ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ ? കേസും പൊലീസും കണ്ട് പേടിക്കണ്ട'; വിവാദ പരാമർശവുമായി തുറാബ് തങ്ങൾ
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് എ പി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോ? വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യമാണ്. കേസും പൊലീസും കണ്ട് ആരും പേടിക്കണ്ടായെന്നും സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് പെരുമണ്ണയിലെ മതപ്രഭാഷണത്തിനിടയിലാണ് വിവാദ പരാമർശം.
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു തുറാബ് തങ്ങളുടെ പ്രതികരണം. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെ അസ്മ മരിച്ചു. തുടര്‍ന്ന് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും പറഞ്ഞിരുന്നു. സംഭവത്തിൽ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉൾപ്പടെ ചൂണ്ടികാട്ടിയിരുന്നു. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍