നാദാപുരത്ത് വീടുവിട്ടിറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി

കോഴിക്കോട് : നാദാപുരം വളയത്തെ ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് ആഷിദയെയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം ആഷിദ വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് ആഷിദയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു. പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം. ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍