വഖഫ് ബിൽ ചർച്ച: ലോക്സഭയിലുണ്ടായിട്ടും മിണ്ടാതെ രാഹുൽഗാന്ധി, വിപ്പ് ലംഘിച്ച് പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചില്ല. പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ എത്തിയതുമില്ല.

എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. 'വഖഫ് ഭേദ​ഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു'- രാഹുൽ ​ഗാന്ധി എക്സില്‍ കുറിച്ചിരുന്നത്.

കോൺഗ്രസ് വിപ്പുണ്ടായിട്ടും പ്രിയങ്ക എത്താത്തതാണ് ചര്‍ച്ചയാകുന്നത്. ' ഗൗരവമായുള്ള കാര്യങ്ങൾക്കെല്ലാതെ ആരെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.

'അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും'- ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് പങ്കെടുത്തില്ല എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് അവര്‍ തന്നെയെന്നും ബ്രിട്ടാസ് പറഞ്ഞു.

അതേസമയം വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍