ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപിക്കുന്നു,’ യേശു അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു. മറ്റുള്ളവർക്കായി പീഡകൾ സഹിച്ച് കുരിശിലേറി.
സഹനത്തിന്റെ യാത്രയ്‌ക്കൊടുവിലായിരുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര. ചാട്ടവാറടികൾ, പരിഹാസങ്ങൾ. കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളിൽ നിന്ന് രക്ഷിച്ചു. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.
ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടക്കും. യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പ്രധാനമാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍