പെറുവിൽ 5,000 വർഷം പഴക്കമുള്ള സ്ത്രീയുടെ മമ്മി കണ്ടെത്തി

ലിമ: പെറുവിൽ 5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന്‌ കരുതുന്ന മമ്മി കണ്ടെത്തി. അക്കാലത്ത്‌ ഉയർന്ന പദവിയുണ്ടായിരുന്ന ഒരു സ്ത്രീയുടേതാണ് അവശിഷ്ടങ്ങളെന്ന്‌ പുരാവസ്തു ഗവേഷകനായ ഡേവിഡ് പലോമിനോ എഎഫ്‌പിയോട് പറഞ്ഞു. കാരലിലെ ആസ്പറോയിൽ നിന്നാണ് മമ്മി കണ്ടെത്തിയത്.

ബിസി 3,000 വർഷം പഴക്കമുള്ള മമ്മിയിൽ തൊലി, നഖങ്ങളുടെ ഒരു ഭാഗം, മുടി, തുണിത്തരങ്ങൾ എന്നിവ അടങ്ങിയിരുന്നുവെന്നും മക്കൗ തൂവലുകൾ കൊണ്ടുള്ള ഒരു ആവരണത്തിൽ പൊതിഞ്ഞിരുന്നുവെന്നും പലോമിനോ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയാണ്‌ മക്കൗ.

20 നും 35 നും ഇടയിൽ പ്രായവും 5 അടി ഉയരവുമുള്ള ഒരു സ്ത്രീയുടേതാണ്‌ മമ്മിയെന്നും ഉയർന്ന സാമൂഹിക പദവിയെ പ്രതിനിധീകരിക്കുന്ന ശിരോവസ്ത്രം ധരിച്ചിരുന്നതായും പ്രാഥമിക നിരീക്ഷണത്തിൽ നിന്ന്‌ മനസിലാക്കാൻ സാധിച്ചതായി ഗവേഷകർ പറഞ്ഞു.
"അക്കാലത്ത്‌ ഭരണാധികാരികൾ പുരുഷന്മാരായിരുന്നെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ സ്ഥാനമുണ്ടായിരുന്നെന്നും പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും കാരൽ നാഗരികതയിൽ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്" എന്നാണ്‌ തെളിവുകൾ സൂചിപ്പിക്കുന്നതെന്ന്‌ പലോമിനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലെ സംസ്കാരങ്ങളും നാഗരികതയും വികസിച്ച സമയത്താണ് കാരൽ സമൂഹം വികസിച്ചത്. ലിമയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ (113 മൈൽ) വടക്കും പസഫിക് സമുദ്രത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുമായി ഫലഭൂയിഷ്ഠമായ സൂപെ താഴ്‌വരയിലാണ് ഈ നഗരം. 2009 ൽ കാരൽ ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍