കുഞ്ഞ് പറയുന്നത് പച്ചമലയാളം; ഓടിച്ചെന്ന് കണ്ടക്ടറുടെ കൈപിടിച്ചു; മാറാതെ അടുത്ത് നിന്നു.
കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിയെ പൊലീസ് വീട്ടുകാർക്ക് കൈമാറി. കുട്ടിനെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂർ സ്വദേശിനി ദേവിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടകീയ സംഭവങ്ങള്‍ നടന്നത്. ആ കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെ.എസ്.ആര്‍.ടി.സിലെ കണ്ടക്ടര്‍ അനീഷും പന്തളം പൊലീസും.
അനീഷിന്‍റെ കൃത്യമായ ഇടപെടലാണ് ആ കുരുന്നിനെ രക്ഷിച്ചത്. അടൂരിൽ നിന്നാണ് കുട്ടിനെയും കൊണ്ട് നാടോടി സ്ത്രീ കെ.എസ്.ആര്‍.ടി.സി ബസിൽ കയറിയത്. ബസില്‍ കയറിയതേ കുഞ്ഞ് ഓടിച്ചെന്ന് അനീഷിന്‍റെ കൈയില്‍ പിടിച്ചു. കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കുട്ടി സംസാരിക്കുന്നത് മലയാളവും കൂടെയുണ്ടായിരുന്ന സ്ത്രീ തമിഴും പറയുന്നത് കേട്ടപ്പോള്‍ അനീഷിന് സംശയമായി. ടിക്കറ്റ് എടുക്കാന്‍ പറഞ്ഞപ്പോള്‍ കാശില്ലെന്ന് മറുപടി. ഇതോടെ കുട്ടിനെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് അനീഷിന് ഏറെക്കുറേ ബോധ്യമായി. വണ്ടി നേരെ പന്തളം സ്റ്റേഷനരികിലേക്ക് അടുപ്പിച്ചു. രണ്ടുപേരെയും അവിടെ ഏല്‍പ്പിച്ചു.
കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പൊലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ളയാളാണ് കുട്ടിയുടെ അമ്മ. തിങ്കളാഴ്ച വൈകുന്നേരം ഇരുവരും കൊല്ലം ബീച്ച് കാണാനെത്തി. ഇവിടെനിന്ന് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജലജയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി കുളിപ്പിച്ച് പുത്തനുടുപ്പും ചെരിപ്പും കളിപ്പാട്ടങ്ങളും പൊലീസുകാര്‍ വാങ്ങികൊടുത്തു. രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അതുവരെ പൊലീസുകാര്‍ ആ കുഞ്ഞിനെ പൊന്നുപോലെ കാത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍