പ്രഭാത വാർത്തകൾ
2025 | മാർച്ച് 8 ശനി
1200 | കുംഭം 24 തിരുവാതിര
1446 l റമദാൻ 07
◾ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും: അവകാശങ്ങള്‍. സമത്വം. ശാക്തീകരണം' എന്ന വിഷയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ശാശ്വതമായ മാറ്റത്തിനുള്ള ഉത്തേജകമായി അടുത്ത തലമുറയെ - പ്രത്യേകിച്ച് യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും - ശാക്തീകരിക്കുക എന്നതാണ് ഈ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വനിതാദിനാശംസകള്‍
◾ നഷ്ടത്തിലായ പൊതുമേഖലയെ സംരക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ തേടി സിപിഎം സംസ്ഥാന സമ്മേളനം. സംസ്ഥാനത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. നവകേരളത്തിനായി പുതുവഴികള്‍ തേടുന്ന സംസ്ഥാനസമ്മേളനരേഖയില്‍ പൊതുമേഖലയെ സംരക്ഷിക്കാന്‍ സ്വകാര്യ പങ്കാളിത്തമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടാനാണ് ആലോചിക്കുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് പ്രമേയത്തിലൂടെ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.
◾ സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ എംവി ഗോവിന്ദന് വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ച് ഘടകക്ഷി മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് അത്ര മതിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം ബംഗാളാക്കരുതെന്ന മുന്നറിയിപ്പ് അടക്കമുള്ള സമ്മേളന റിപ്പോര്‍ട്ട് നേരത്തെപുറത്ത് വന്നിരുന്നു.
◾ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സമരക്കാരുടെ ആവശ്യങ്ങളില്‍ നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎസ്സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതില്‍ അനാവശ്യ തിടുക്കം ഉണ്ടായെന്നും ഇത് ആശാവര്‍ക്കര്‍മാരുടെ സമരത്തിനിടക്ക് എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമര്‍ശനമുണ്ടായി.
◾ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം പത്തനംതിട്ട, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ജില്ലാ സെക്രട്ടറിമാര്‍ പ്രത്യേകം അഭിപ്രായം പറയുന്നുവെന്നും ഈ സ്ഥിതി ഒഴിവാക്കണമായിരുന്നുവെന്നും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാധ്യമങ്ങള്‍ക്ക് വേട്ടയാടാന്‍ ഇട്ടുകൊടുത്തുവെന്നുമാണ് വിമര്‍ശനം.
◾ ട്രംപിന്റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു.
◾ ആശാ വര്‍ക്കര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക് ബോധ്യപ്പെടുത്താനാവാതെ സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ്. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം വനിതാ ദിനമായ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ആശാവര്‍ക്കര്‍മാരുടെ നീക്കം.
◾ സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കി. കുസാറ്റ്, കെടിയു, മലയാളം സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി. നേരത്തെ മുന്‍കൂര്‍ അനുമതി നല്‍കാത്തതിനാല്‍ ഈ ബില്ലിന്റെ അവതരണം സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഈ മാസം 20നായിരിക്കും ഈ ബില്ലിന്റെ അവതരണം.
◾ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക കുടിശ്ശികയായ 2.40 കോടി രൂപ അനുവദിച്ച് ധന വകുപ്പ്. 2024 ഒക്ടോബര്‍ 20 മുതല്‍ 2025 ജനുവരി വരെയുള്ള കുടിശ്ശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
◾ മാടായി കോളേജ് നിയമന വിവാദത്തില്‍ എംകെ രാഘവന്‍ എംപിക്കെതിരെ പ്രതിഷേധിച്ചവരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് കണ്ണൂര്‍ ഡിസിസി. കെപിസിസി സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ട് പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
◾ ആശാവര്‍ക്കര്‍മാരെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ്. ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെവി തോമസിന്റെ മറുപടി.
◾ സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനത്തില്‍ നിര്‍ണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലെ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ തസ്തികകള്‍ 12 ആഴ്ചകള്‍ക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിര്‍ദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.
◾ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്നലെ തള്ളി.
◾ പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
◾ താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരില്‍ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ നാട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ടോടെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
◾ താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് അന്വേഷിച്ചത്.
◾ പൊതുജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഹോണറേറിയം വര്‍ദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘര്‍ഷം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരം പ്രതിരോധ നടപടികള്‍ക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾ മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടതിന് ശേഷം മര്‍ദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയാണെങ്കില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ബസ് ജീവനക്കാര്‍ക്കെതിരെ ചുമത്തും.
◾ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനില്‍ നിന്നിറങ്ങിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ കീഴില്‍ വന്‍ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്.
◾ യുവാവിന്റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നല്‍കിയ ആളെയും ഗുണ്ടാ സംഘത്തിലെ അംഗത്തേയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകന്‍ കാവിന് സമീപം താമസിക്കുന്ന ലിന്‍സിത്ത് ശ്രീനിവാസന്‍ (37)എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളേയും ക്വട്ടേഷന്‍ സംഘത്തിലെ ജിതിന്‍ റൊസാരിയോ(27) എന്ന യുവാവിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കില്‍ വന്‍ ക്രമക്കേട്. ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണന്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി. മോഹന കൃഷ്ണനെ സസ്പെന്റ് ചെയ്ത് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മോഹനകൃഷ്ണനും സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള 3 ബന്ധുക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തു.
◾ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.
◾ ഉത്സവ സീസണുകളിലെ തിക്കും തിരക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തവും പരിഗണിച്ച് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി റെയില്‍വേ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 60 റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പിലാക്കുക. ഈ 60 സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാന്‍ അനുവദിക്കൂ. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
◾ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിഷയവുമായി ബന്ധപ്പെട്ട് കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം സ്റ്റാലിന്‍ വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ സമ്മര്‍ദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം.
◾ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ചെന്നൈയില്‍ ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി. ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താര്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.
◾ ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് സൈബര്‍ ക്രൈം പോലീസ് ആവശ്യപ്പെട്ടു.
◾ തെലങ്കാന ടണല്‍ ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങള്‍ കണ്ടെത്തി കേരളത്തില്‍ നിന്നുള്ള കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയുമാണ് ഇന്നലെ രാവിലെ ടണലിന് അകത്ത് പരിശോധന നടത്തിയത്. ഈ രണ്ട് ഇടങ്ങളിലേക്കും മണ്‍വെട്ടി കൊണ്ട് മാത്രമേ ഇന്നലേയും പരിശോധിക്കാന്‍ സാധിച്ചുള്ളൂ. വലിയ യന്ത്രസാമഗ്രികള്‍ ഇന്നലേയും കൊണ്ട് വരാന്‍ കഴിഞ്ഞില്ല ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചില്‍ സംഘം അറിയിച്ചു.
◾ ഇന്ത്യന്‍ വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം സിസ്റ്റം തകരാര്‍ മൂലം തകര്‍ന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ജനവാസമേഖല ഒഴിവാക്കിയാണ് പൈലറ്റ് യുദ്ധവിമാനത്തെ മലയിടുക്കള്‍ക്ക് സമീപം ഇടിച്ചിറക്കിയത്.
◾ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ പതിനൊന്ന് ഇന്ത്യക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സമന്‍സ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.
◾ ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. പ്രോട്ടോകോള്‍ പ്രകാരമുള്ള പരിരക്ഷ ഇനി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കില്ല. പ്രോട്ടോകോള്‍ പരിരക്ഷ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
◾ ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
◾ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അധികാരരാഷ്ട്രീയത്തേയും 'ഹെജിമണി' (മേധാവിത്വം)യേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണമെന്ന് വാങ് യി ആവശ്യപ്പെട്ടു.
◾ റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങള്‍ക്കും പിന്നാലെയാണ് ട്രംപ് ഇപ്പോള്‍ റഷ്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. യുദ്ധക്കളത്തില്‍ റഷ്യ ഇപ്പോള്‍ യുക്രെയ്‌നെ പൂര്‍ണ്ണമായും ആക്രമിക്കുകയാണെന്നും വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്കെതിരെ വലിയ തോതിലുള്ള ബാങ്കിങ് ഉപരോധങ്ങള്‍, താരിഫ് വര്‍ധന എന്നിവ പരിഗണനയിലാണെന്നുമാണ് ട്രംപിന്റെ ഭീഷണി.
◾ ഐഎസ്എല്ലിലെ അവസാന ഹോം മാച്ചില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
◾ മോണ്ടെനെഗ്രോയിലെ പെട്രോവാക്കില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാംപ്യന്‍. കര്‍ണാടക സ്വദേശിയായ 18 വയസുകാരന്‍ പ്രണവ് വെങ്കടേഷാണു ലോക ജൂനിയര്‍ കിരീടം നേടിയത്. 63 രാജ്യങ്ങളില്‍ നിന്നായി 12 ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ഉള്‍പ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.
◾ യു.എസില്‍ സ്ഥിരമായി താമസിക്കുന്നതിനും ജോലി ചെയ്യാനും അനുവദിക്കുന്ന വിസയായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ വീസ അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം. രാജ്യത്തിന്റെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മെയ് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. 35 ലക്ഷത്തിലധികം കുടിയേറ്റക്കാരെ ബാധിക്കുന്നതാണ് നടപടി. ഇന്ത്യയില്‍ നിന്നുളള നിരവധി പേരാണ് ഗ്രീന്‍ കാര്‍ഡിനായി വര്‍ഷവും അപേക്ഷിക്കാറുളളത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അഭിപ്രായങ്ങള്‍, ഇടപെടലുകള്‍ തുടങ്ങിയവയില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഒമ്പത് പ്രധാന ഇമിഗ്രേഷന്‍ ഫോമുകളില്‍ അപേക്ഷകരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു.
◾ 'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയരും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മിക്കുന്ന 'ധീരന്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഭീഷ്മപര്‍വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധീരന്‍'. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ താരങ്ങള്‍ അടങ്ങിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
◾ ഹരീഷ് പേരടി നിര്‍മാതാവും പ്രധാന നടനുമാകുന്ന 'ദാസേട്ടന്റെ സൈക്കിള്‍' ട്രെയിലര്‍ എത്തി. അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളിലെത്തും. ഹരീഷ് പേരടിക്കൊപ്പം വൈദി പേരടി,അഞ്ജന അപ്പുക്കുട്ടന്‍, അനുപമ, കബനി, എല്‍സി സുകുമാരന്‍, രത്നാകരന്‍ എന്നിവരും അഭിനയിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല നിര്‍വഹിക്കുന്നു. എഡിറ്റര്‍: ജോമോന്‍ സിറിയക്ക്, തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ.സി. ഗിരീശന്‍ സംഗീതം പകരുന്നു. ബിജിഎം പ്രകാശ് അലക്സ്.
◾ ജര്‍മ്മന്‍ ടൂവീലര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ ബിഎംഡബ്ല്യു സി 400 ജിടി സ്‌കൂട്ടര്‍ രാജ്യത്ത് പുറത്തിറക്കി. 11.50 ലക്ഷം രൂപയാണ് ഈ പ്രീമിയം സ്‌കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇത് സിബിയു റൂട്ട് വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ന് മുതല്‍ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്യാം. മുന്‍ മോഡലിനെ അപേക്ഷിച്ച് ഈ സ്‌കൂട്ടറില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഇത് മുമ്പത്തേതിനേക്കാള്‍ മികച്ചതാക്കി. പുതിയ അപ്‌ഡേറ്റിന് ശേഷം ഈ സ്‌കൂട്ടറിന് ഇപ്പോള്‍ 50,000 രൂപ വില വര്‍ദ്ധിച്ചു. 350 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഇത് 33.5 ബിഎച്പി കരുത്തും 35 ന്യൂട്ടണ്‍ മീറ്റര്‍ (എന്‍എം) ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പവറിന്റെ കാര്യത്തില്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനേക്കാളും ക്ലാസിക്കിനേക്കാളും കൂടുതല്‍ പവര്‍ ഔട്ട്പുട്ട് ഇത് നല്‍കുന്നു.
◾ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ബാക്കിപത്രം. കേരളത്തിന്റെ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടുപോയ വിപ്ലവനായകന്മാരായ പി.ആര്‍. വാസു, കായലില്‍ ഭാസ്‌കരന്‍, എസ്.എന്‍. തങ്കപ്പന്‍, കള്ളിക്കാട് സഹദേവന്‍, ദിവാകരസ്വാമി, മാമ്പൂത്തൈ തങ്കപ്പന്‍, കന്നേ പുതുവലില്‍ സഹദേവന്‍, ചാലിങ്കല്‍ രാഘവന്‍, മന്ദാകിനി സഖാവ്, ഇന്നും കര്‍മ്മനിരതനായ കരുണാകര സഖാവ് തുടങ്ങി കുടികിടപ്പ് സമരത്തിന്റെ ധീരസഖാക്കളുടെ ആത്മസമര്‍പ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവല്‍. 'അടിയളപ്പന്‍'. ജി. രാജേഷ്. ഗ്രീന്‍ ബുക്സ്. വില 293 രൂപ.
◾ പേശികളുടെ ആരോഗ്യത്തിനും ചര്‍മ്മം, തലമുടി, നഖങ്ങള്‍ തുടങ്ങിയവയുടെ ആരോഗ്യത്തിനും വേണ്ട പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതിന് അമിനോ ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകള്‍, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, മറ്റ് സംയുക്തങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെ നിരവധി ഹോര്‍മോണുകള്‍ നിര്‍മ്മിക്കാന്‍ അമിനോ ആസിഡുകള്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും അമിനോ ആസിഡുകള്‍ പ്രധാനമാണ്. അതുപോലെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും രോഗപ്രതിരോധ കൂട്ടാനും അമിനോ ആസിഡുകള്‍ സഹായിക്കും. പ്രോട്ടീനിന്റെ കലവറയായ മുട്ടയില്‍ നിന്നും ഒമ്പത് തരം അമിനോ ആസിഡുകള്‍ ലഭിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പേശികളുടെ വളര്‍ച്ചയ്ക്കും തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ചിക്കനിലും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അമിനോ ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഒരു ഫാറ്റി ഫിഷാണ് സാല്‍മണ്‍ മത്സ്യം. പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. നാരുകളും ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അമിനോ ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിന്‍ ഇ അടങ്ങിയ ബദാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കൃഷിക്കാരന്റെ കാളവണ്ടി ചെളിയില്‍ പുതഞ്ഞു. ചക്രങ്ങള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വിഷമിച്ച് നില്‍ക്കുകയാണ് അയാള്‍. അപ്പോഴാണ് ഒരാള്‍ കുതിരപ്പുറത്തെത്തിയത്. അയാളുടെ മുഖത്തേക്ക് നോക്കി കൃഷിക്കാരന്‍ ചോദിച്ചു: സഹായിക്കാമോ? അദ്ദേഹം കുതിരപ്പുറത്ത് നിന്നുമിറങ്ങി ചക്രം പുറത്തെടുത്ത് കൊടുത്തു. എന്നിട്ടു ചോദിച്ചു: നിങ്ങള്‍ എന്നോട് മാത്രമാണോ സഹായം ചോദിച്ചത്? അപ്പോള്‍ അയാള്‍ പറഞ്ഞു: പലരും ഈ വഴി വന്നതാണ്. പക്ഷേ, താങ്കളുടെ മുഖത്ത് നോക്കിയപ്പോള്‍ മാത്രമാണ് സഹായമഭ്യര്‍ത്ഥിക്കാന്‍ തോന്നിയത്. അങ്ങാരാണ്? കുതിരപ്പുറത്ത് കയറിപ്പോകുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ രാജ്യത്തെ രാജാവാണ്.. അലിവുളള മനസ്സുളളവര്‍ക്കേ ആര്‍ദ്രതയുള്ളൊരു മുഖമുണ്ടാകൂ. എത്ര മുഖം മോടിപിടിപ്പിച്ചാലും ഉള്ളിലുളളതെന്തെന്ന് മുഖം പറയും. പലതരം മുഖഭാവങ്ങളുളളവരെ നാം ദിനവും കണ്ടുമുട്ടുന്നുണ്ട്. നിസ്സംഗതയോടെ പോകുന്നവര്‍, നിസ്സാരതയോടെ പ്രതികരിക്കുന്നവര്‍, പുച്ഛത്തോടെ കാണുന്നവര്‍, ബഹുമാനം നല്‍കുന്നവര്‍, സഹാനുഭൂതി സൂക്ഷിക്കുന്നവര്‍ അങ്ങനെ നിരവധിപേര്‍ ആ കൂട്ടത്തിലുണ്ടാകും. ആളുകള്‍ അടുത്തേക്ക് വരണമെങ്കില്‍ അവര്‍ക്കൊരടുപ്പം തോന്നണം. അതിന് മുഖലക്ഷണം വേണമെന്നില്ല. മുഖഭാവം അനുകൂലമായാല്‍മതി. അനുകമ്പയുളള കണ്ണുകളന്വേഷിച്ചുനടക്കുന്ന ധാരാളം പേര്‍ നമുക്ക് ചുററുമുണ്ടാകും. എല്ലാവര്‍ക്കും വേണ്ടത് തങ്ങളെ മനസ്സിലാക്കുന്ന ഒരാളെയാണ്. കാഴ്ചയുളള കണ്ണുകള്‍ എല്ലാവര്‍ക്കുമുണ്ടാകും എന്നാല്‍ കനിവുളള കണ്ണുകള്‍ വിരളമായേ കാണാന്‍ സാധിക്കൂ.. പരിഭവിക്കുന്നവര്‍ക്കും പരിഭ്രമിക്കുന്നവര്‍ക്കും വേണ്ടത് കരുതലിന്റെ ഒരിടമാണ്.. കനിവുള്ളൊരു മുഖഭാവമാണ്. അപരന്റെയുളളിലെ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും സന്ദേഹങ്ങളും കണ്ടെത്താന്‍ ശേഷിയുളള കണ്ണുകളെ നമുക്കും സ്വന്തമാക്കാന്‍ ശ്രമിക്കാം - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍