MDMA വാങ്ങാൻ പണം നൽകിയില്ല, മാതാപിതാക്കളെ ആക്രമിച്ച് യുവാവ്
മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇതേത്തുടർന്ന് താനൂർ സ്വദേശിയായ യുവാവിനെ നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചു. നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കാലങ്ങളായി എംഡിഎംഎ ഉപയോഗിക്കുന്നയാളാണ് ഇയാളെന്നാണ് വിവരം.
ലഹരി വാങ്ങാൻ പണം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ യുവാവ് പിതാവിനോടുതന്നെ നേരിട്ട് പണം ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ഇയാൾ മാതാപിതാക്കൾക്കുനേരെ തിരിയുകയായിരുന്നു. മൺവെട്ടികൊണ്ടാണ് ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ടുവന്നപ്പോളാണ് മാതാവിനെയും ഇതേ മൺവെട്ടി ഉപയോഗിച്ച് യുവാവ് ആക്രമിച്ചത്. പിന്നാലെ വല്യമ്മയ്ക്കുനേരെയും ഇയാൾ ആക്രമണംനടത്തി.
സംഭവങ്ങളുടെ ശബ്ദം കേട്ട് നാട്ടുകാരും അയൽവാസികളും ഓടിയെത്തി യുവാവിനെ പിടികൂടി കൈകാലുകൾ കെട്ടിയിടുകയായിരുന്നു. നാട്ടുകാർ വന്നതുകൊണ്ടുമാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ആക്രമണമേറ്റ മൂന്നുപേരും പറഞ്ഞു. തുടർന്ന് താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
ലഹരി ഉപയോഗം നിർത്താൻ പലതവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ഡീ അഡിക്ഷൻ സെന്ററിലേക്ക് പോകുംവഴി യുവാവ് പോലീസിനോടുപറഞ്ഞു. ലഹരി തന്റെ ജീവിതം തകർത്തെന്നും യുവാവ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍