പ്രഭാത വാർത്തകൾ

2025  മാർച്ച് 18  ചൊവ്വ 
1200  മീനം 4   ചോതി  
1446  റമദാൻ 17
     
◾  സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയും ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയുമായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ (21) ആണ് കുത്തി കൊന്നത്. നീണ്ടകര സ്വദേശി തേജസ് രാജാണ് കുത്തി കൊന്ന ശേഷം കാറില്‍ കയറി രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

◾  കൊല്ലത്ത് ഡിഗ്രി വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഫെബിന്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഫെബിനെ കൊലപ്പെടുത്തിയ തേജസ് രാജിന്റെ അചഛന്‍ പൊലീസുകാരനാണ്. ചവറ പുത്തന്‍തുറ സ്വദേശിയായ രാജുവാണ് തേജസ് രാജിന്റെ അച്ഛന്‍. ഡി സി ആര്‍ ബി ഗ്രേഡ് എസ്‌ഐയാണ് രാജു. 

◾  ഉളിയക്കോവിലില്‍ തേജസ്രാജ് വീട്ടില്‍ കയറി ഫെബിനെ കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. മുഖം മറച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറിയ തേജസ്  കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും ആക്രമണത്തില്‍ പരിക്കേറ്റു. കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ട തേജസ്, കാറില്‍ കയറി മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെയെത്തി ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. 

◾  ഛിദ്ര ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ടെന്നും വര്‍ഗീയ ശക്തികള്‍ക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ ഭരണം നിലനിര്‍ത്തുന്നതുമായ സംവിധാനമല്ല കേരളത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ആത്മധൈര്യം വേണമെന്നും അവരില്‍ നിന്ന് ഓശാരം പറ്റാതിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞങ്ങളുടെ ആളുകളെ പിടിച്ചു വയ്ക്കരുത് വിടൂ  എന്ന് പറയാന്‍ ഒരു വര്‍ഗീയശക്തിക്കും കഴിയില്ലെന്നും ഈ ഭരണത്തോട് അങ്ങനെ കല്‍പ്പിക്കാന്‍ ധൈര്യമുള്ള ഒരു ശക്തിയും കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവര്‍ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു.

◾  മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോക്സഭയില്‍ ആവര്‍ത്തിച്ച് കെ സി വേണുഗോപാല്‍ എം പി. കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച  കെ സി വേണുഗോപാല്‍ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്.

◾  പിഎഫില്‍ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാം. ഇതിനുള്ള ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. രണ്ടു ഗഡുവിന്റെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. 2023 ലാണ് കുടിശ്ശിക പിന്‍വലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്.

◾  പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാളിദാസന്റെ കാവ്യഭാവന, ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നവയാണ്.

◾  സംസ്ഥാനത്ത് ലഹരിക്കെതിരെ പൊലീസ് തുടര്‍ന്നുവരുന്ന ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.  വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 254 പേരാണ് അറസ്റ്റിലായത്.

◾  പാലക്കാട് ചിറ്റൂര്‍ റേഞ്ചില്‍ കള്ളില്‍ വീണ്ടും ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. കള്ളിന്റെ സാംപിളില്‍ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും.

◾  സംസ്ഥാനത്തെ വിശ്വകര്‍മ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്‌കില്‍ ബാങ്ക് രൂപീകരിക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു നിയമസഭയെ അറിയിച്ചു. കരകൗശല വികസന കോര്‍പറേഷന്‍ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജും രൂപീകരിക്കുമെന്നും  ഡോ. മാത്യു കുഴല്‍നാടന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു. വിശ്വകര്‍മ്മ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ രണ്ടും, ഇതര തസ്തികകളില്‍ മൂന്നും ശതമാനം സംവരണം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  തുഷാര്‍ ഗാന്ധിക്കെതിരായ നെയ്യാറ്റിന്‍കരയിലെ ബിജെപി പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് തുഷാര്‍ ഗാന്ധി. അഞ്ച് ബിജെപിക്കാര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണമെന്നാണ് തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികള്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. പ്രതിഷേധിച്ചവരോട് പരാതിയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

◾  നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ശക്തമായ വാദപ്രതിവാദം. സിപിഎമ്മിന്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങളില്‍ അക്കമിട്ട് നിരത്തി മറുപടി നല്‍കി മുഖ്യമന്ത്രി . കേന്ദ്ര സര്‍ക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നും അല്ല പോയതെന്നും അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ കിട്ടുന്നത് എം എല്‍ എ കെ കെ രമ നിയമസഭയില്‍ ചോദ്യം ചെയ്തു. ടി പി കേസിലെ പ്രതികള്‍ക്ക് ഇത്രയധികം ദിവസത്തെ പരോള്‍ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയര്‍ത്തിയത്.  പ്രതികളെ ജയിലില്‍ നിര്‍ത്താന്‍ സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചു.

◾  രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

◾  എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നാവായിക്കുളം സ്വദേശിയായ നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ്(51) പരുക്കേറ്റത്.

◾  മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി സിപിഎം നേതാവ്. മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് എംജെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഫേസ്ബുക്ക് കമന്റ് ആയി രേഖപ്പെടുത്തിയ പരാമര്‍ശം വിവാദമായതോടെ ഫ്രാന്‍സിസ് ഡിലീറ്റ് ചെയ്തിരുന്നു.

◾  ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി അടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് പീഡിപ്പിച്ചത് വര്‍ഷങ്ങളോളം. 23കാരനായ അബ്ദുള്‍ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.

◾  2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ ക്ഷീരവികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കണ്ടിജന്റ്  ഫണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ചെലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. നെയ്യാറ്റിന്‍കര മഞ്ചവിളാകം ക്ഷീരോത്പാദക സംഘം അംഗമായ ക്ഷീര കര്‍ഷകന്‍ തന്റെ ഇന്‍ഷുറന്‍സില്ലാത്ത പശു ചത്തപ്പോള്‍ 15,000 രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

◾  സ്വകാര്യ ബസ് പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി. നിയമാനുസൃതമായ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 32 റൂട്ടുകള്‍ ദേശസാത്ക്കരിച്ച നടപടിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്.

◾  മാവേലിക്കര - ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പൈപ്പ് ലൈന്‍ ക്രോസിംഗ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ട്രെയിന്‍ ഗതാഗത സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 21 വെള്ളിയാഴ്ചയായിരിക്കും നിയന്ത്രണം. ഈ ദിവസം ചില ട്രെയിനുകള്‍ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

◾  ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് 18 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടില്‍ 2019 ജനുവരിയില്‍ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂര്‍ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾  പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകന്‍ ജയേഷിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥി കൗണ്‍സിലിങില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എറണാകുളം പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്.

◾  ചാലക്കുടി കൊരട്ടി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞു. വ്യാപകമായ രീതിയിലുള്ള കൃഷി നാശം സംഭവിച്ചു. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം നിലച്ചു.

◾  കോഴിക്കോട് പന്തീരാങ്കാവില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലിലെ മോദിയുടെ ആദ്യത്തെ പോസ്റ്റ് 2019 ലെ ഹൗഡി മോദി പരിപാടിയിലെ ട്രംപിനൊപ്പം അദ്ദേഹത്തിന്റെ കൈ ഉയര്‍ത്തി പിടിച്ച്  എടുത്ത ഫോട്ടോയാണ്.

◾  തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കടബാധ്യതയും മറ്റ് ഘടകങ്ങളും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തന്റെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്ന് 4,000 കോടിയുടെ വായ്പയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയതെന്നും അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ചത്.

◾  ഹൈദരാബാദിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചെന്നും അസഭ്യ പരാമര്‍ശങ്ങള്‍ സംപ്രേഷണം ചെയ്തെന്നും കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയെയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും പൊലീസ് മാര്‍ച്ച് 12ന് അറസ്റ്റ് ചെയ്തത്.

◾  കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് റയില്‍വേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വരുമാനത്തില്‍ മികച്ച പ്രകടനമാണ് റയില്‍വേ കാഴ്ചവയ്ക്കുന്നതെന്നും യാത്രാക്കൂലി ഇന്ത്യയിലാണ് ഏറ്റവും കുറവെന്നും പറഞ്ഞ മന്ത്രി,  റെയില്‍ മാര്‍ഗമുള്ള ചരക്ക് നീക്കത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്നും പറഞ്ഞു.

◾  ഇന്ത്യ-യുഎസ് തീരുവ തര്‍ക്കത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതലത്തില്‍ നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് തുളസി പറഞ്ഞു. ദില്ലിയില്‍ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വാര്‍ഷിക റെയ്‌സിന പരിപാടിക്കിടെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

◾  എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാം വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബെംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിങ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാം വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബെംഗളൂരു. 100-ാം വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിവേഗ വിപുലീകരണത്തിന്റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

◾  സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഭിലാഷം എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോള്‍, ഷെറിന്‍ എന്ന കഥാപാത്രമായാണ് തന്‍വി റാം അഭിനയിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 29ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യത ആണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

◾  'എമ്പുരാന്റെ' ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അവിടത്തെ ടൈം സോണ്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍  ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയാണ് എമ്പുരാന്‍. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിര്‍വഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

◾  ചാംപ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി. ഏകദേശം 3.5 കോടി രൂപയാണ് ഓട്ടോബയോഗ്രഫിയ്ക്ക് എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് വാഹനത്തിനായി അക്ഷര്‍ പട്ടേല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ലാന്‍ഡ് റോവര്‍ കാര്‍ഗോ മോട്ടോഴ്‌സില്‍ നിന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. 2017 ലാണ് അക്ഷര്‍ പട്ടേല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയത്. സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസ്, ലോങ്ങ് വീല്‍ ബേസ് എന്നിങ്ങനെ രണ്ടു ബോഡി സ്റ്റെലില്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലഭ്യമാണ്. 3.0എല്‍ ഇഗ്നീനിയം ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 384 എച്ച് പി പവറും 550 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. കൂടിയ വേഗം 242 കിലോമീറ്ററാണ്.

◾  ലോകരാഷ്ട്രങ്ങളില്‍ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണംകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ പുസ്തകം. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ചരിത്ര പുസ്തകമല്ല; ഇവിടെ ചരിത്രം മനുഷ്യസമൂഹം അനുഭവിച്ചുതീര്‍ ന്ന ജീവിതത്തിന്റെ പരിച്ഛേദം മാത്രമാണ്. ദീര്‍ഘകാലത്തെ സാഹസിക ഗവേഷണങ്ങളുടെ ഭാഗമായ ഈ പുസ്തകം മനുഷ്യാവസ്ഥയുടെ സങ്കീര്‍ണണതകളിലേക്ക് വിരല്‍ചൂണ്ടുന്നു. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമെന്നുറപ്പ്. 'ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍'. സാംസി കൊടുമണ്‍. കൈരളി ബുക്സ്. വില 617 രൂപ.

◾  കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഗുണം ചെയ്യും. മഞ്ഞളിലെ കുര്‍ക്കുമിന് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.  ഇവയും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളായ ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതിനാല്‍ ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദഹനത്തെ സഹായിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പുതിനയില്‍ മെന്തോള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രോബയോട്ടിക് ഫുഡായ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍