പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 19  ശനി 
1200  മേടം 6  മൂലം 
1446  ശവ്വാൽ 20
       
◾  ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപിക്ക് പരോക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോള്‍ നിഷ്‌കളങ്കര്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജബല്‍പ്പൂരും മണിപ്പൂരും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരില്‍ ദുഃഖവെളളി ദിന സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

◾  സങ്കീര്‍ണമായ അല്‍ഗോരിതങ്ങള്‍ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ആരെയും തിരസ്‌കരിക്കാത്ത ദൈവിക സമ്പദ്വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില്‍ കുരിശിന്റെ വഴിയിലും പ്രാര്‍ത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്ന ദുഃഖ വെള്ളി ദിനത്തില്‍ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് വിതയ്ക്കുകയും വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാര്‍പാപ്പ പറഞ്ഞത്.

◾  കോളേജ് അധ്യാപകര്‍ തന്നെ ചോദ്യ പേപ്പര്‍ വാട്സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ കണ്ടത്തല്‍. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്.  ഇതിന് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

◾  ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് പോലിസ് ചോദ്യം ചെയ്തേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തി നല്‍കിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.

◾  നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈന്‍ സഹകരിക്കും.

◾  മണ്ണടിഞ്ഞു കൂടി പൊഴി മൂടപ്പെട്ട മുതലപ്പൊഴിയില്‍, അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കാണാത്ത വിധം പൊഴിയില്‍ അസാധാരണമായി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി  അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. വിജയ സാധ്യത ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അന്‍വര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.

◾  നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി. അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി നിര്‍ത്തിയെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വര്‍ കുറിച്ചു.

◾  വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവരാണ് പിടിയിലായത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾  സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് 11 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. എംആര്‍ മുരളി, കെ പ്രേംകുമാര്‍ എംഎല്‍എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടന്‍, ടി.കെ നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങള്‍.

◾  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലന്‍ രംഗത്ത്. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലന്‍, അവര്‍ ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയെന്നും വിശേഷിപ്പിച്ചു.

◾  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ പുകഴ്ത്തല്‍ സര്‍വീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സര്‍വീസ് ചട്ടം ലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്.

◾  വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമെന്ന് കാസ പറയുന്നു.  സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികള്‍ക്ക് നിര്‍ണ്ണായകമാണെന്നു വ്യക്തമാക്കിയ കാസ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയില്‍ നിലപാടെടുത്തു.

◾  നാല് വയസുകാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഗാര്‍ഡന്‍ ഫെന്‍സിങിന്റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണാണ് അപകടം നടന്നത്. അടൂര്‍ കടമ്പനാട്  സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്നലെ രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾  പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാന ലാപ്പില്‍ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.

◾  പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ മാത്യൂ സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം .

◾  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി നടപടിക്കെതിരായ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. വൈകീട്ട് നാല് മണിക്കാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു ഭാരവാഹികളും പങ്കെടുക്കും. റോസ് അവന്യൂ കോടതിയിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഉയര്‍ന്ന കോടതികളിലേക്ക് തല്‍ക്കാലം പോകേണ്ടെന്നും കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ദില്ലി റോസ് അവന്യൂ കോടതി ഏപ്രില്‍ 25 നാണ് കേസ് പരിഗണിക്കുക.

◾  ബിജെപിയെ വീണ്ടും വെല്ലുവിളിച്ച്  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡല്‍ഹിയില്‍ നിന്നുള്ള ഒരു ശക്തിക്കും ഒരിക്കലും ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ഭരിക്കാന്‍ കഴിയില്ലെന്ന് എംകെ സ്റ്റാലിന്‍  തുറന്നടിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും അടുത്തിടെ വീണ്ടും ഒന്നിച്ച പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.

◾  വഖഫ് ഭേദഗതി ബില്ലില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പേരില്‍ ഡി എം കെയും, നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോല്‍പ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.

◾  കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിം സംവരണം നല്‍കുന്ന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ നടപടി വൈകിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളില്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഗവര്‍ണര്‍ ബില്ല് നിയമമാക്കുന്നത് വൈകിപ്പിക്കുകയാണെന്നാരോപിച്ചാകും കോടതിയെ സമീപിക്കുക.

◾  വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. ട്രെയിനിങില്‍ പങ്കെടുക്കാനെത്തി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന 46 കാരിയായ എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

◾  രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കര്‍ ജയന്തി ദിവസമാണ് രാഹുല്‍ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച രാഹുല്‍, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

◾  ഹിമാചല്‍പ്രദേശിലെ ചീഫ്സെക്രട്ടറി നടത്തിയ ആഡംബര പാര്‍ട്ടി വിവാദത്തില്‍. മാര്‍ച്ച് 31 ന് വിരമിക്കേണ്ടിയിരുന്ന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ പാര്‍ട്ടിയിലെ ഭക്ഷണത്തിന്റെ ബില്‍ ആണ് വിവാദത്തിലായിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 75 പേര്‍ക്ക് പ്ലേറ്റിന് 1000 രൂപയ്ക്ക് ഉച്ചഭക്ഷണം, ഡ്രൈവര്‍മാര്‍ക്ക് ഏകദേശം 600 രൂപ, ടാക്‌സി ചാര്‍ജടക്കം ആകെ 1.2 ലക്ഷം രൂപയിലധികമാണ് ബില്‍. ഷിംലയിലെ ഹിമാചല്‍ ടൂറിസത്തിന്റെ ഫ്ലാഗ്ഷിപ്പ് ഹോട്ടലായ ഹോളിഡേ ഹോമിലാണ് പ്രബോധ് സക്‌സേന പാര്‍ട്ടി നടത്തിയത്.

◾  ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചു.

◾  സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. പാറ്റ്ന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാറാണ് പരാതിക്കാരന്‍. നവംബറില്‍ നല്‍കിയ പരാതിയിലാണ് തുടര്‍നടപടി.

◾  2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

◾  ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാകക്ിയത്. 8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പേസിലും പരിശീലനത്തിലാണു ശുഭാന്‍ഷു ശുക്ല.

◾  മഴയും മിന്നലും കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സിന്റെ കുതിപ്പ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ 7 കളികളില്‍ നിന്ന് 5 ജയവുമായി 10 പോയിന്റ് നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. 6 കളികളില്‍ നിന്ന് 10 പോയിന്റുള്ള ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. 6 കളികളില്‍ നിന്ന് 8 പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തും  7 കളികളില്‍ നിന്ന് 8 പോയിന്റുള്ള ബംഗളുരു നാലാം സ്ഥാനത്തുമാണ്.

◾  ആഗോള തലത്തില്‍ വില കുതിച്ചുയരുന്നതിനിടെ സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024ല്‍ മാത്രം 72.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് ഇരട്ടിയായി. ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതില്‍ രണ്ടാംസ്ഥാനത്താണ് ആര്‍.ബി.ഐ. പോളണ്ടാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2024ല്‍ 89.54 ടണ്‍ സ്വര്‍ണമാണ് പോളണ്ട് വാങ്ങിയത്. തുര്‍ക്കി അവരുടെ ശേഖരത്തിലേക്ക് 74.8 ടണ്‍ സ്വര്‍ണമാണ് അധികമായി എത്തിച്ചത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 11 മാസവും ആര്‍.ബി.ഐ സ്വര്‍ണം വാങ്ങിയിരുന്നു. അടുത്ത കാലത്തുള്ള ഏറ്റവും വലിയ വാങ്ങലുകളിലൊന്നാണിത്. മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് 2021ലായിരുന്നു. അന്ന് 77.5 ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐ ശേഖരത്തിലെത്തിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കനുസരിച്ച് യു.എസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ളത്. 2024ല്‍ ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം ചേര്‍ന്ന് 1,045 ടണ്‍ സ്വര്‍ണം അധികമായി ശേഖരത്തിലെത്തിച്ചു.

◾  തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരുന്ന സൂര്യ ചിത്രം 'റെട്രോ'യുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും.

◾  സുനില്‍ സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' യുടെ മനോഹരമായ ടീസര്‍ പുറത്തിറങ്ങി. ഒരു കേക്കും കുറെ മനുഷ്യരുമാണ് ടീസറില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

◾  ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി അവരുടെ ജനപ്രിയ സൂപ്പര്‍ബൈക്ക് ഇസെഡ് 900ന് 2025 ഏപ്രിലില്‍ 40,000 രൂപയുടെ കിഴിവ് ഓഫര്‍ തുടരുന്നു. കാവസാക്കി ഇസെഡ് 900 ന്റെ എക്സ്-ഷോറൂം വില ഏകദേശം 9.38 ലക്ഷം ആണ്. എന്നാല്‍ ഈ കിഴിവ് കഴിഞ്ഞാല്‍ ബൈക്കിന്റെ വില 8.98 ലക്ഷമായി കുറയും. ഈ ഓഫര്‍ 2025 മെയ് 31 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ആണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും താങ്ങാനാവുന്ന വിലയുമുള്ള ഇന്‍ലൈന്‍-ഫോര്‍ നേക്കഡ് സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് ഇസെഡ് 900. ഒരു വലിയ എഞ്ചിനുള്ള സ്പോര്‍ട്സ് ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്കിടയില്‍ ഇത് പ്രത്യേകിച്ചും ജനപ്രിയമാണ്. ഈ ബൈക്കിന് ശക്തമായ എഞ്ചിനും മികച്ച പ്രകടനവുമുണ്ട്. 948 സിസി ഇന്‍ലൈന്‍-4 സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ആണ് ഇതിന് ലഭിക്കുന്നത്, ഇത് 123.6 ബിഎച്പി പവറും 98.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിന് 6 സ്പീഡ് ഗിയര്‍ബോക്സാണുള്ളത്.

◾  ''ഏത് പടം കഴിഞ്ഞാലും ബാക്കി കഥ എങ്ങനെയാകും എന്നൊക്കെ സബ്‌കോണ്‍ഷ്യസ് മൈന്‍ഡിലെങ്കിലും ഞാന്‍ ചിന്തിക്കാറുണ്ട്. ചില ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിച്ച് കടന്നുപോകുന്ന സിനിമകള്‍ ഇല്ലേ? ഉദാഹരണത്തിന് സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയെ കൊറിയര്‍ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ്സ് രണ്ടാളും പാസായിക്കാണുമോ? ഫാന്‍സ് ടാക്കീസ് എന്ന ഈ പുസ്തകം ഇത്തരം ചോദ്യങ്ങള്‍ക്കുമപ്പുറം ചില കാര്യങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ തിരയുന്ന ഒന്നാണ്.'' 'ഫാന്‍സ് ടാക്കീസ്'. മൃദുല്‍ ജോര്‍ജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 152 രൂപ.

◾  സിടി സ്‌കാന്‍ കാന്‍സറിന് കാരണമാകാമെന്ന് ജാമ ഇന്റേണല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ 2023 ല്‍ മാത്രം ഒരു ലക്ഷത്തോളം കാന്‍സര്‍ കേസുകള്‍ക്ക് പിന്നില്‍ സിടി സ്‌കാനില്‍ നിന്നുള്ള റേഡിയേഷന്‍ ആയിരുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2023-ല്‍ 62 ദശലക്ഷം ജനങ്ങളില്‍ 93 ദശലക്ഷം സിടി സ്‌കാനുകള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഓരോ വര്‍ഷവും രോഗനിര്‍ണയം നടത്തുന്ന പുതിയ കാന്‍സറുകളുടെ ഏകദേശം അഞ്ച് ശതമാനം സിടി സ്‌കാനുകള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യം, പൊണ്ണത്തടി പോലുള്ള കാന്‍സര്‍ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമായി സിടി സ്‌കാന്‍ മാറാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെയും കൗമാരക്കാരെയുമായി ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത, കാരണം ഇവരുടെ ശരീരം വികസിച്ചു കൊണ്ടിരിക്കുന്നതെയുള്ളൂ. മാത്രമല്ല, അയോണൈസിങ് റേഡിയേഷന്‍ മൂലമുണ്ടാകുന്ന ഏതെങ്കിലും തകരാറുകള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും പ്രകടമാവുക. ശ്വാസകോശാര്‍ബുദം, കോളന്‍ കാന്‍സര്‍, രക്താര്‍ബുദം തുടങ്ങിയവയാണ് സിടി സ്‌കാനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണയായ അര്‍ബുദങ്ങള്‍. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതയും കൂടുതലാണ്. മുതിര്‍ന്നവരില്‍ വയറ്റിലെ അവയവങ്ങളുടെയും പെല്‍വിസിന്റെയും സ്‌കാനുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ കുട്ടികളില്‍ തലയില്‍ നടത്തുന്ന സ്‌കാനുകളാണ് കൂടുതല്‍ അപകടം. പ്രത്യേകിച്ച് ഒരു വയസിന് താഴെ പ്രായമായ കുട്ടികളില്‍. സിടി സ്‌കാനുകള്‍ നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും. അനാവശ്യമായ സ്‌കാനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ന്യൂയോര്‍ക്കില്‍ നിന്ന് ധനികനായ ഒരു യാത്രക്കാരന്‍ യൂറോപ്പിലേക്ക് പോകുവാന്‍ വേണ്ടി കപ്പലില്‍ കയറി. രണ്ടു പേര്‍ക്ക് മാത്രമായുള്ള ഒരു cabin ലാണ് അയാള്‍ സീറ്റ് reserve ചെയ്തിരുന്നത്. തന്റെ cabin ല്‍ കയറിയപ്പോള്‍ അതില്‍ മറ്റൊരു യാത്രക്കാരനും കൂടി ഇരിക്കുന്നത് കണ്ടു. ധനികനായ യാത്രക്കാരന് സഹ യാത്രികന്റെ മട്ടും ഭാവവുമൊന്നും അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അയാളെ പരിചയപ്പെടാനുള്ള മനസ്സും ഇദ്ദേഹം കാണിച്ചതുമില്ല. അയാളോട് ഒന്നും സംസാരിക്കാതെ കൈയ്യിലുണ്ടായിരുന്ന പത്രത്തില്‍ കണ്ണും നട്ടിരുന്നു.
അല്‍പ്പ സമയം കഴിഞ്ഞ് ധനികന്‍ locker room ല്‍ പോയി തന്റെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം സൂക്ഷിപ്പ് കാരനെ ഏല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: 'സാധാരണയായി ഇത്തരം യാത്രകളില്‍ എന്റെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ഞാന്‍ തന്നെ സൂക്ഷിക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എന്റെ കാബിനിലുള്ള സഹ യാത്രികനെ എനിക്ക് അത്ര വിശ്വാസം പോരാ.' ലോക്കര്‍ റൂം സൂക്ഷിപ്പുകാരന്‍ സാധനങ്ങളെല്ലാം വാങ്ങി വെച്ചതിനു ശേഷം പറഞ്ഞു:  'സര്‍, അല്പം മുന്‍പ് താങ്കളുടെ സഹയാത്രികനും അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം ഇവിടെ ഏല്‍പ്പിക്കുമ്പോഴും ഇത് തന്നെയാണ് പറഞ്ഞത്' നമ്മളൊക്കെത്തന്നെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുന്‍വിധി എന്ന ദോഷത്തിന് അടിമകളാണ്. പരസ്പരം അറിയാതെയും മനസ്സിലാക്കാതെയും നമ്മള്‍ എത്രയോ പേരെ മോശക്കാരായി ചിത്രീകരിക്കാറുണ്ട്. മുന്‍വിധി അജ്ഞതയുടെ സന്തതിയാണ്.  മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങളെ ഒഴിവാക്കാന്‍ നമുക്ക് ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍