കൊടിഞ്ഞിയില്‍ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരും
മലപ്പുറം: ഇരട്ടക്കുട്ടികളുടെ എണ്ണംകൊണ്ട് പ്രശസ്തമായ കൊടിഞ്ഞി ഗ്രാമത്തിൽ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരുമെന്ന് പഠനറിപ്പോർട്ട്. ഭോപാൽ, ഭുവനേശ്വർ എയിംസുകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഭാഗമായ 'ട്വിൻ റിസർച്ച് ആൻഡ് ഹ്യൂമൺ ജനിറ്റിക്‌സ്' എന്ന ജേണലിലാണ് കഴിഞ്ഞ ഒക്ടോബറിൽ പഠനം പ്രസിദ്ധീകരിച്ചത്.
തിരൂരങ്ങാടിക്കു സമീപമുള്ള കൊടിഞ്ഞി ഗ്രാമത്തിൽ 2008-ൽ നടത്തിയ കണക്കെടുപ്പുപ്രകാരം 280 ഇരട്ടക്കുട്ടികളുണ്ടായിരുന്നു. അന്ന് രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീടും ഒട്ടേറേ ഇരട്ടക്കുട്ടികൾ പിറന്നു. ലോകത്തുതന്നെ അപൂർവമായതും ഏറെ ചർച്ചചെയ്യപ്പെട്ടതുമായ ഈ പ്രതിഭാസത്തെക്കുറിച്ചറിയാൻ 2016-ൽ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, കുഫോസ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, യൂണിവേഴ്‌സിറ്റി ഓഫ് ജർമനി എന്നിവിടങ്ങളിലുള്ള ഗവേഷകർ സ്ഥലം സന്ദർശിച്ച് പഠനം നടത്തിയിരുന്നു. ഈ കുട്ടികളുടെ ജനിതകസാമ്പിളുകൾ ശേഖരിക്കുകയുംചെയ്തു. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.,
പിന്നീട് കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ മുലയൂട്ടൽരീതിയെക്കുറിച്ചാണ് എയിംസിലെ ഗവേഷകർ പഠനം നടത്തിയത്. ഇരട്ടക്കുട്ടികൾക്ക് പരമാവധി മുലപ്പാൽ ലഭ്യമാകുന്നുണ്ടോ എന്നതായിരുന്നു വിഷയം. ആഗോളതലത്തിൽതന്നെ ഇരട്ടക്കുട്ടികളുടെ പ്രസവം അമ്മമാർക്കും കുട്ടികൾക്കും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അമ്മമാർക്ക് പോഷകക്കുറവിനോടൊപ്പം അധികവും സിസേറിയൻ വേണ്ടിവരുന്നു. കുട്ടികൾക്കാണെങ്കിൽ ആവശ്യത്തിനു മുലപ്പാൽ ലഭിക്കാത്ത അവസ്ഥയും.
കൊടിഞ്ഞിയിലും പരിസരങ്ങളിലുമുള്ള മൂന്നുവയസ്സിനു താഴെയുള്ള ഇരട്ടക്കുട്ടികളുടെ 75 അമ്മമാരെയാണ് പഠനത്തിനായി സമീപിച്ചത്. ഇതിൽ 57.3 ശതമാനവും പൂർണവളർച്ചയെത്താതെ ജനിച്ച കുട്ടികളാണെന്നു വ്യക്തമായി. ഇതിൽത്തന്നെ 58.7 ശതമാനവും സിസേറിയൻ വഴിയാണ് പ്രസവിച്ചത്. ജനിച്ചയുടനെ മുലപ്പാൽ കുടിക്കാൻ അവസരംകിട്ടാത്തവരാണ് അധികവും. 32.9 ശതമാനം കുട്ടികൾക്കും ജനിച്ച് 24 മണിക്കൂറിനുശേഷമേ മുലപ്പാൽ കിട്ടിയുള്ളൂ. അതേസമയം ആദ്യമുണ്ടാകുന്ന പോഷകസമൃദ്ധമായ കൊളസ്ട്രം 86.7 ശതമാനം പേർക്കും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അമ്മമാർ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് പഠനം പറയുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍