അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവ്; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശം
മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവില്‍ നടപടിയെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പ്. അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാന്‍ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ‘ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി 2 ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്’ എന്ന ഉത്തരവിലെ നിര്‍ദേശമാണ് വിവാദമായത്. ഈ നിര്‍ദേശം റദ്ദാക്കും.
2025 ഫെബ്രുവരി 13ന് ആണ് നിര്‍ദേശം ഇറക്കിയിരുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
മനോജ് പി കെ, ജൂനിയര്‍ സൂപ്രണ്ട് ശ്രീമതി, അപ്‌സര എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരിയെയും അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ കെ എന്നിവരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
2024 നവംബര്‍ 23ന് കോഴിക്കോട് സ്വദേശി അബ്ദുള്‍ കലാം കെ എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് വന്നത്. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതി നല്‍കിയ അബ്ദുള്‍ കലാം കെയ്ക്ക് എതിരെ ഡി ജി പിയ്ക്ക് പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍