തുടങ്ങി കളി ഉപകരണങ്ങള്‍ വരെ ഈ കൊച്ചു കടകളില്‍ സുലഭം.
ഉപ്പിലിടാനും അച്ചാറുണ്ടാക്കാനും നേരത്തെ തന്നെ കുട്ടികള്‍ ഒരുങ്ങിയിരുന്നു. സ്‌കൂളുകള്‍ അടക്കുന്നതിന് മുമ്പ് തന്നെ മാര്‍ക്കറ്റുകളില്‍ നിന്നും മാങ്ങയും കാരറ്റും നാരങ്ങയും വാങ്ങി വീട്ടില്‍ പാകം ചെയ്താണ് കച്ചവടത്തിന് ഒരുങ്ങിയിരിക്കുന്നത്. വിവിധ തരം മിഠായികള്‍, ബലൂണുകള്‍, മറ്റ് കളിക്കോപ്പുകള്‍ എല്ലാം സുലഭമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല വറുത്ത് വിറ്റായിരുന്നു നാട്ടിന്‍ പുറത്തെ കുട്ടികളുടെ കച്ചവടം. പിന്നീടിത് വെച്ചു കെട്ടിപ്പീടികയിലേക്ക് വഴിമാറി.
ഇത്തരം കച്ചവടങ്ങള്‍ ഇടക്കാലത്ത് നിലച്ചിരുന്നെങ്കിലും വീണ്ടും സജീവമായിട്ടുണ്ട്. അടുത്തത്തടുത്ത് തന്നെ കുട്ടിപ്പീടികള്‍ തുറക്കുന്നുണ്ടെങ്കിലും ആര്‍ക്കും ആരുടെയും കച്ചവടം തടസമാകുന്നില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരിടത്ത് മിഠായികള്‍ മാത്രം. മറ്റൊരിടത്ത് ഉപ്പിലിട്ടതും അച്ചാറും വേറൊരിടത്ത് സര്‍ബത്തും മോരിന്‍ വെള്ളവും ഇങ്ങനെയാണ് കച്ചവടം.
കുട്ടികള്‍ തന്നെയാണ് ഉപഭോക്താക്കളെന്നതിനാല്‍ കച്ചവടത്തിന് ഇവരുടെതായ വീറും വാശിയും കാണും. മുതിര്‍ന്നവരുടെ സഹകരണത്തോടെയാണ് പല കച്ചവടങ്ങളും.
അനാവശ്യ കളികളിലും മൊബൈൽ ഫോണിലും ടാബിലും നേരം ചെലവഴിക്കുന്നതിൽ നല്ലത് ഇത്തരം കച്ചവടങ്ങളെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍