വിഷു വരവിന് വിളംബരമായി നാടെങ്ങും കണിക്കൊന്നകൾ പൂത്തു

കോരങ്ങാട് ഹൈസ്കൂളിന് സമീപം പൂത്തുലഞ്ഞ കണിക്കൊന്ന

താമരശ്ശേരി : കത്തുന്ന ചൂടിലും വിഷുവിന്റെ വരവിന് വിളംബരമായി നാടെങ്ങും കണിക്കൊന്നകൾ പൂത്തു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിന് ആഴ്ചകൾ ബാക്കി നിൽക്കെയാണ് താമരശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽ കൊന്നപ്പൂക്കൾ നിറഞ്ഞത്.  മിക്ക കണിക്കൊന്ന മരങ്ങളും മഞ്ഞവസന്തം തീർത്ത് പൂചൂടിക്കഴിഞ്ഞു. ഐശ്വര്യത്തിന്റെ പൊൻകണിയൊരുക്കി .  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിഷുവിന് വളരെ നാൾ മുമ്പ് തന്നെ ഇക്കുറി താമരശ്ശേരിയിൽ കൊന്നകൾ പൂത്ത് തുടങ്ങിയിരുന്നു. മേടപ്പുലരിക്ക് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ വിഷുക്കണിയിലെ പ്രധാന താരമായ കൊന്നപ്പൂക്കൾ കൊഴിയാനുള്ള സാധ്യതയേറെയാണ്. അങ്ങനെ വന്നാൽ ഇക്കൊല്ലം കണികാണാൻ വരവ് പൂക്കളെയോ, പ്ലാസ്റ്റിക് പൂക്കളെയോ ആശ്രയിക്കേണ്ടിവരും. നഷ്ടമാകുന്ന കാർഷിക സംസ്കൃതിയെയും ഓരോ കണിക്കൊന്നയും ഓർമപ്പെടുത്തുന്നു. കർണികാരം എന്നും പേരുള്ള കണിക്കൊന്ന വിഷുക്കണി ഒരുക്കുന്നതിന് നിർബന്ധമാണ്. മുമ്പ് വിഷുവിന്റെ വരവറിയിച്ച് മീന മാസത്തിലായിരുന്നു പൂവിട്ടിരുന്നത്. അതേസമയം കാലംതെറ്റി നേരത്തേ പൂക്കുന്ന കണിക്കൊന്നകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൊടുംവേനലിന്റെയും സൂചനയാണെന്ന് പഴമക്കാർ മുന്നറിയിപ്പ് നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍