വേസ്റ്റ് കുപ്പികള്‍ക്കൊപ്പം മദ്യകുപ്പി :സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

മലപ്പുറം: വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിത കർമ്മ സേനക്ക് പണവും സ്വർണ്ണവും ഉൾപ്പെടെ വില പിടിപ്പുള്ള പലതും കിട്ടാറുണ്ട്. അതെല്ലാം ഉടമകളെ കണ്ടെത്തി കൃത്യമായി അവര്‍ തിരിച്ചേൽപ്പിക്കാറുമുണ്ട്. എന്നാല്‍ മലപ്പുറം അമരമ്പലത്തെ ഹരിത കര്‍മ്മസേനക്ക് കഴിഞ്ഞ ദിവസം കിട്ടിയ സാധനം അവര്‍ തിരിച്ചേല്‍പ്പിച്ചില്ല.

പകരം ഒരു ഒഴുക്കിക്കളയല്‍ പ്രതിഷേധമാണ് നടന്നത്, പല വീടുകളിലും സമാധാനം കളയുന്ന മദ്യത്തിനെതിരെയുള്ള വീട്ടമ്മമാരുടെ പ്രതിഷേധം. അപ്രതീക്ഷിതമായാണ് ഈ മദ്യക്കുപ്പി ഇവരുടെ കയ്യില്‍ കിട്ടിയത്. മാലിന്യ ചാക്കിലെ കുപ്പികള്‍ക്കിടയിലായിരുന്നു സീൽ പോലും പൊട്ടിക്കാത്ത 500 മില്ലിയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. ഇങ്ങനെ കിട്ടുന്ന എന്തു സാധനവും ഉടമസ്ഥനെ കഷ്ടപെട്ട് കണ്ടെത്തി തിരിച്ചുകൊടുക്കാറുള്ള സ്ത്രീകള്‍ ഒന്നിച്ച് ഒരു തീരുമാനമെടുത്തു, മദ്യം പറമ്പില്‍ ഒഴുക്കിക്കളയാൻ. ഒരു കുടുംബത്തിലെങ്കിലും ഒരു ദിവസമെങ്കിലും സമാധാനം കിട്ടണം എന്നതായിരുന്നു എല്ലാവരുടെയും മനസിൽ .

വേസ്റ്റ് കുപ്പികള്‍ക്കൊപ്പം മദ്യകുപ്പി പോയതറിയാതെ ഏതോ ഒരു വീട്ടില്‍ വെള്ളവും അച്ചാറുമൊക്കെയായി ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും. ഒന്നുകില്‍ അബദ്ധത്തില്‍ മദ്യക്കുപ്പി പോയതാണ്. അല്ലെങ്കില്‍ മദ്യപാനം കൊണ്ട് പൊറുതുമുട്ടിയ വീട്ടിലെ ആരെങ്കിലും ആരുമറിയാതെ മദ്യക്കുപ്പി കളഞ്ഞതാകും. രണ്ടായാലും ഈ വാര്‍ത്ത കണ്ടാല്‍ ആ മദ്യപാനിയുടെ നെഞ്ച് പിടക്കുമെന്ന കാര്യം ഉറപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍