ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ വീട്ടില്‍നിന്നിറങ്ങി ; പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൃത്യവും സമയോചിതവുമായ ഇടപെടലിലൂടെ തിരിച്ചെത്തിച്ച് പോലീസ്.


മഞ്ചേരി(മലപ്പുറം): ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ വീട്ടില്‍നിന്നിറങ്ങി കിലോമീറ്ററുകള്‍ക്കപ്പുറത്തെത്തി കാത്തിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൃത്യവും സമയോചിതവുമായ ഇടപെടലിലൂടെ തിരിച്ചെത്തിച്ച് മഞ്ചേരി പോലീസ്.

കഴിഞ്ഞ ദിവസമാണ് സംഭവം. തിരികെയെത്തിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിടണമെന്ന നിര്‍ദേശത്തോടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വീട്ടുകാരുടെ പരാതികിട്ടിയ ഉടന്‍ പോലീസ് നടത്തിയ ജാഗ്രതയേറിയ നീക്കമാണ് ശുഭപര്യവസാനത്തിലെത്തിയത്.

രാവിലെയാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. ആലപ്പുഴക്കാരനായ സുഹൃത്ത് ട്രെയിനില്‍ എത്തുന്നതും കാത്ത് തിരൂരില്‍ ഇരിക്കുകയായിരുന്നു. ഫോണ്‍ ഉപയോഗിച്ചതിന് വഴക്കുപറഞ്ഞ ജ്യേഷ്ഠനെതിരേ പരാതിപ്പെടാന്‍ മഞ്ചേരി പോലീസ്സ്റ്റേഷനിലേക്ക് പോകുന്നൂവെന്നായിരുന്നു വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി. അപ്പോഴാണ് കുട്ടിക്ക് ആണ്‍സുഹൃത്തുള്ള വിവരം ലഭിച്ചത്.

ആ സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചു. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് ഒഴിയാനായിരുന്നു അയാളുടെ ശ്രമം. പോലീസ് സ്വരം കടുപ്പിച്ചു. പെണ്‍കുട്ടി ഒപ്പമില്ലെന്നും എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും മറുപടി. കുട്ടി വിളിച്ചാല്‍ അപ്പോള്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് മറുപടി. കുറച്ചുകഴിഞ്ഞ് സുഹൃത്തിന്റെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ വിളി വന്നു.

മഞ്ചേരി പോലീസിന്റെ നമ്പര്‍കൂടി ചേര്‍ത്ത് കോണ്‍ഫറന്‍സ് കോളിലൂടെയാണ് സുഹൃത്ത് അറ്റന്‍ഡ് ചെയ്തത്. പെണ്‍കുട്ടി വിളിക്കുന്ന ഫോണിന്റെ നമ്പര്‍ മനസ്സിലാക്കിയ പോലീസ് ഉടന്‍ ആ നമ്പറില്‍ വിളിച്ചു. കുറ്റിപ്പുറത്തേക്കുള്ള ബസ്സിലെ ഒരു യാത്രക്കാരിയുടേതായിരുന്നു ഫോണ്‍ നമ്പര്‍. സഹോദരനെ വിളിക്കാനെന്ന് പറഞ്ഞ് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍വെച്ച് പെണ്‍കുട്ടി ഫോണ്‍ വാങ്ങിയകാര്യം അവര്‍ പോലീസിനെ അറിയിച്ചു.

മഞ്ചേരി പോലീസ് ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തിരൂര്‍ പോലീസിന് ഉടന്‍ കൈമാറി. തിരൂര്‍ എസ്‌ഐ സുജിത്ത് റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് അരമണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്തി. മഞ്ചേരിയില്‍നിന്ന് വനിതാപോലീസെത്തി കൂട്ടിക്കൊണ്ടുവന്നു. കുട്ടിയെ കണ്ടെത്താന്‍ വിവരങ്ങള്‍ ശേഖരിച്ച് നേതൃത്വംനല്‍കിയത് മഞ്ചേരി സിപിഒ നിഷാദ് ആയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍