പ്രഭാത വാർത്തകൾ

2025 | മാർച്ച് 4 | ചൊവ്വ 
1200 | കുംഭം 20 |  ഭരണി l 1446 l റമദാൻ 03
      
◾ സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു. സംസ്ഥാനത്ത് ലഹരി ഉപയോഗവും അക്രമങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയവിയോജിപ്പു മറന്ന് ഒന്നിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുന്നത്. സാമൂഹികവിപത്തിനെതിരേ ഒന്നിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ചര്‍ച്ചയാകാമെന്നും  മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളിലെ വീഴ്ചയും വിയോജിപ്പും ചര്‍ച്ചയില്‍ പ്രകടിപ്പിച്ചെങ്കിലും ലഹരിക്കെതിരേ കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാരിറങ്ങിയാല്‍ ഒപ്പംനില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പ് നല്‍കി.

◾ സമീപ കാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണെന്നും പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണെന്നും ഒരു ചര്‍ച്ച കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ഒരു ഭാഗം നിയമ നടപടിയാണെന്നും അത് കര്‍ശനമായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്നം മാത്രം അല്ലെന്നും രാഷ്ട്രീയമായി ചുരുക്കി കാണേണ്ടതല്ലെന്നും കുട്ടികളില്‍ ഉണ്ടാകുന്ന അക്രമോത്സുകത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

◾ കേരളത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തിന്റേയും അക്രമ പരമ്പരകളേയും കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന വിളിയില്‍ പ്രകോപിതനായ പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചതെന്നും അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഞാന്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവരെ പറഞ്ഞതൊക്കെ ഓര്‍മ്മിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◾ സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇത്ര മോശമായി തയ്യാറാക്കിയ ബില്‍ നിയമസഭയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി. പ്രോ ചാന്‍സലര്‍ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവില്‍ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

◾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2.75 ലക്ഷം നിയമനങ്ങള്‍ എട്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പി എസ് സി വഴി നടന്നു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്സിയുടെ മികച്ച പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്റെ കാരണങ്ങള്‍ നിരത്തി കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണമെന്നും സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനായില്ലെന്നും ഹര്‍ജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്റെ ഭാര്യ നല്‍കിയ  ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

◾ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഡി വൈ എഫ് ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

◾ വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്ക് നീക്കത്തില്‍ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

◾ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികള്‍ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സാക്ഷികള്‍ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നില്‍ക്കുമെന്നും കോടതിയില്‍ എത്തിയ സാക്ഷികള്‍ വ്യക്തമാക്കി.

◾ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 70 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ മൂന്നാമത്തെ പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പട്ടികയില്‍ ആക്ഷേപവും പരാതികളുമുണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കാം.

◾ സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദന്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷത്തിന്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണെന്നും ലഹരിക്കെതിരാണ് പാര്‍ട്ടി നിലപാടെന്നും മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ വഞ്ചിയൂരില്‍ അടക്കം റോഡ് തടഞ്ഞ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയവര്‍ക്കെതിരെ എന്തൊക്കെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേസ് നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

◾ കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടില്‍ ഇഡി കേസ് എടുത്തത്. എന്നാല്‍ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

◾ മുന്‍ ഐപിഎസ്  ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് നെതര്‍ലന്‍ഡ് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.  കേസിലെ പ്രതിയായ ഐഎച്ച്‌സി ബീവര്‍ കമ്പനിയെക്കുറിച്ചാണ് നെതര്‍ലന്‍ഡിനോട് വിവരം തേടിയത്.  കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  

◾ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും ശാരീരിക പ്രശ്നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക.

◾ പെരുമണ്ണ ടൗണിലെ ജെന്റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടി. സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ രാസലഹരി എത്തിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

◾ തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എബ്രഹാം ബെന്‍സണ്‍ സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  അന്വേഷണം നടത്തി  അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ സ്‌കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

◾ കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

◾ ലഹരി മരുന്നിന് അടിമയായ ജേഷ്ഠന്‍ വാളുപയോഗിച്ച് അനുജന്റെ തലക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമല്‍ സ്വദേശി അഭിനന്ദി(23)നാണ്  വെട്ടേറ്റത്. ലഹരിക്കടിമയായ  സഹോദരന്‍ അര്‍ജുനാണ്  വെട്ടിയത്. ഇന്നലെ വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ അര്‍ജുനെ വിമുക്തി കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

◾ മയക്കുമരുന്നിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 2854 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 1.312 കി.ഗ്രാം എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള ഡി ഹണ്ടിന്റെ കണക്കാണിത്.

◾ കൊച്ചിയില്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കുതിരവട്ടം സ്വദേശി മിര്‍സാബ് (29) ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചായിരുന്നു ഇടപാട്. ജര്‍മ്മനിയില്‍ നിന്നാണ് രാസലഹരി എത്തിച്ചത്. പ്രതിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

◾ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70)ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേര്‍ക്ക് തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞു വീണത്.

◾ കാസര്‍കോട് ഉപ്പളയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബേക്കൂര്‍ സ്വദേശി കൃഷ്ണകുമാര്‍, ബായിക്കട്ട സ്വദേശി വരുണ്‍, മംഗലാപുരം സ്വദേശി കിഷുന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.

◾ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും  സാധാരണയെക്കാള്‍ 2  ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

◾ യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട്  സുപ്രീം കോടതി. മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദ്ദേശം. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.

◾ ദേശീയ പട്ടിക ജാതി കമ്മീഷന്‍, പിന്നാക്ക ക്ഷേമ കമ്മീഷന്‍ എന്നിവയിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ വീരേന്ദര്‍ കുമാറിനാണ് കത്ത് നല്‍കിയത്. കമ്മീഷനുകളെ ഒഴിവുകള്‍ മനപ്പൂര്‍വം നികത്താത്തത് കേന്ദ്ര സര്‍ക്കാറിന്റെ ദളിത് വിരുദ്ധ മനോഭാവമെന്നും വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ പരമായ ഉത്തരവാദിത്വം പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

◾ ഹരിയാണയിലെ റോഹ്ത്തക്കില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ക്കുരുക്കിയെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഝജ്ജര്‍ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

◾ സോഷ്യല്‍ മീഡിയ ഭീമന്‍ മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. കമ്പനിയുടെ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിട്ടേക്കാമെന്നും മെറ്റ പറയുന്നു.  

◾ ചരിത്രത്തില്‍ ആദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കളിച്ച്, വിദര്‍ഭയോടു സമനില വഴങ്ങി റണ്ണറപ്പായി തിരിച്ചെത്തിയ കേരളാടീമിന് ആവേശോജ്വല സ്വീകരണം. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ചാര്‍ട്ടര്‍ചെയ്ത പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ തിരുവനന്തപുരത്തെത്തിയ കളിക്കാരെ കെ.സി.എ. ഭാരവാഹികള്‍ സ്വീകരിച്ചു. ഇന്ന് വൈകീട്ട് ആറിന് ഹയാത്ത് ഹോട്ടലില്‍ സര്‍ക്കാര്‍ ഒരുക്കുന്ന അനുമോദനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

◾ ഐപിഎല്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.

◾ ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്നാമത്തെ സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ഓസ്ട്രേലിയോട് ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും.

◾ ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. 12.5 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1,09,219 കോടി രൂപ) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാഹരിക്കാനാണ് പദ്ധതി. 5 ലക്ഷം കോടി രൂപയുടെ (57.16 ബില്യണ്‍ ഡോളര്‍) മൂലധനച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ധന സമാഹരണം. വര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ വീതം അഞ്ച് വര്‍ഷം കൊണ്ട് ധന സമാഹരണം നടത്താനാണ് പദ്ധതി. വൈദ്യുതി പ്രക്ഷേപണം, യൂട്ടിലിറ്റികള്‍, ഹരിത ഊര്‍ജ്ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ മേഖലകളിലാണ് മൂലധനത്തിന്റെ 85 ശതമാനവും വിനിയോഗിക്കുക. ഖനനം, ലോഹങ്ങള്‍ തുടങ്ങിയവയിലാണ് ബാക്കി തുക ചെലവഴിക്കുക. 2019 നും 2024 നും ഇടയില്‍ അദാനി ഗ്രൂപ്പ് ഏകദേശം 13.8 ബില്യണ്‍ ഡോളറാണ് ഓഹരി വിപണിയില്‍ നിന്ന് സമാഹരിച്ചത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ വഴിയാണ് പ്രധാനമായും സമാഹരണം നടത്തിയത്. 2024 സെപ്റ്റംബര്‍ 30 വരെയുളള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിന് 53,024 കോടി രൂപയുടെ ക്യാഷ് ബാലന്‍സാണ് ഉളളത്. ഇത് മൊത്തം കടത്തിന്റെ 20.5 ശതമാനമാണ്. ധന സമാഹരണത്തിന് വളരെയധികം സഹായിക്കുന്ന കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പോര്‍ട്ട്‌ഫോളിയോയാണ് അദാനി ഗ്രൂപ്പിനുളളത്.

◾ 2023 ലെ തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ ദസറയ്ക്ക് ശേഷം സംവിധായകന്‍ ശ്രീകാന്ത് ഒഡേല, നടന്‍ നാനി, നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി എന്നിവര്‍ ഒന്നിക്കുന്ന രണ്ടമത്തെ ചിത്രമാണ് 'ദി പാരഡൈസ്'. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോ എത്തി. വീഡിയോയില്‍ സിക്സ് പാക്ക് ഗെറ്റപ്പില്‍ പുത്തന്‍ മേക്കോവറില്‍ എത്തുന്ന നാനിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡര്‍ എന്നീ സിനിമകള്‍ക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്.

◾ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി, പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ 'ഡ്രാഗണ്‍' നൂറ് കോടി ക്ലബില്‍. ആഗോളതലത്തിലാണ് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷന്‍ കടന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ഡ്രാഗണ്‍ സ്വന്തമാക്കിയിരുന്നത്. 35 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50 കോടി കളക്ഷന്‍ ആഗോളതലത്തില്‍ നേടിയതും ഞെട്ടിച്ചു. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ സിനിമയാണ് 'ഡ്രാഗണ്‍'. അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, മിസ്‌കിന്‍, ഗൗതം മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

◾ എന്‍ട്രി ലെവല്‍ എസ്.യു.വി സെഗ്മെന്റില്‍ പുത്തന്‍ മോഡലുമായി ഫോക്‌സ്വാഗണ്‍. ആഗോള വിപണിയിലെത്തിക്കുന്നതിന് മുമ്പ് ബ്രസീലിലാണ് വാഹനം അവതരിപ്പിച്ചത്. ടെറ എന്ന പേരില്‍ പോക്കറ്റിനിണങ്ങുന്ന വിലയിലാണ് വാഹനത്തിന്റെ വരവ്. പൂര്‍ണമായും ബ്രസീലില്‍ ഡിസൈന്‍ ചെയ്ത വാഹനത്തിന് 15-20 ലക്ഷം രൂപ വരെയാണ് ബ്രസീലില്‍ വിലയുണ്ടാവുക. ജനപ്രിയ മോഡലുകളായ പോളോയിലടക്കം ഉപയോഗിച്ചിരിക്കുന്ന എം.ക്യൂ.ബി എ0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി സബ് 4 മീറ്റര്‍ ശ്രേണിയിലാകും ടെറ ലഭ്യമാകുന്നത്. ഇതോടെ വാഹനത്തിന്റെ വില 10 ലക്ഷത്തില്‍ താഴെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്ത സ്‌കോഡ കൈലാഖിനെ അടിസ്ഥാനമാക്കിയാകും ടെറ നിര്‍മിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ കൈലാഖിന്റെ വില തുടങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെത്തുമ്പോള്‍ കൈലാഖിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും നല്‍കുക.

◾ ചരിത്ര സമ്പന്നത നിറഞ്ഞ മണ്ണിനെ പശ്ചാത്തലമാക്കി പറയുന്ന ബാലനോ വലാണ് 'നെയ്ത്തുകാരന്‍'. ചേന്ദമംഗലത്തിന്റെ ഹൃദയതാളമായ കൈത്തറിയുടെ പകിട്ട് ഈ നോവലിനുണ്ട്. കൈത്തറിപാവുകള്‍ക്ക് നിറം പകരുന്ന പോലെ ഈ കഥ വായനക്കാരുടെ മനസ്സില്‍ അനുഭൂതിയുടെ ഉത്സവം തീര്‍ക്കും. 'നെയ്ത്തുകാരന്‍'. അജിത് കുമാര്‍ ഗോതുരുത്ത്. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 95 രൂപ.

◾ പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രോട്ടീന്‍ ഇല്ലെങ്കില്‍ മസില്‍ കുറവിലേക്ക് ശരീരം പോവുകയും ചെയ്യും. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും സാധ്യതയുണ്ട്. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയാനും മധുരത്തോടും ജങ്ക് ഭക്ഷണങ്ങളോടും ആസക്തി കൂടാനും കാരണമാകും. പ്രോട്ടീന്‍ കുറയുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും നഖം പൊട്ടാന്‍ കാരണമാവുകയും ചെയ്യും. പ്രോട്ടീനിന്റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറയുന്നതിന്റെ സൂചനയാകാം. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അമിത ക്ഷീണം അനുഭവപ്പെടാനും മാനസികാരോഗ്യം മോശമാകാനും സാധ്യതയുണ്ട്. മുട്ട, മത്സ്യം, ചിക്കന്‍, പാലും പാലുല്‍പ്പന്നങ്ങളും, നട്സ്, സീഡുകള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തണം. തന്റെ മന്ത്രിമാരില്‍ ഏറ്റവും മിടുക്കനായ ആള്‍ ആ പദവിയിലെത്തണം എന്നതായിരുന്നു രാജാവിന്റെ ആഗ്രഹം. അങ്ങനെ രാജാവ് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു.  തന്റെ മൂന്ന് മന്ത്രിമാരെയും ഒരു മുറിയിലിട്ടുപൂട്ടി.  പൂട്ട് തുറന്ന് ആദ്യം പുറത്ത് വരുന്നയാള്‍ പ്രധാനമന്ത്രിയാകും.  ഒന്നാമന്‍ എങ്ങിനെ പുറത്തിറങ്ങാമെന്ന ആലോചനയില്‍ മുഴുകി.  രണ്ടാമന്‍ കടലാസ്സും പേനയുമെടുത്ത് പൂട്ടിന്റെ പടം വരച്ചു പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു.  മൂന്നാമന്‍ ചിന്തിച്ചു.  തുറക്കാന്‍ പറ്റാത്ത താഴിട്ട് രാജാവ് ഇത് പൂട്ടാനുളള സാധ്യതയില്ല. അയാള്‍ വാതിലിന്റെ കൈപ്പിയില്‍ പിടിച്ച് തിരിച്ചു.  വാതില്‍ തുറന്നു.  പുറത്ത് നിന്നു പൂട്ടിയാലും അകത്തുനിന്നു തിരിച്ചാല്‍ തുറക്കുന്ന വിദ്യ ആ പൂട്ടിനുണ്ടായിരുന്നു.  പലപ്പോഴും അകപ്പെട്ടുപോകുന്നതല്ല, അകത്തുനിന്ന് പുറത്ത് വരാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. പ്രശ്‌നങ്ങളോടുളള പ്രതികരണം പലവിധത്തിലാകും.  ചിലര്‍ പകച്ചുനില്‍ക്കും.  ചിലര്‍ പോരാടും, ചിലര്‍ പ്രതികാരദാഹിയാകും, ചിലര്‍ അപ്രത്യക്ഷരാകും.  ഭയന്നുപോയതിന്റെ പേരില്‍ ആരും ഒരു പ്രതിസന്ധിയില്‍ നിന്നും കരകയറാതിരുന്നിട്ടില്ല. പോരാടുന്നതിന് ചുവടുവെയ്പ്പുകളുണ്ട്. ഒന്നില്‍ പരാജയപ്പെട്ടാലും മറ്റൊന്നിലേക്ക് ചുവട് മാറണം. ഏതെങ്കിലും സാധ്യതകളുണ്ടെങ്കില്‍ അത് കണ്ടെത്തയിരിക്കണം.  പരിശ്രമിക്കുക എന്നത് മാത്രമാണ് പുറത്ത് വരാനുളള സാധ്യതയെ കണ്ടെത്താനുളള ഏക പോംവഴി. - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍