പ്രഭാത വാർത്തകൾ
2025 മാർച്ച് 17 തിങ്കൾ
1200 മീനം 3 ചിത്തിര
1446 റമദാൻ 16
◾ ലഹരിക്കെതിരെ നാടുണരുന്നു. ശക്തമായ നടപടിക്ക് സര്‍ക്കാര്‍. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.
◾ സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തില്‍ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്.
◾ രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജന്‍സികള്‍ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സംഘത്തെ അഭിനന്ദിച്ചു.
◾ ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി-ബാച്ചിലെ 118 സബ്ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് അനുരാജിനെ പിടികൂടിയത്. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
◾ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന ചെന്നൈയിലെ പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു.മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം.
◾ ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ഇന്നലേയും മയക്കുവെടി വെക്കാന്‍ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എന്‍.രാജേഷ് പറഞ്ഞു. ശനിയാഴ്ച രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടുവക്കായുള്ള തെരച്ചില്‍ ഇന്നും തുടരുമെന്നും കടുവയെ കണ്ടാല്‍ മയക്കു വെടി വെക്കാന്‍ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു.
◾ കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നേരത്തെയുള്ള പാക്കേജില്‍ മതിയായ സംരക്ഷണം ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാല്‍ സബ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി. രാജീവ് മുന്‍കൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നല്‍കിയത്.
◾ സര്‍ക്കാറിന്റെ വരുമാന സ്രോതസ്സുകളില്‍ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷന്‍ വകുപ്പ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. 2023-24ല്‍ 5013.67 കോടി രൂപയായിരുന്നു വരുമാനം. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ജില്ലകളില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
◾ കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
◾ വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി. ഉരുള്‍പൊട്ടല്‍ നേരിട്ട നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയില്‍ നിന്ന് പുറത്തായി. ദുരിതബാധിതരായ 53 കുടുംബങ്ങളില്‍ 21 പേര്‍ മാത്രമാണ് പട്ടികയിലുളളത്. 15 ലക്ഷം പൂപയുടെ പാക്കേജില്‍ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്. അര്‍ഹരായ പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വ്യാപക പരാതിയാണ് വിലങ്ങാട് നിന്നുയരുന്നത്.
◾ അധ്യാപകനെ തരൂവെന്ന മുദ്രാവാക്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്. 230 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൂന്ന് അധ്യാപകര്‍ മാത്രമാണ് ആകെയുള്ളത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി എം എല്‍ ടിക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി എസ് സി മെഡിക്കല്‍ ലാബോട്ടറി ടെക്നോളജി വിദ്യാര്‍ത്ഥികളാണ് സമരത്തിനിറങ്ങുന്നത്.
◾ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആര്‍. രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി. റസ്സലിന്റെ പിന്‍ഗാമിയായാണ് ടി.ആര്‍. രഘുനാഥന്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
◾ കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എല്‍ഇഡി വാളില്‍ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു. സംഘാടകര്‍ക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയര്‍ന്ന വിവാദങ്ങളില്‍ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
◾ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദമാക്കുന്നത്.
◾ മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ എടുത്തു കൊണ്ട് പോയ കേസില്‍ ആക്രി കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ടിന്റെ പരാതിയിലാണ് യുപി സ്വദേശി ഈശ്വര്‍ ചന്ദിന്റെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒരു സംഘം ആള്‍ക്കാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ഈശ്വര്‍ ചന്ദ് മൊഴി നല്‍കിയിരുന്നു.
◾ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എന്‍ ശക്തന്‍ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.
◾ മഹാരാജാസ് കോളേജിലെ കെഎസ് യുവിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റും കെഎസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് നിയാസ് പരാതിയില്‍ ആരോപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പൊലീസിലെ സമീപിക്കുമെന്നും വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുമെന്നും നിയാസ് പരാതിയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
◾ പുനലൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടര്‍ക്ക് യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്. മുന്‍ ഡിഎംഒയും നിലവില്‍ പുനലൂര്‍ പ്രണവം ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുമായ പുഷ്പാംഗതനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി പുനലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
◾ വ്യാജ എല്‍എസ്ഡി കേസില്‍ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നല്‍കിയത്. തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞുവെന്നും കേസില്‍ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകര്‍ന്നുവെന്നും പറഞ്ഞു.
◾ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് കോഴിക്കോട് കോവൂരില്‍ ഇന്നലെ രാത്രി ഒരാളെ കാണാതായി. കോവൂര്‍ സ്വദേശി ശശി (60) ആണ് ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ശശി കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നുഎന്നാണ് പ്രാഥമികമായി അനുമാനിക്കുന്നത്. 2 കിലോമീറ്ററോളം ദൂരം ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
◾ വൈക്കം വെച്ചൂര്‍ ചേരംകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടവെച്ചൂര്‍ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
◾ കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
◾ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാര്‍ രാത്രിയില്‍ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍ (57), സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. തിരുവില്വാമലയിലെ കുത്താമ്പുള്ളിയില്‍ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
◾ താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് മാര്‍ച്ച് പതിനൊന്നാം തിയതി മുതല്‍ കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. 14-ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെണ്‍കുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ബന്ധുവായ യുവാവിനെയും ദൃശ്യങ്ങളില്‍ കാണാം.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിലാണ് മൂന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റില്‍ ആര്‍എസ്എസിനെയും പ്രധാനമന്ത്രി പുകഴ്ത്തി. ഇതിനെല്ലാം പുറമെ തന്റെ ചെറുപ്പകാലത്തേക്കുറിച്ചും പിതാവിന്റെ അച്ചടക്കത്തേക്കുറിച്ചും അമ്മയുടെ ത്യാഗങ്ങളേക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി പോഡ് കാസ്റ്റില്‍ മനസുതുറക്കുന്നുണ്ട്
◾ കര്‍ണാടകയില്‍ യുവ നടി രന്യ റാവു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൌസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേന്‍ എംഡി പദവിയില്‍ നിന്നാണ് കെ. രാമചന്ദ്ര റാവു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. 12.56 കോടി വില വരുന്ന 1850 പവന്‍ സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിനാണ് യുവനടി അറസ്റ്റിലായത്.
◾ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍.ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.
◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെളിപ്പെടുത്താതെ ഇടയ്ക്കിടെ യാത്ര ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. വെളിപ്പെടുത്താത്ത ഇത്തരം യാത്രകള്‍ പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും ദേശീയ സുരക്ഷക്ക് ആശങ്കയാണെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ പോലും അദ്ദേഹം ഇത്രയും സമയം ചെലവഴിച്ചിട്ടില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
◾ ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും.
◾ മഹാരാഷാട്രയില്‍ മഹായുതി സര്‍ക്കാരിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. ഇടഞ്ഞു നില്‍ക്കുന്ന ഏക്‌നാഥ് ഷിന്ദെയെയും എന്‍സിപി അജിത് പവാര്‍ പക്ഷത്തേയും സഖ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്‌നാഥ് ഷിന്ദെയും അജിത് പവാറും കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ ഇരുവര്‍ക്കും തവണ വ്യവസ്ഥയില്‍ മുഖ്യമന്ത്രിയാകാമെന്ന് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ വാഗ്ദാനം നല്‍കി.
◾ സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തില്‍ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ് എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് ഇഷ്ടമില്ലാത്തവര്‍ ആണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രവിഹിതം തരാത്ത ധനമന്ത്രി ആണ് തമിഴ്നാടിനെ വിമര്‍ശിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ തന്നെ തമിഴിലെ 'രൂ 'ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
◾ അമേരിക്കയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയി. മിസോറിയില്‍ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്.
◾ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം നേടി ഇന്ത്യന്‍ മാസ്റ്റേഴ്‌സ്. ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 50 പന്തില്‍ 74 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സെടുത്തു.
◾ ഭവനവായ്പകള്‍ ഏറ്റവും കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനല്‍ ഹൗസിങ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങള്‍ ഭവനവായ്പ നല്‍കിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ ലഭ്യമായത് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ്. ആകെ ഭവനവായ്പകളുടെ 91 ശതമാനവും കേരളമടക്കം 14 സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 2023-24ല്‍ അനുവദിച്ച ഭവനവായ്പ 25,144 കോടി രൂപയാണ്.
◾ ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം 'എംപുരാന്‍' നേരത്തെ തീരുമാനിച്ചതു പ്രകാരം മാര്‍ച്ച് 27ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍. എംപുരാന്‍ കേരളത്തില്‍ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് തിയേറ്ററുകളില്‍ എത്താന്‍ വൈകുമെന്ന രീതിയില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
◾ തിയറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ പോയ ചിത്രമാണ് കങ്കണ റണൗത്ത് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'എമര്‍ജന്‍സി'. ഹിസ്റ്റോറിക്കല്‍ ബയോഗ്രഫിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയാണ് കങ്കണ എത്തിയത്. 60 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. തിയറ്ററില്‍ പരാജയപ്പെട്ട ചിത്രം പക്ഷേ ഒടിടി ഡീല്‍ കൊണ്ട് കങ്കണയുടെ സാമ്പത്തിക ഭാരം കുറച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരുന്നത്. ഒടിടി റൈറ്റ്സ് ഇനത്തില്‍ ചിത്രം നേടിയിരിക്കുന്ന തുക 80 കോടിയാണ്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഒടിടി റൈറ്റ്സ് തുകകളില്‍ ഒന്നുമാണ് ഇത്.
◾ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസ് ഫെയ്സ്ലിഫ്റ്റ് ചെയ്ത ലെക്‌സസ് ആര്‍ഇസെഡ് ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിച്ചു. അപ്‌ഡേറ്റ് ചെയ്ത ആര്‍ഇസെഡ് വരുന്ന ഏറ്റവും കൗതുകകരമായ പുതിയ സാങ്കേതികവിദ്യകളിലൊന്നാണ് കമ്പനിയുടെ ഇന്ററാക്ടീവ് മാനുവല്‍ ഡ്രൈവ് സിസ്റ്റം. വെര്‍ച്വല്‍ മാനുവല്‍ ഗിയര്‍ബോക്സ് എന്നും അറിയപ്പെടുന്ന ഇന്ററാക്ടീവ് മാനുവല്‍ ഡ്രൈവ് സിസ്റ്റം, പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ ഗിയര്‍ മാറ്റാന്‍ ഡ്രൈവര്‍മാരെ അനുവദിക്കുന്നു. എങ്കിലും ക്ലച്ച് പെഡല്‍ ഇല്ല. ഡ്രൈവിംഗ് അനുഭവം കൂടുതല്‍ ആകര്‍ഷകവും ആഴത്തിലുള്ളതുമാക്കുന്നതിനായി ഡ്രൈവറുടെ പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് എഞ്ചിന്റെ സിമുലേറ്റഡ് ശബ്ദങ്ങളും വൈബ്രേഷനുകളും സിസ്റ്റം സൃഷ്ടിക്കുന്നു. മാനുവല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇവിയുടെ ലീനിയര്‍ ആക്സിലറേഷനും ഡ്രൈവര്‍ ഇടപെടലും തമ്മില്‍ ഒരു ബന്ധം സൃഷ്ടിക്കുക എന്നതാണ് സാങ്കേതികവിദ്യയുടെ ലക്ഷ്യം.
◾ മലയോരഗ്രാമങ്ങളിലെ മനുഷ്യരുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ഭൂമാഫിയയും അവരുടെ ചൊല്‍പ്പടിക്കാരും ചേര്‍ന്ന് അരങ്ങേറ്റുന്ന മന്ത്രങ്ങളും തന്ത്രങ്ങളും നീചപ്രവൃത്തി കളും. അതിന്റെ ആഘാത ത്തില്‍ നീറി നീറി ജീവിക്കുന്ന; അതിജീവനത്തിനായി അഹോരാത്രം പ്രയത്നി ക്കുന്ന ഒരു ഗ്രാമം, പോര്‍മു ഖത്തേക്കെത്തുമ്പോള്‍ അവരില്‍ ആശങ്കയുണര്‍ത്തുന്ന ചില രംഗപ്രവേശങ്ങള്‍. ആദ്യാവസാനം ഉദ്വേഗമുണര്‍ത്തുന്ന എന്നാല്‍ അതിലളിതമായ, അതിനൂതനമായ രചനാരീതി. 'കഴുകന്‍ കുന്ന്'. വി.ടി വാസുദേവന്‍. ക്ലിക്ക് കമ്മ്യൂണിക്കേഷന്‍. വില 199 രൂപ.
◾ മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാന്‍ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. പൊണ്ണത്തടിയുള്ള ഹൃദ്രോഗികളില്‍ തടി കുറയ്ക്കാനുള്ള പരിശ്രമം ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. യുകെ ബയോബാങ്ക് നിന്ന് 8,297 പേരുടെ ഡാറ്റ 14 വര്‍ഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്. സ്ഥിരമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വര്‍ധിച്ചവരില്‍ ഹൃദയ സംബന്ധമായ മരണ സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. എന്നാല്‍ ശരീരഭാരം ദ്രുതഗതിയില്‍ 10 കിലോ?ഗ്രാം വരെ കുറച്ചവരില്‍ മരണ സാധ്യത 54 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ശരീരഭാരം കുറയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും ശരീരഭാരത്തിലെ ദ്രുതഗതിയിലുള്ളതോ തീവ്രമായതോ ആയ മാറ്റങ്ങള്‍ ദോഷകരമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മര്‍ദത്തിനോ കാരണമാകുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായ മെഡിക്കല്‍ മേല്‍നോട്ടം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്രമാനുഗതവും സുസ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
മോഷണം ഭയന്ന് തന്റെ സ്വത്തുക്കളെല്ലാം കാട്ടിനുളളിലെ വലിയൊരു അറയിലാണ് രാജാവ് സൂക്ഷിച്ചിരുന്നത്. രണ്ടു താക്കോലുകളില്‍ ഒന്ന് രാജാവിന്റെ കയ്യിലും മറ്റൊന്ന് വിശ്വസ്തനായ മന്ത്രിയുടെ കയ്യിലും. ഒരു ദിവസം രാജാവ് ആരുമറിയാതെ തന്റെ നിക്ഷേപം കാണാന്‍ അറക്കുള്ളിലെത്തി. സ്വന്തം സ്വര്‍ണ്ണവും നിധികൂമ്പാരങ്ങളും കണ്ട് രാജാവിന്റെ തന്നെ കണ്ണ് മഞ്ഞളിച്ചു. അപ്പോഴാണ് അവിചാരിതമായി മന്ത്രി ആ വഴിയെത്തിയത്. അറയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് മന്ത്രി ഭയപ്പെട്ടു. കഴിഞ്ഞ ദിവസം താന്‍ അടയ്ക്കാന്‍ മറന്നതാകുമെന്ന് കരുതി, മന്ത്രി അറയുടെ സുരക്ഷാവാതില്‍ പൂട്ടി തിരിച്ചുപോയി. രാജാവിനെ പിന്നെയാരും കണ്ടതേയില്ല.. സ്വന്തം നിക്ഷേപങ്ങളുടെ കെണിയിലകപ്പെടുക എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ പരാജയം. എന്തൊക്കെ സമ്പാദിച്ചോ അവയൊന്നും ഉപകരിക്കാതെ പോവുക, എവിടെയല്ലാം നിക്ഷേപിച്ചോ അതെല്ലാം നഷ്ടപ്പെടുക, എത്രയധികം വാരിക്കൂട്ടിയോ അതിനുളളില്‍ കിടന്ന് ശ്വാസം മുട്ടുക. ഇവയെക്കാള്‍ ദയനീയമായ നാശനഷ്ടം വേറെയില്ല. പണം മാര്‍ഗ്ഗം മാത്രമാണ്, ലക്ഷ്യമല്ല. എന്തൊക്കെ സമ്പാദിച്ചു എന്നതിലല്ല. സമ്പാദ്യങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിലാകട്ടെ ജീവിതത്തിന്റെ സമ്പൂര്‍ണ്ണത. - ശുഭദിനം.
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍