ഹോൺ മുഴക്കിയതിന് പ്രകോപിതനായി; ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു

മലപ്പുറം: ഹോൺ മുഴക്കിയതിന് പ്രകോപിതനായ ലഹരിക്കേസ് പ്രതി കാർ യാത്രികനെ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് തൃത്താല വി കെ കടവ് സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിൽ ചങ്ങരംകുളത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രതി ഇർഷാദിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഇർഷാദിനൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഹോൺ മുഴക്കിയതിനെ തുടർന്ന് പ്രതി ഇർഷാദിനെയും കുടുംബത്തെയും അസഭ്യം പറ‍ഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു. പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോമ്പ് തുറക്കാൻ പോകുന്നതിനിടയിലാണ് സംഭവമുണ്ടായത്. തന്നെയും കുടുംബത്തെയും പ്രതി അസഭ്യം പറഞ്ഞിരുന്നതായും ഇർഷാദ് റിപ്പോർട്ടറിനെ പറഞ്ഞു. പ്രതി ഒരു കിലോമീറ്ററോളം കാറിനെ പിൻന്തുടർന്നു. പ്രതിയുടെ പ്രവർത്തിയിൽ കുടുംബം ഭയന്ന് പോയിരുന്നു. സുമേഷ് എന്നയാളാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും ഇർഷാദ് പറ‍‍ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍