പ്രഭാത വാർത്തകൾ
2025 ഏപ്രിൽ 26 ശനി
1200 മേടം 13 ഉത്രട്ടാതി , രേവതി
1446 ശവ്വാൽ 27
◾ ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാര്‍ജറി ബസിലിക്കയില്‍ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഇന്ത്യന്‍ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയോടെ ആരംഭിക്കും. പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിലും പങ്കെടുക്കും.
◾ പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനിടെ 215 പാകിസ്ഥാനി പൗരന്‍മാര്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നും 416 ഇന്ത്യന്‍ പൗരന്‍മാര്‍ പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീസ റദ്ദാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മടക്കം. അതേസമയം ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
◾ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കുമെന്നും ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്നും ജല്‍ ശക്തി മന്ത്രി സിആര്‍ പാട്ടീല്‍. ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി നയം വ്യക്തമാക്കിയത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികള്‍ തീരുമാനിച്ചുവെന്നും നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
◾ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്‍. ഇതോടെ യുഎഇ-ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളില്‍ ഉണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
◾ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണെന്നും എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി പി എം മറുപടി പറയണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
◾ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ സൈബര്‍ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഭീകരക്രമണത്തിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം. എതിര്‍വശത്തെ വീടിന്റെ ഗേറ്റിനോടു ചേര്‍ന്നാണ് അജ്ഞാതര്‍ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു.
◾ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഐ മറന്നുവെന്ന് പരാതി. സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ കാനം രാജേന്ദ്രന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. വ്യാഴാഴ്ച നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ ആദരവ് നല്‍കുന്ന പരിപാടിയിലേക്ക് തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ പറഞ്ഞു.
◾ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്റെ മകനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾ മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2027 നുള്ളില്‍ മലേറിയ നിവാരണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
◾ സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കുകള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്.
◾ കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇനി മുതല്‍ സ്റ്റേജില്‍ ആര് ഇരിക്കണമെന്ന് മുന്‍കൂട്ടി വ്യക്തമാക്കി കസേരകളില്‍ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരന്‍ നിര്‍ദ്ദേശിച്ചു. അച്ചടക്കം അനിവാര്യമാണെന്നും ഇതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം വൈകുന്നതില്‍ സിബിഐ കൊച്ചി എസ്പിയ്ക്ക് പരാതി നല്‍കി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. എന്നാല്‍ രണ്ടാഴ്ച്ച പിന്നിട്ടിട്ടും സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണ് പരാതി.
◾ മലയാളം പറയാന്‍ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്ക് മലയാളം പറയാനും, മലയാളത്തില്‍ തെറിപറയാനും അറിയാമെന്നും മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അതേസമയം താന്‍ തൃശൂരില്‍ വളര്‍ന്നു പഠിച്ച ആളാണെന്നും രാജ്യം മൊത്തം സേവനം ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്റെ മകനാണെന്നും ഞാനിവിടെ വന്നിരിക്കുന്നത് ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ടു വരാനാണെന്നും ജനങ്ങള്‍ക്ക് വികസന സന്ദേശം നല്‍കാനാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
◾ തിരുവല്ല- ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാലത്തിന്റെ ഗര്‍ഡര്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രില്‍ 26 ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. വൈകുന്നേരം 7:55 മുതല്‍ ചില സര്‍വ്വീസുകള്‍ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
◾ രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവിഷ്‌കരിച്ച 'ബ്രേക്കിങ് ഡി' പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി.
◾ കാശ്മീരില്‍ നിന്ന് ഇനി കേരളത്തില്‍ മടങ്ങിയെത്താന്‍ ഉള്ളത് 295 പേരെന്ന് നോര്‍ക്ക. ഇതുവരെ 111 പേര്‍ തിരിച്ചെത്തിയിരുന്നു. 67 പേര്‍ ശ്രീനഗറില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോര്‍ക്ക അറിയിച്ചു. കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികള്‍ ശ്രീഗനറില്‍ കുടുങ്ങുകയായിരുന്നു.
◾ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയിലും പലക്കാട് കളക്ട്രേറ്റിലുമുള്‍പ്പെടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
◾ വാഴമുട്ടത്ത് ബാറിലെ സുരക്ഷ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേരെ കൂടി തിരുവല്ലം പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശിയും നിലവില്‍ പുഞ്ചക്കരി നിവാസിയുമായ ഷാരൂഖ്ഖാന്‍ (27), കല്ലിയൂര്‍ കാക്കാമൂല സ്വദേശി അഖില്‍ ചന്ദ്രന്‍(28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ കാസര്‍കോട് യുവാവ് സ്വര്‍ണവുമായി പിടിയില്‍. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈയ്യില്‍ നിന്ന് 60 പവനോളം വരുന്ന 480.9 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.
◾ അനധികൃത കച്ചവടത്തിനെതിരായി നടപടിയെടുക്കാനെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
◾ പത്തനംതിട്ടയില്‍ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുന്‍ ബിഎസ്എഫ് ജവാന്‍ കൂടിയായ വി ശശിധരന്‍പിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരന്‍ പിള്ളയെ ഗുരുതരാവസ്ഥയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കി.
◾ തൃശ്ശൂര്‍ വാടാനപ്പള്ളി നടുവില്‍ക്കരയില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പില്‍ പ്രഭാകരനേയും (82) ഭാര്യ കുഞ്ഞിപ്പെണ്ണിനേയും (72) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
◾ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ഇത്തരം ഹീനപ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും ഭീകരവാദത്തെ അടിയറവ് പറയിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍.പരിക്കേറ്റ് ചികിത്സയിലുള്ള വിനോദസഞ്ചാരികളെ ശ്രീനഗറിലെ കരസേനാ ആശുപത്രിയില്‍ ഇന്നലെ സന്ദര്‍ശിച്ച രാഹുല്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട .കുടുംബാംഗങ്ങളോടുള്ള സ്‌നേഹവും അറിയിച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
◾ വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയില്‍ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു.
◾ നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയില്‍ തിരിച്ചടി. കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് നിര്‍ദ്ദേശിച്ചു. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാന്‍ മാറ്റി.
◾ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക്. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിംഗ് ദില്ലിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ഇഖ്ബാല്‍ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്.
◾ ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ദിവസം 2.15 ഡോളറില്‍ അഥവാ183 രൂപ താഴെ മാത്രം വരുമാനം ലഭിക്കുന്നവരെയാണ് ലോകബാങ്ക് അതിദരിദ്രരായി കണക്കാക്കുക. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 29 ശതമാനമാണെന്നത് വെല്ലുവിളിയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
◾ ഹമാസിനെതിരേ രൂക്ഷവിമര്‍ശനവുമായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ബന്ദികളെ മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ നായകളുടെ സന്തതികള്‍ എന്നാണ് മഹമൂദ് അബ്ബാസ് വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
◾ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനം ഉണ്ടായത്.
◾ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കാരണക്കാരായവരെ വേട്ടയാടാന്‍ ഒപ്പമെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവ് തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ നിയമത്തിന് മുന്നില്‍ വരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച എക്സ് കുറിപ്പില്‍ തുള്‍സി പറഞ്ഞു.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും. ഈ ജയത്തോടെ 9 കളികളില്‍ നിന്ന് 6 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും 9 കളികളില്‍ നിന്ന് 4 പോയിന്റ് മാത്രമുള്ള ചെന്നൈ പത്താം സ്ഥാനത്തുമാണ്.
◾ സോഡ വിറ്റ് 1,500 കോടി രൂപ വരുമാനം നേടി ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള. പൊതു വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഡാറ്റകള്‍ ശേഖരിച്ച് തന്ത്രങ്ങള്‍ മെനയുന്നതാണ് കൊക്കകോളയുടെ കിന്‍ലി സോഡയുടെ വ്യാപക പ്രചാരണത്തിന്റെ അടിസ്ഥാനം. 20 വര്‍ഷങ്ങളിലേറെയായി ഇന്ത്യയില്‍ കിന്‍ലി സോഡ അവതരിപ്പിച്ചിട്ട്. ഇന്ത്യയിലെ 14 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഉല്‍പ്പന്നം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പാതയോരങ്ങളിലെ ചെറിയ കടകള്‍, പലചരക്ക് കടകള്‍, മാളുകള്‍ മുതല്‍ പ്രീമിയം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തന്ത്രമാണ് ഇവര്‍ സ്വീകരിക്കുന്നത്. നൂതനാശയങ്ങളിലൂടെയുളള പരസ്യങ്ങളാണ് കമ്പനി എപ്പോഴും നല്‍കുന്നത്. സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ബഹുരാഷ്ട്ര കമ്പനിയായ പെപ്സിയാണ് കൊക്കകോളയുടെ പ്രധാന എതിരാളി. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസും വന്‍ സാധ്യതകളുളള ഈ ശീതള പാനീയ വിപണിയില്‍ മത്സരം കടുപ്പിക്കുകയാണ്. 10 രൂപ വില തന്ത്രവുമായി കാമ്പ കോളയാണ് റിലയന്‍സ് അവതരിപ്പിച്ചിട്ടുളത്.
◾ ഏറെ ആകാംഷയുയര്‍ത്തുന്ന 'ആസാദി'യുടെ ട്രെയിലര്‍ റിലീസ് ആയിരിക്കുന്നു. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന അതിശക്തമായ അച്ഛന്‍ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോകുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്. സൈജു കുറുപ്പ്, വിജയകുമാര്‍,ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
◾ ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിനെ സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം വിക്രാന്ത് മാസി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന 'വൈറ്റ്' എന്ന ചിത്രം ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. രവിശങ്കറിന്റെ ലുക്കിലേക്ക് എത്താനായി മുടി നീട്ടി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് താരം. കൊളംബിയയുടെ 52 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിലെ ശ്രീ ശ്രീ രവിശങ്കറിന്റെ നിര്‍ണായക ഇടപെടലാകും സിനിമയില്‍ പറയുക. സിനിമയ്ക്കായി വിക്രാന്ത് രവിശങ്കറിന്റെ വീഡിയോകള്‍ കണ്ട് ശരീരഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലിഷ്, സ്പാനിഷ് താരങ്ങളും സിനിമയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുക്കുക. കൊളംബിയയില്‍ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. 2026ല്‍ ആകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും നാഗ്‌സില്ല, ഊഞ്ചായ് എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ആനന്ദും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
◾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടി ഒരു കാര്‍ ഡെലിവറി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മെഗാ ഇവന്റില്‍ ഒറ്റ ദിവസം തന്നെ 51 പ്രീമിയം ഇലക്ട്രിക് കാറുകളുടെ ഡെലിവറി നടത്തി എന്ന പേരിലാണ് ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ബി വൈ ഡി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ചത്. ബി വൈ ഡി യുടെ ഏറ്റവും പുതിയ വാഹനമായ സീലയണ്‍ 7 ബുക്ക് ചെയ്തവര്‍ക്കാണ് വിതരണം ചെയ്തത്. യൂറോ എന്‍ സി എ പി ഇടി പരീക്ഷയില്‍ 5 സ്റ്റാര്‍ നേടി കരുത്ത് തെളിയിച്ച സീലയണ് 48.9 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമാകുന്ന സീലയണ്‍ 7 ന്റെ ലോവര്‍ വേരിയന്റിലെ സിംഗിള്‍ മോട്ടോര്‍ 308 ബി എച്ച് പി കരുത്തും 380 എന്‍ എം ടോര്‍ക്കും നല്‍കും. പെര്‍ഫോമന്‍സ് വേരിയന്റിലെ ഡബിള്‍ മോട്ടോറുകള്‍ 523 ബി എച്ച് പി പവറും 690 എന്‍ എം ടോര്‍ക്കും നല്‍കുന്നവയാണ്. രണ്ടു വേരിയന്റുകളിലെയും ബാറ്ററി പായ്ക്കുകള്‍ ഒന്നുതന്നെയാണ്. 82.56 കിലോവാട്ട്അവര്‍ ബാറ്ററി, യഥാക്രമം 542 കിലോമീറ്ററും 567 കിലോമീറ്ററും റേഞ്ച് സമ്മാനിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോ വേരിയന്റിന് 48.9 ലക്ഷം രൂപ വില വരുമ്പോള്‍ പെര്‍ഫോമന്‍സ് വേരിയന്റിന് 54.9 ലക്ഷം രൂപയാണ് വില.
◾ കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രശസ്തനായ കവിയുടെ പ്രണയച്ചതികൊണ്ട് ഓരോ വരിയും ചുട്ടുപൊള്ളുന്ന പാടുന്ന പിശാച്, മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായ ജോണ്‍ എബ്രഹാമിന്റെ ജീവിതവും ദുരൂഹമായ മരണവും വിഷയമാകുന്ന ജോണ്‍കഥയിലെ വെള്ളില്‍പ്പറവ, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെല്ലപ്പനെന്ന കരുത്തുറ്റ കഥാപാത്രമായി വേഷംപകര്‍ന്ന സത്യന്‍ ഷൂട്ടിങ്ങിനിടയില്‍ ചവിട്ടിനിന്ന അടയാളക്കടലാസുകഷ്ണം എടുത്തു സൂക്ഷിച്ച, ആ മഹാനടന്റെ ആരാധകനായ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ രൂപംകൊള്ളുന്ന മഹാനടനം എന്നീ കഥകളുള്‍പ്പെടെ നരജന്മസന്ധ്യ, തകഴിയും ഞാനും, ഹൃദയതാരകം, നാടകാന്തം ജീവിതം, നന്ദി തിരുവോണമേ നന്ദി... തുടങ്ങി പതിനാലു കഥകള്‍. എഴുത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന വി.ആര്‍. സുധീഷിന്റെ കഥാസമാഹാരം. 'പാടുന്ന പിശാച്'. മാതൃഭൂമി. വില 127 രൂപ.
◾ ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അന്നനാളം, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുള്‍പ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാന്‍സറുകള്‍ വരാനുള്ള സാധ്യതയും അതുമൂലം അകാല മരണത്തിനുമുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാംസമാണ് കോഴിയിറച്ചി. എളുപ്പത്തില്‍ ലഭ്യമാകുന്നതും വിലക്കുറവുമാണ് ആഗോളതലത്തില്‍ ചിക്കന്റെ ഉപഭോഗം ഇത്രയധികം വര്‍ധിപ്പിക്കുന്നത്. മാത്രമല്ല, ചിക്കന്‍ ഒരു പ്രോട്ടീന്‍ സ്രോതസ്സായി മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹൃദ്രോഗ സാധ്യത കുറയിക്കുന്നതിനും ചിക്കന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്ന ആളുകള്‍ക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും നേരത്തെയുള്ള മരണവും കൂടുതലാണെന്നാണ് വ്യക്തമാക്കുന്നു. മാത്രമല്ല, ആഴ്ചയില്‍ 100 ഗ്രാമോ അതില്‍ കുറവോ ചിക്കന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. അതേസമയം ചിക്കന്റെ പരിമിതമായ ഉപഭോഗം ദോഷം ചെയ്യില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാകം ചെയ്യുന്നത് വളരെ അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
സീതാ സ്വയംവര വേളയില്‍ ശൈവചാപം മുറിക്കാന്‍ ഒരുങ്ങുന്ന ശ്രീരാമനോട് ശിവന്റെ സ്നേഹഭാജനമായ പരശു രാമന്‍ അഹങ്കാരത്തോടെ ചോദിച്ചു: 'എന്നേക്കാള്‍ വലിയ രാമനുണ്ടോ ഈ മൂന്നു ലോകങ്ങളിലും?' തികഞ്ഞ അഹങ്കാരത്തിന്റെതായ ചോദ്യമായിരുന്നു അതെങ്കിലും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളുടെയും സംഭവ പരമ്പരകളുടെയും ഒടുവില്‍ പരശുരാമന് തന്റെ തെറ്റ് മനസ്സിലാകുകയും ശ്രീരാമനെ വണങ്ങുകയും അനുഗ്രഹം വാങ്ങുകയും ചെയ്യേണ്ടി വന്നു. നമ്മുടെ ഇടയിലും ഇതുപോലെ അഹങ്കാരികളായ ധാരാളം പരശു രാമന്മാരെ കാണാന്‍ കഴിയും. 'എനിക്ക് ശേഷം പ്രളയം' എന്ന് കരുതുന്ന ധാരാളം പേരെ നാം നിത്യേന എന്നോണം കാണാറുമുണ്ട്. തന്നെക്കാള്‍ വലിയ കേമന്‍മാരില്ല എന്ന് ഇവര്‍ വീമ്പടിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇടയില്‍ ഇവര്‍ പരിഹാസ്യ പാത്രമാകുകയാണ് ചെയ്യുന്നത് എന്നവര്‍ തിരിച്ചറിയുന്നതേ ഇല്ല. ഈ ലോകത്തില്‍ ആരും അനിവാര്യരായിട്ടില്ല. എത്ര കേമന്‍മാരായാലും അവര്‍ മണ്മറഞ്ഞു പോയാല്‍ അവരെക്കാള്‍ കേമന്‍മാര്‍ വേറെ വന്നേക്കും. ഓരോ ശവഘോഷയാത്രക്ക് ശേഷവും ഈ ലോകം മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് നമുക്ക് ഓര്‍ക്കാം - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍