വയനാട് ചുരത്തിലെ റോപ് വേ പദ്ധതി; ആറ് സീറ്റുള്ള കേബിൾ കാർ, മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാം, അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40ഓളം ടവറുകൾ
തിരുവനന്തപുരം: താമരശ്ശേരി ചുരം റോപ് വേ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) നടപ്പാക്കാൻ കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി വരെ 3.67 കിലോമീറ്റർ ദൂരത്തിലാണ് ഏകദേശം 100 കോടി
രൂപയുടെ പദ്ധതി.
2023 ഒക്ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ 37-ാമത് യോഗത്തിലാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതിക്കുള്ള നിർദേശം വെസ്റ്റേൺ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ട് വെച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിർദേശപ്രകാരം പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എം.ഡിയെ ചുമതലപ്പെടുത്തിയിരുന്നു.
പി.പി.പി മോഡലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ജൂണിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി ഒരേക്കറാണെന്നും അത് വിട്ടുനൽകാൻ തയാറാണെന്നും കമ്പനി സർക്കാറിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പൊതു സ്വകാര്യ പങ്കാളിത്ത മോഡിൽ നടപ്പാക്കാൻ സർക്കാർ കെ.എസ്.ഐ.ഡി.സിക്ക് തത്വത്തിൽ അനുമതി നൽകിയത്. ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നതിനും അതിനുശേഷം ഭൂമി കെ.എസ്.ഐ.ഡി.സിക്ക് കൈമാറുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്.
അടിവാരം-ലക്കിടി ടെർമിനലുകളോട് അനുബന്ധിച്ച് പാർക്കിങ്, പാർക്ക്, സ്റ്റാർ ഹോട്ടൽ, മ്യൂസിയം കഫ്റ്റീരിയ, ഹോട്ടൽ ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും
പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്ന ആറ് സീറ്റുള്ള എ.സി കേബിൾ കാറായിരിക്കും ഉപയോഗിക്കുക. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ഓളം ടവറുകൾ സ്ഥാപിച്ചാണ് റോപ് വേ. ഇപ്പോൾ അടിവാരം മുതൽ ലക്കിടി വരെ ചുരത്തിലൂടെ യാത്രചെയ്യാൻ കുറഞ്ഞത്
40 മിനിറ്റ് സമയം ആവശ്യമുള്ളിടത്ത്
ഒരുവശത്തേക്കുള്ള യാത്രക്ക് 15 മിനിറ്റ് മതിയാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്