പ്രഭാത വാർത്തകൾ


2025  മാർച്ച് 29  ശനി 
1200  മീനം 15   ഉത്രട്ടാതി 
1446  റമദാൻ 28
      
◾  സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസ്സാക്കുന്നതിന് ഒപ്പമായിരിക്കും ഈ മാറ്റം. ഇപ്പോള്‍ 3 വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക.

◾  ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി അറിയിച്ചു. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

◾  ആശാ വര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന്  തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നല്‍കുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്.

◾  സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി. സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാര്‍ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

◾  മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്ന് ഹൈക്കോടതി. കരിമണല്‍ കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്ത് നല്‍കിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

◾  അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരില്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവര്‍ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂര്‍ണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാന്‍ ആവില്ലെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

◾  ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണര്‍. 29,30,31 ദിവസങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

◾  ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പെരുന്നാളിന് അവധി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

◾  കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കരുതെന്ന ആവശ്യവുമായി കാസര്‍കോട് നിന്നുള്ള കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജും, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ടെന്നും സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  എംപുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നും വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

◾  എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തില്‍ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നിഷേധിച്ച് ബിജെപി. ബിജെപി കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാര്‍ത്ത പിന്‍വലിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആവശ്യപ്പെട്ടു.

◾  ആഴക്കടല്‍ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. കടല്‍ ഖനനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ആ ശ്രമങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോള്‍ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പട്ടിയും മോശം, അത് പെണ്ണായാല്‍ അതിലും മോശം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാള്‍ മികച്ചതായി കാണുന്നത് ഫ്യൂഡല്‍ ജീര്‍ണതയുടെ ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

◾  നമ്മള്‍ കരുതുന്നതിനും അപ്പുറം ആണ് കറുപ്പും വെളുപ്പും എന്ന വിവേചനമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. മക്കള്‍ കറുത്തുപോയാല്‍ തീര്‍ന്നു എന്ന് കരുതുന്നവര്‍ ഉണ്ട്. കിര്‍ത്താട്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

◾  എന്‍ഡിഎഫ്ഡിസി പദ്ധതിയില്‍ വായ്പയെടുത്ത ഭിന്നശേഷിക്കാരില്‍ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു . ഇതിനു പുറമേ പലിശത്തുകയില്‍ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കാന്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും അനുമതിയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  കോട്ടയം ഗവണ്‍മെന്റ് നഴ്സിങ്ങ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേര്‍ന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണ സംഘം ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

◾  മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  സാമൂഹിക മാധ്യമങ്ങളില്‍ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമര്‍ശനത്തോടെ റദ്ദാക്കി സുപ്രീംകോടതി.  ആവിഷ്‌ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

◾  ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കര്‍ണാടകത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകള്‍ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയന്‍ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.

◾  സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതിമാര്‍ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീഡി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സന്താന്‍ നസ്രേത്ത്(82), ഭാര്യ ഫ്‌ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്. തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങള്‍ക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങള്‍ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.  

◾  ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 53% ല്‍ നിന്ന് 55 ശതമാനമായാണ് ഡിഎ വര്‍ധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വര്‍ധന നടപ്പാക്കുന്നത്.

◾  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രചണ്ഡ് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് അംഗീകാരം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിനാണ് അംഗീകാരം. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് ഹെലികോപ്റ്റര്‍ ഇടപാടിന് അന്തിമ അനുമതി നല്‍കിയത്.

◾  മ്യാന്‍മാറിലും അയല്‍രാജ്യമായ തായ്‌ലന്‍ഡിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ നൂറ്റമ്പതിലധികം പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഭൂചലനത്തില്‍ രാജ്യത്ത് ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഒരു പ്രസ്താവനയില്‍ പ്രവചിച്ചു.

◾  മ്യാന്‍മാറിലും തായ്‌ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണവും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മ്യാന്‍മാറിലേയും തായ്‌ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി പറഞ്ഞു.

◾  ബംഗ്ലാദേശും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ മാധ്യമ വിഭാഗം. ആരോഗ്യം, കായികം, സാംസ്‌കാരികം, സഹകരണം തുടങ്ങി ഒന്‍പത് മേഖലകളിലെ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്.

◾  ഐപിഎല്ലില്‍ ചെന്നൈ കിംഗ്സിനെതിരെ 50 റണ്‍സിന്റെ ആധികാരിക ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. എന്നാല്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു. അതേസമയം ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.

◾  വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ധന. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ ദേശീയ തലത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണിപ്പോള്‍. ഒന്നാമത് മഹാരാഷ്ട്രയാണ്. പ്രവാസി പണത്തെപ്പറ്റിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 202324ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു. 2020-21 ല്‍ 10.2 ശതമാനമായിരുന്നു. 2023-24ല്‍ ഇന്ത്യയിലേക്ക് ആകെയെത്തിയ പണം 9.88 ലക്ഷം കോടിയാണ്. പ്രവാസി പണം കൂടുതല്‍ ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്‌നാട്, 10.4 ശതമാനം, തെലങ്കാന, 8.1 ശതമാനം, കര്‍ണാടക 7.7 ശതമാനം എന്നിവയാണ്. പ്രവാസി പണത്തിന്റെ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കുത്തക അവസാനിക്കുകയാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തിന്റെ ഫലം പണത്തിന്റെ വരവിലുമുണ്ട്. ഇതൊക്കെയാണെങ്കിലും പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. 200 യു എസ് ഡോളര്‍ അയക്കാന്‍ 4.9 ശതമാനമാണ് ചെലവ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഇത് 3 ശതമാനമായി കുറക്കേണ്ടതുണ്ടെന്നും ആര്‍ബിഐ പറയുന്നു.

◾  പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 'എമ്പുരാന്‍' ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മികച്ച ഓപണിംഗ് നേടിയപ്പോള്‍ വിദേശ കളക്ഷനില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം. വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്ന് 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയില്‍ നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം 2.45 മില്യണ്‍ ഡോളര്‍ നേടി. ജിസിസിയില്‍ നിന്ന് മാത്രം ആദ്യ ദിനം 20.93 കോടി രൂപ നേടി. ഏറ്റവും വലിയ കളക്ഷനാണ് ചിത്രം ഓസ്ട്രേലിയയില്‍ നേടിയിരിക്കുന്നത്. യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നായി 7 ലക്ഷം ഡോളര്‍. 1.37 ലക്ഷം യൂറോ ആണ് ജര്‍മനിയിലെ കളക്ഷന്‍. വിദേശ രാജ്യങ്ങളിലെ ആകെ കളക്ഷന്‍ നോക്കിയാല്‍ ആദ്യ ദിനം 5 മില്യണ്‍ ഡോളറിലധികം. അതായത് 43.93 കോടി രൂപ വിദേശത്ത് നിന്ന് മാത്രം ചിത്രം നേടി. ഇന്ത്യയിലെ 22 കോടി (നെറ്റ്) കൂടി കൂട്ടുമ്പോള്‍ 65 കോടിക്ക് മുകളിലാണ് എമ്പുരാന്റെ ആദ്യ ദിന ആഗോള ഓപണിംഗ്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ചിത്രത്തേക്കാള്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം) മൂന്നിരട്ടി തുകയാണ് ചിത്രം ഓപണിംഗില്‍ നേടിയിരിക്കുന്നത്.

◾  പന്ത്രണ്ടു വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം 'ദി ഡോര്‍'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്.  ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ് നിര്‍മാണം. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്‍, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. ചിത്രത്തില്‍ ഭാവന ഒരു ആര്‍ക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോള്‍ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.  സഫയര്‍ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.

◾  പത്താം തലമുറ ഓള്‍ട്ടോ 2026ല്‍ പുറത്തിറക്കുമ്പോള്‍ പുതിയൊരു വെല്ലുവിളി കൂടി ഏറ്റെടുത്തിരിക്കുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കുകയെന്നതാണ് വെല്ലുവിളി. വലിപ്പത്തിലും വിലയിലുമുള്ള കുറവുകൊണ്ട് നിരവധി സാധാരണക്കാരുടെ പ്രിയ വാഹനമായി മാറിയിട്ടുണ്ട് സുസുക്കി ഓള്‍ട്ടോ. നിലവിലെ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. നൂറു കിലോ ഭാരത്തില്‍ കുറവു വരുന്നതോടെ പുതിയ ആള്‍ട്ടോയുടെ ഭാരം 580-660 കിലോഗ്രാമായി മാറും. മുന്‍ തലമുറ ആള്‍ട്ടോകളില്‍ പലതിനും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് ഭാരം കുറവായിരുന്നു. ആദ്യ തലമുറ ആള്‍ട്ടോക്ക് 530-570 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആറാം തലമുറയായപ്പോഴേക്കും ഭാരം വര്‍ധിച്ച് 720-810 കിലോഗ്രാമിലേക്കെത്തി. ഭാരം കുറച്ച് ഓള്‍ട്ടോ എത്തുന്നത് ഉപഭോക്താക്കള്‍ക്കും പലതരത്തിലുള്ള ഗുണം ചെയ്യും. പവര്‍ ടു വൈറ്റ് റേഷ്യോ വര്‍ധിക്കുന്നതോടെ വാഹനത്തിന്റെ പ്രകടനം കൂടുതല്‍ മികച്ചതാക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഈ മാറ്റം വഴി സാധിക്കും. ഇന്ധനത്തിന്റെ ആവശ്യം കുറയുന്നതോടെ മലിനീകരണത്തിലും കുറവു പ്രതീക്ഷിക്കാം. ഭാരം കൂടി കുറയുന്നതോടെ പത്താം തലമുറയില്‍ ഓള്‍ട്ടോക്ക് ലീറ്ററിന് 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും.

◾  അനാഥയായ റോസ് കാംബലിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതല്‍കൊണ്ട് വിഷാദവതിയായ ഈ പെണ്‍കുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്നേഹവും ഊഷ്മളതയും സന്തോഷവും വീണ്ടെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രചന. '8 കസിന്‍സ്'. ലൂയിസ മേ അല്‍കോട്ട്. വിവര്‍ത്തനം: അഫാഫ് നൗറിന്‍. ഗ്രീന്‍ ബുക്സ്. വില 304 രൂപ.

◾  ആഗോളതലത്തില്‍ വിഷാദ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിടയില്‍. ഒരു പ്രധാന കാരണം രാത്രി വൈകിയുള്ള ഉറക്കമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഉറങ്ങുന്നവരില്‍ വിഷാദം എങ്ങനെ ട്രിഗര്‍ ആകുന്നുയെന്നത് വ്യക്തമാക്കുകയാണ് യുകെയിലെ സറേ സര്‍വകലാശാല ഗവേകര്‍. ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ വൈകി ഉറങ്ങുന്നവരില്‍ അതൊരു സ്വഭാവിക ജൈവിക പ്രവണതയാണ്. ഈ ജൈവിക പ്രവണത തടസപ്പെടുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴാണ് വൈകി ഉറങ്ങുന്നവരില്‍ വിഷാദം പലപ്പോഴും ട്രിഗര്‍ ആവുകയെന്ന് പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ പറയുന്നു. 38 പേര്‍ മാത്രമാണ് രാവിലെ നേരത്തെ ഉണരാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇവര്‍ മോര്‍ണിങ് ക്രോണോടൈപ്പ് പ്രവണത പ്രകടമാക്കി. 256 പേര്‍ ഒരു ഇന്റര്‍മീഡിയറ്റ് സ്ലീപ്-വേക്ക് സൈക്കിള്‍ ഉള്ളവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം 20ന് താഴെയായതിനാല്‍ ക്രോണോടൈപ്പുകള്‍ ഇത്തരത്തിലായതില്‍ അതിശയിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൗമാരത്തിന്റെ അവസാനത്തില്‍ ആളുകള്‍ ലേറ്റ്- ക്രോണോടൈപ്പിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതേസമയം മോര്‍ണിങ് ക്രോണോടൈപ്പിലേക്ക് പിന്നീട് തിരിച്ചു വരാനും സാധ്യതയുണ്ട്. വിഷാദരോഗ സാധ്യതയും ക്രോണോടൈപ്പും തമ്മിലുള്ള ബന്ധം ലഘൂകരിക്കുന്നതിന് ചില ടെക്നിക്കുകള്‍ പരിശീലിക്കാം. മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് വൈകി ഉറങ്ങുന്നവരില്‍ വിഷാദത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. മദ്യപാനം കുറയ്ക്കുന്നത് വിഷാദ സാധ്യത കുറയ്ക്കും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് ആളുകളില്‍ വിഷാദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
നാസയുടെ ബഹിരാകാശ യാത്രകളില്‍ സാധാരണ ജനങ്ങളുടെ പ്രതിനിധിയായി ഒരാളെയെങ്കിലും പങ്കെടുപ്പിക്കണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍് തീരുമാനിച്ചപ്പോള്‍ അത് അദ്ധ്യാപകരില്‍ നിന്നാവട്ടെ എന്ന് അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നിര്‍ദ്ദേശിച്ചു.  11000 അപേക്ഷകരില്‍ നിന്ന് സ്‌ക്രീന്‍ ചെയ്‌തെടുത്ത 114 അദ്ധ്യാപകരില്‍ ഒരാളായിരുന്നു ഫ്രാങ്ക് ബ്ലാസ്‌ക്.  തന്റെ 13-ാം വയസ്സുമുതല്‍ ഫ്രാങ്ക് മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമായിരുന്നു ഒരു ബഹിരാകാശയാത്ര.   ബഹിരാകാശത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ച് നല്ലൊരു അവഗാഹം അദ്ദേഹം നേടിയെടുത്തിരുന്നു. അങ്ങനെ 10 പേരടങ്ങുന്ന ഫൈനല്‍ ലിസ്റ്റ് വന്നു.  അതില്‍ പക്ഷേ, ഫ്രാങ്കിന്റെ പേരില്ലായിരുന്നു.  വര്‍ഷങ്ങളായി താന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം തകര്‍ന്നപ്പോള്‍ അദ്ദേഹത്തിനത് താങ്ങാനായില്ല.  ഫ്രാങ്കിന്റെ പിതാവ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു:  ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിന്റെ പിന്നില്‍ തീര്‍ച്ചയായും എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കും.  എന്നാല്‍ ഈ ആശ്വാസവാക്കുകള്‍ക്കൊന്നും ഫ്രാങ്കിന്റെ മനസ്സിനെ ശാന്തമാക്കാന്‍ കഴിഞ്ഞില്ല.  അങ്ങനെ ആ ദിവസം വന്നെത്തി.  1986 ജനുവരി 28.  തിരഞ്ഞെടുത്ത അദ്ധ്യാപികയും ആറ് സഹയാത്രികരും ചലഞ്ചര്‍ എന്ന ബഹിരാകാശപേടകത്തില്‍ പറന്നുയരുന്ന ദൃശ്യം ടിവിയില്‍ ഫ്രാങ്ക് കാണുകയാണ്.  പൊടുന്നെനെയാണ് അത് സംഭവിച്ചത്.  പേടകം ഭൂമിയില്‍ നിന്നുയര്‍ന്ന ഏതാനും സെക്കന്റുകള്‍ക്കുളളില്‍ തന്നെ പൊട്ടിച്ചിതറി കടലില്‍ വീണു. യാത്രികര്‍ എല്ലാവരും ചിന്നിചിതറി കടലില്‍ മരിച്ചുവീണു.  വീണ്ടും കുറെ ദിവസമെടുത്തു ഫ്രാങ്കിന് ആ നടുക്കം വിട്ടുമാറാന്‍.  അദ്ദേഹം തന്റെ അച്ഛന്റെ വാക്കുകള്‍ ഓര്‍ത്തു.  ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും സ്വപ്നങ്ങള്‍ തകരുമ്പോഴും ആഗ്രഹങ്ങള്‍ നടക്കാതെ പോകുമ്പോഴെല്ലാം ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും.  അതെന്താണെന്ന് തിരിച്ചറിയാന്‍ കുറച്ച് കാലം കൂടി നാം കാത്തിരുന്നേ മതിയാകൂ.. എന്തായാലും അത് നമ്മുടെ നല്ലതിനായിരിക്കും എന്ന് നമുക്ക് ആശ്വസിച്ച് മുന്നോട്ട തന്നെ പോകാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍