നടപടിയെടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു'; പോലീസിനെതിരേ ഷിബിലയുടെ കുടുംബം

താമരശ്ശേരി: പോലീസിനെതിരേ പരാതിയുമായി ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ കുടുംബം. ഭർത്താവായ യാസിറിനെതിരേ കഴി‍ഞ്ഞമാസം 20-ന് പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യുവതിയുടെ പിതാവ് അബ്ദുൽ റഹീമിന്റെ ആരോപണം. നടപടിയെടുത്തിരുന്നുവെങ്കിൽ തങ്ങളുടെ മകൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ല. പോലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിച്ചു. പിന്നീട് യാതൊരു നടപടിയും പോലീസ് എടുത്തില്ല. നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. പോലീസിൻ്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി കൊടുക്കുമെന്നും പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഷിബിലയുടെ പിതാവ് വ്യക്തമാക്കി.

യാസിർ പല തവണ കുടുംബത്തിനെതിരേ വധഭീഷണി മുഴക്കിയിരുന്നു. മദ്യപിച്ചശേഷം യാസിർ ഷിബിലയെ മർദിക്കുമായിരുന്നു. ലഹരി ഉപയോഗിച്ച് ശാരീരികമായ ഉപദ്രവവും ഉണ്ടായി. പ്രതിയുടെ കുടുംബാംഗങ്ങളും വീട്ടിവെച്ച് ഷിബിലയെ ഉപദ്രവിച്ചിരുന്നു. ഷിബിലയുടെ സഹോദരിയുടെ വീട്ടിൽ എത്തിയും യാസിർ പ്രശ്നങ്ങൾ ഉണ്ടാക്കി. യാസിർ നന്നാകുമെന്നായിരുന്നു പ്രതീക്ഷ. യാസിറിന്റെ മാതാപിതാക്കളാണ് എല്ലാത്തിന്റെയും ഉത്തരവാദികൾ'-അബ്ദുൽ റഹീം കൂട്ടിച്ചേർത്തു.

കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്.

പ്രണയിച്ച് വിവാഹംകഴിച്ചിരുന്ന ഷിബിലയും യാസിറും കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരുമാസമായി അകന്നുകഴിയുകയായിരുന്നു. കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസിര്‍ കുത്തിയത്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവന്‍ രക്ഷിക്കാനായില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍