തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരിക്ക് പ്രതിരോധ വാക്‌സിൻ എടുത്തശേഷവും പേവിഷബാധ; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ


കോഴിക്കോട്: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

മാര്‍ച്ച് 29-നായിരുന്നു സംഭവം. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടി പേവിഷബാധയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതേസമയം, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഘട്ടത്തില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്നും തുടര്‍ന്ന് മറ്റ് ചികിത്സാ നടപടികള്‍ സ്വീകരിച്ചുവെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍