പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 9  ബുധൻ 
1200  മീനം 26 | മകം 
1446  ശവ്വാൽ 10
       
◾  അമേരിക്ക - ചൈന വ്യാപാരയുദ്ധം അതിരു കടക്കുന്നു. ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. അതേസമയം 70 ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ലോകത്തിന് അമേരിക്കയുടെ ആവശ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

◾  സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി.  സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന. അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനയില്ലാതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്നാണ് എംഎ ബേബിയുടെ മറുപടി.

◾  മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തനത്തിനായി ആകര്‍ഷകമായ പ്രതിഫലം നല്‍കി 'പ്രഫഷനല്‍ വിപ്ലവകാരി'കളെ സിപിഎം റിക്രൂട്ട് ചെയ്യാന്‍ തയ്യാറെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും മുഴുവന്‍സമയ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു മധുര പാര്‍ട്ടി കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

◾  തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന്  നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ കേസിലെ സുപ്രീം കോടതി വിധിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും  കേരള സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വര്‍ഷങ്ങളായി സ്വീകരിച്ച നിലപാടുകള്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തില്‍ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകന്‍. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

◾  കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്നും ചോദ്യംചെയ്യലിനായി വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

◾  പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും എന്നും മന്ത്രി പറഞ്ഞു.

◾  കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്.  

◾  ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വരുന്ന നോമ്പുകാലത്ത് കോഴിക്കോട് രാമനാട്ടുകര മുതല്‍ മലപ്പുറത്തെ എടപ്പാള്‍വരെ യാത്രചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ  നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ എത്തുന്നവര്‍ക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസിലാക്കാമെന്നും ഫിറോസ് പറഞ്ഞു.

◾  വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാണെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 

◾  സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്  ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസ്  തൊപ്പിയെ പറ്റി പറഞ്ഞാല്‍ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താന്‍ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

◾  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും ബിജെപിയെ താഴെ ഇറക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

◾  പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ തള്ളി എം വി ജയരാജന്‍ . വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടിയെക്കാള്‍ വലുതായി പാര്‍ട്ടിയില്‍ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോര്‍ഡ് വച്ചത്.

◾  അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കുട്ടികളുടേയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ മുതലായവരുടെ സേവനം  പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

◾  പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഇവര്‍ക്കൊക്കെ കേരളത്തോട് പരമപുച്ഛമാണെന്നും ഇവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

◾  രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച കൊല്ലം പത്തനാപുരത്തെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാല്‍, ഡ്രൈവര്‍ സി. മഹേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി സാമു മാത്യുവാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. മദ്യലഹരിയിലുള്ള പൊലീസുകാരെ നാട്ടുകാര്‍ തടയുന്നതും, പൊലീസുകാര്‍ ഇവരെ ജീപ്പുകൊണ്ട് തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

◾  ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് ആണ് മരിച്ചത്. ഒഴുക്കില്‍പെട്ട രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.

◾  പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി(101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരച്ചടങ്ങുകള്‍. വിജ്ഞാനത്തിന്റെയും അനുകമ്പയുടെയും പ്രകാശഗോപുരമായിരുന്ന ദാദി രത്തന്‍മോഹിനിയുടെ ജീവിതം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.

◾  എഡ്ടെക്  കമ്പനിയായ ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ, മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. തന്റെ നിരപരാധിത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയ ബൈജു, താന്‍ ശക്തമായി തിരിച്ചുവരുമെന്ന് എഫ്ഐആര്‍ എക്സില്‍ പോസ്റ്റ് ചെയ്ത ശേഷം വ്യക്തമാക്കി. ഞാന്‍ വെറും ഫ്ലവറല്ല, ഫയര്‍' ആണെന്ന് കുറിച്ചാണ് താന്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നത്.

◾  പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 36 പന്തില്‍ 87 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 47 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്കത്തിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 61 റണ്‍സ് നേടിയ നായകന്‍ അജിങ്ക്യ രഹാനെയും അവസാന ഓവറുകളില്‍ കത്തിക്കയറിയ റിങ്കു സിംഗും കൊല്‍ക്കത്തക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്നൗ ഉയര്‍ത്തിയ റണ്‍മല മറികടക്കാന്‍ കൊല്‍ക്കത്തക്കായില്ല.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന മറ്റൊരു ത്രില്ലര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 42 പന്തില്‍ 103 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ നാലാമത്തെ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈ പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്താണ്.

◾  കാമ്പ കോളയെ വിജയകരമായി മാര്‍ക്കറ്റിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസും. വെറും 18 മാസം കൊണ്ട് കാമ്പ കോളയുടെ വിറ്റുവരവ് 1,000 കോടി രൂപ പിന്നിടുകയും ചെയ്തു. പെപ്‌സിയും കൊക്കക്കോളയും കുത്തകയാക്കി വച്ച മാര്‍ക്കറ്റില്‍ കാമ്പ കോളയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് അവരെ മാര്‍ക്കറ്റ് പിടിക്കാന്‍ സഹായിച്ചത്. മറ്റ് കോള കമ്പനികള്‍ കൂടിയ വിലയിലുള്ള പാക്കറ്റുകള്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ 10 രൂപയ്ക്ക് കോള വിറ്റാണ് കാമ്പ ജനമനസില്‍ കയറിപ്പറ്റിയത്. 200 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയാണ് കാമ്പ ഈടാക്കുന്നത്. എതിരാളികളായ പെപ്‌സിയും കൊക്കക്കോളയും വില്ക്കുന്നതിന്റെ നേര്‍പകുതി വിലയ്ക്ക് വിപണിയിലെത്തിയതോടെ കഥമാറി. കോള പ്രേമികള്‍ കാമ്പയിലേക്ക് ചുവടുമാറ്റി. വില കുറച്ചു കൊടുത്താല്‍ ഇന്ത്യക്കാര്‍ വാങ്ങുമെന്ന അംബാനിയുടെ കണക്കുകൂട്ടല്‍ പിഴച്ചതുമില്ല. ചെറുകിട വില്പനക്കാര്‍ക്കുള്ള മാര്‍ജിനിലും അവര്‍ പിശുക്ക് കാണിച്ചില്ല. മറ്റ് കമ്പനികള്‍ 3.5 മുതല്‍ 5 ശതമാനം വരെ കമ്മീഷന്‍ നല്‍കിയ സ്ഥാനത്ത് റിലയന്‍സ് 6-8% മാര്‍ജിന്‍ വില്പനക്കാര്‍ക്ക് നല്‍കി. കൊക്കക്കോളയും പെപ്‌സിയും ചോദിച്ചു വന്നവര്‍ക്കു പോലും കാമ്പ കോള വില്ക്കാന്‍ കച്ചവടക്കാര്‍ മത്സരിക്കുന്നതിനും ഇത് കാരണമായി.

◾  ഭാവന, റഹ്‌മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'അനോമി'. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍ ആദ്യമായി മലയാളത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അനിമല്‍, കബീര്‍ സിംഗ്, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഐ ഐ എഫ് എ അവാര്‍ഡും ഹര്‍ഷവര്‍ദ്ധനായിരുന്നു. ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവന ആദ്യമായി നിര്‍മാണ പങ്കാളിയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് അനോമിയില്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് അനോമി. ഭാവനയ്ക്കും റഹ്‌മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

◾  'ജയ ജയ ജയ ജയഹേ', 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'വാഴ'. ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍ വിനായക്, അജിന്‍ ജോയ് എന്നിവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. അല്‍ഫോണ്‍സ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 40 കോടിയോളം നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

◾  2025 ഹീറോ കരിസ്മ എക്സ്എംആര്‍ 210 ഒടുവില്‍ ഇന്ത്യയില്‍ എത്തി. ബേസ്, ടോപ്പ്, കോംബാറ്റ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് നിര വരുന്നത്. യഥാക്രമം 1,81,400 രൂപ, 1,99,750 രൂപ, 2,01,500 രൂപ എന്നിങ്ങനെയാണ് വില. ടോപ്പ് വേരിയന്റിനേക്കാള്‍ 1,750 രൂപ മാത്രം കൂടുതലാണ്. പരിചിതമായ 210 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്, ഇത് 9,250 ആര്‍പിഎമ്മില്‍ 25.15 എന്‍എം പരമാവധി പവറും 7,250 ആര്‍പിഎമ്മില്‍ 20.4 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. പവര്‍ട്രെയിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ സ്റ്റാന്‍ഡേര്‍ഡായി സ്ലിപ്പര്‍ ക്ലച്ചും ഉണ്ട്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഹീറോ കരിസ്മ  എക്സ്എംആര്‍ 210 അതിന്റെ ഷാര്‍പ്പായിട്ടുള്ളതും സ്പോര്‍ട്ടിയുമായ സ്റ്റൈലിംഗ് നിലനിര്‍ത്തുന്നു. സില്‍വര്‍ ഗ്രാഫിക്സിനൊപ്പം സ്റ്റെല്‍ത്തി കോംബാറ്റ് ഗ്രേ പെയിന്റ് സ്‌കീമില്‍ പൂര്‍ത്തിയാക്കിയ കോംബാറ്റ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു.

◾  മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും, പ്രഭാഷകനും, ദാര്‍ശനികനുമായ സി. രാധാകൃഷ്ണന്‍ അദ്വൈതം, ഗീത, ഉപനിഷത്തുക്കള്‍ എന്നിവയിലൂന്നിയുള്ള തന്റെ വീക്ഷണത്തിലൂടെ പ്രപഞ്ചത്തേയും, മനുഷ്യനേയും സംബന്ധിക്കുന്ന ജീവന്‍, ജനനം, മരണം, സാംസ്‌കാരിത, ഭാഷ, മതം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ദേവതാ സങ്കല്‍പ്പം, വേദം, വേദാന്തം, മഹാവാക്യങ്ങള്‍, ഇതിഹാസങ്ങള്‍, അറിവുകള്‍, ദര്‍ശനങ്ങള്‍, ആധുനിക ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടത്തുന്ന വിശകലനങ്ങളുടെ അമൂല്യ ശേഖരം. 'അദ്വൈതവീക്ഷണം'. സി രാധാകൃഷ്ണന്‍. ഡ്രീംസ് ബുക്സ്. വില 380 രൂപ.

◾  രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 26% കുറയ്ക്കുമെന്ന് ജേണല്‍ ഓഫ് ന്യൂറോളജി, ന്യൂറോസര്‍ജറി & സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്, മോശം കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്ട്രോള്‍ (എല്‍ഡിഎല്‍-സി) കുറഞ്ഞ അളവില്‍ ഉള്ളവരില്‍ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നാണ്. തലച്ചോറിന്റെ ചിന്താപ്രക്രിയയെ ക്രമേണ ബാധിക്കുന്ന, ഓര്‍മ്മശക്തിയും യുക്തിബോധവും കുറയുന്ന ഒരു കൂട്ടം അവസ്ഥകളാണ് ഡിമെന്‍ഷ്യ. ഇത് തലച്ചോറിനെ വളരെ ഉയര്‍ന്ന നിരക്കില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നു. ഏറ്റവും സാധാരണമായ ഡിമെന്‍ഷ്യ തരം അല്‍ഷിമേഴ്സ് രോഗമാണ്, ഇത് പൊതുജനാരോഗ്യത്തിന് ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ദക്ഷിണ കൊറിയയിലെ ഡിമെന്‍ഷ്യ രോഗനിര്‍ണയം നടത്താത്ത 5,71,000 ആളുകളില്‍ നിന്നുള്ള ആരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധാരണയായി നിര്‍ദ്ദേശിക്കുന്ന സ്റ്റാറ്റിനുകള്‍ ഗുളികകള്‍ കഴിക്കുന്നത് അധിക സംരക്ഷണം നല്‍കുന്നതായും പഠനം കണ്ടെത്തി . കുറഞ്ഞ എല്‍ഡിഎല്‍-സി ഉള്ള പങ്കാളികളില്‍, സ്റ്റാറ്റിനുകള്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് അവ ഉപയോഗിച്ചവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 13% കുറവും അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത 12% കുറവുമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രാമത്തിലെ അമ്പലത്തിനടുത്തുള്ള ആല്‍ത്തറയില്‍ പുരാണ വ്യാഖ്യാനങ്ങളും സാരോപദേശ കഥകളുമൊക്കെ പറഞ്ഞുകൊടുക്കുന്ന ഒരു സന്യാസി ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ സാരോപദേശം നടക്കുന്നതിനിടയില്‍ അടുത്തുള്ള ഒരു നടപ്പാതയില്‍ക്കൂടി ഒരാള്‍ ഒരു പശുവിനെയും വലിച്ചുകൊണ്ട് നടക്കുന്നത് കാണാനിടയായി. അയാള്‍ പശുവിനെ മുന്‍പോട്ട് വലിക്കുന്നുണ്ടെങ്കിലും പശു അതിനനുസരിച്ചു നീങ്ങാതെ പുറകോട്ട് വലിയുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതു നോക്കിനിന്ന സന്യാസി തന്റെ  ശ്രോതാക്കളോട് ചോദിച്ചു:
'നിങ്ങളില്‍ ആര്‍ക്കെങ്കിലും അയാളെ ഒന്ന് സഹായിക്കാമോ?' ഒരാള്‍ ചാടി എഴുന്നേറ്റ് ഒരു കമ്പെടുത്ത് പശുവിനെ തല്ലി. പക്ഷേ പശുവിന് മാറ്റമൊന്നുമില്ല. അത് പുറകോട്ട് ആഞ്ഞു തന്നെ നിന്നു. മറ്റൊരാള്‍ സര്‍വശക്തിയുമെടുത്തു പശുവിനെ പിറകില്‍ നിന്ന് ഉന്തി നോക്കി. എന്നിട്ടും കാര്യമായ മാറ്റമൊന്നുമില്ല. വേറൊരാള്‍ പറഞ്ഞത് നല്ലൊരു മൂക്കുകയറിട്ട് വലിച്ചാല്‍ മതി എന്നാണ്. ഇത്രയുമായപ്പോള്‍ സന്യാസി തന്നെ ആല്‍ത്തറയില്‍നിന്ന് എഴുന്നേറ്റ് അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് കുറച്ചു വൈക്കോല്‍ സംഘടിപ്പിച്ച് അതുമായി പശുവിന്റെ മുന്‍പേ നടക്കാന്‍ തുടങ്ങി. വൈക്കോല്‍ കണ്ടപ്പോള്‍ പശു അത് കിട്ടുമെന്ന് ഉറപ്പിച്ച് സന്യാസിയെ അനുഗമിച്ചു മുന്നോട്ട് നടക്കാന്‍ തുടങ്ങി. സ്വന്തമായ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ മാത്രമേ അവരുടേതായ ഒരു വഴി തിരഞ്ഞെടുക്കാറുള്ളൂ. മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവരുടെ ഇഷ്ടപ്രകാരം യാത്ര തുടങ്ങിയാല്‍ പോലും കുറേ കഴിയുമ്പോള്‍ അത് സാവധാനത്തിലാകും. ക്രമേണ നിന്നുപോവുകയും ചെയ്യും. വഴികാട്ടി നടക്കുന്നവര്‍ അവര്‍ക്കിഷ്ടമുള്ള വഴികളിലൂടെ നടക്കുകയല്ല വേണ്ടത് മറിച്ച് പിന്നാലെ വരുന്നവര്‍ക്ക് നടക്കാന്‍ താല്പര്യമുള്ള വഴി ഏതാണെന്ന്  അന്വേഷിക്കുകയും വേണം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍