പ്രഭാത വാർത്തകൾ
2025 മാർച്ച് 1 ശനി
1200 കുംഭം 17 പൂരുരുട്ടാതി
1446 ശഹബാൻ 29
◾ താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചുണ്ടായ കലാപരിപാടികള്‍ക്കിടയില്‍ നടന്ന വാക്കേറ്റവും കയ്യാങ്കളിയുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
◾ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മകനെ ക്രൂരമായി മര്‍ദിച്ചുവെന്ന് താമരശ്ശേരി സംഘര്‍ഷത്തില്‍ മരണപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. മര്‍ദനമേറ്റ് തിരിച്ചെത്തിയ മകന്‍ വീട്ടിലെത്തി ഛര്‍ദ്ദിച്ചെന്നും മര്‍ദ്ദിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിതാവ് പറഞ്ഞു.
◾ കൊല്ലം മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അവിടെ പ്രശ്‌നമുണ്ടാക്കിയതിനു പിന്നാലെ റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ച അമ്പാടിയെ രക്ഷിച്ച് വീട്ടില്‍ കൊണ്ടുപോയത് കൊല്ലപ്പെട്ട സുരേഷടക്കമുള്ളവര്‍ ചേര്‍ന്നായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ അമ്പാടി വെട്ടുകത്തി ഉപയോഗിച്ച് സുരേഷിനെ വെട്ടുകയായിരുന്നു.
◾ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. അതിനിടെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശാ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.
◾ ആശ വര്‍ക്കര്‍മാരോട് സി.പി.എമ്മിന് ശത്രുതാപരമായ നിലപാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ നടത്തിയ പരാമര്‍ശം അദ്ദേഹം തള്ളി. ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സി.പി.എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സി.ഐ.ടി.യു. നേതാവിന്റെ അധിക്ഷേപം ശരിയല്ലെന്നും വിമര്‍ശിക്കാന്‍ മോശം പദങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും നല്ല പദങ്ങള്‍ ഉപയോഗിക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
◾ ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. മുന്‍ പ്രസ്താവനയില്‍ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു.
◾ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തുമെന്നും യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
◾ തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍. മന്ത്രി എ കെ ശശീന്ദ്രന്റെ പിന്തുണയോടെയാണ് പി സി ചാക്കോയെ രാജിവെപ്പിച്ച് പാര്‍ട്ടി തലപ്പത്ത് തോമസ് എത്തുന്നത്. പി എം സുരേഷ് ബാബുവും പി കെ രാജനുമാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍.
◾ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍. വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സ്‌പോണ്‍സര്‍മാരുമായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആശയവിനിമയം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾ കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും.
◾ എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പറില്‍ ലഭിക്കുമെന്ന് കേരള പൊലീസ്. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
◾ കെഎസ്ആര്‍ടിസി എറണാകുളം ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചു വരികയാണ്. എറണാകുളം എം.എല്‍.എ ടി.ജെ വിനോദ് ഉദ്ഘാടനം നിര്‍വഹിക്കും.
◾ കോട്ടയം ഗവമെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടു. പൊലീസിനോടും കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആര്‍.അജിത് കുമാറാണ് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
◾ പ്രവാസി മലയാളികള്‍ക്ക് പത്തു വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി, ഭൂമിയുടെ തരം മാറ്റം, പോക്കുവരവ് , തണ്ടര്‍പേര്‍ എന്നിവ ഇ - ഓഫീസ്, ഇ - ട്രഷറി സംവിധാനങ്ങളിലൂടെ നിര്‍വഹിക്കാനാകുമെന്ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന നിര്‍മ്മിച്ച മാനന്തവാടി താലുക്കിലെ വെള്ളമുണ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
◾ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
◾ സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ആരോപിച്ചു.
◾ പത്താം ക്ലാസ് സെന്റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്‌കൂളില്‍ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടര്‍ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്നും തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ദിവസത്തെ റിമാന്റിന് ശേഷം ,ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.
◾ കോട്ടയത്ത് മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങിയ പൊലീസുകാരന്‍ വിജിലന്‍സ് പിടിയിലായി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുവിനെ ആണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സ്ത്രീയോട് ആണ് മദ്യം ആവശ്യപ്പെട്ടത്. പരാതിക്കാരിയായ സ്ത്രീയോട് പോലീസുകാരന്‍ ലൈംഗികചുവയോടുകൂടി സംസാരിച്ചെന്നും പരാതിയുണ്ട്. പൊലീസുകാരന്‍ കൈക്കൂലി ആവശ്യപ്പെട്ടത് പിന്നാലെ പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പോലീസുകാരന്‍ പിടിയിലായത്.
◾ ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ന്‍ ജൂലിയെ മാറ്റിയത്. ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.
◾ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് അധ്യാപകനെയും മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസര്‍ ക്രൂരമായി മര്‍ദിച്ചെന്ന അധ്യാപകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വനം വകുപ്പ് റെയ്ഞ്ച് ഓഫീസറുടെ പേരില്‍ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. വനംവകുപ്പ് ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ കൂടി ശേഖരിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.
◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
◾ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രത ശുദ്ധിയുടെ നാളുകള്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാന്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ നാളെ ആയിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാന്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ റമസാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഉണ്ണീന്‍കുട്ടി മൗലവിയാണ് അറിയിച്ചത്.
◾ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാന്‍. മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്.
◾ പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പൊലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്. കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നാണ ്പ്രതി നല്‍കിയ മൊഴി.
◾ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് തന്നെ ഇവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സേന.
◾ വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
◾ ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും വെള്ളിയാഴ്ച നടത്തിയ കൂടികാഴ്ചയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു. യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും വിസ്‌കികള്‍ക്കും വൈനുകള്‍ക്കും ഇന്ത്യന്‍ തീരുവ കുറയ്ക്കണമെന്ന് നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കുന്നത് ആലോചിക്കാനാണ് തീരുമാനം.
◾ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും. ഇതേ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞു. ഓവല്‍ ഓഫിസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ വൊളോഡിമര്‍ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡൊണള്‍ഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു.
◾ ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ സെദിഖുള്ള അതാല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശക്തമായി തുടങ്ങിയ ഓസീസ് 109-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.
◾ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്താനോട് തോറ്റ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ജോസ് ബട്‌ലര്‍. ഏകദിന-ടി20 നായകസ്ഥാനമാണ് ഒഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ നായകസ്ഥാനം രാജിവെയ്ക്കുകയാണെന്ന് ബട്‌ലര്‍ അറിയിച്ചു.
◾ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ. 2024-25 സാമ്പത്തികവര്‍ഷത്തിലും പലിശനിരക്ക് 8.25 ശതമാനമായി തുടരും. 2024 ഫെബ്രുവരിയിലാണ് പലിശനിരക്ക് 8.25 ശതമാനമാക്കി ഇപിഎഫ്ഒ ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള പലിശനിരക്കിലാണ് നേരിയ വര്‍ധന വരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്നാണ് 8.25 ശതമാനമാക്കി ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലും നിലനിര്‍ത്താനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്. അനുമതി ലഭിച്ചുകഴിഞ്ഞാല്‍, പുതിയ പലിശ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇപിഎഫ്ഒ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ മാത്രമേ പലിശ ബാധകമാകൂ. 2022 മാര്‍ച്ചില്‍ 2021-22 ലെ പലിശ നിരക്ക് ഇപിഎഫ്ഒ 8.1 ശതമാനമായി കുറച്ചിരുന്നു. ഇത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2020-21 ല്‍ ഇത് 8.5 ശതമാനമായിരുന്നു. 2018-19 ലെ 8.65 ശതമാനത്തില്‍ നിന്നാണ് കുറവ് വരുത്തിയത്.
◾ നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ ടീസര്‍ പുറത്തെത്തി. വിവാഹശേഷം യുവദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായി നാല്‍പ്പത്തിയഞ്ചില്‍ പരം ദിവസങ്ങളുടെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. തൃശൂര്‍ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. ഏപ്രില്‍ 3 ന് ആഭ്യന്തര കുറ്റവാളി തിയറ്ററുകളില്‍ എത്തും.
◾ റിയോ രാജ്, ഗോപിക രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്വിനീത് എസ്. സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വീറ്റ്ഹാര്‍ട്ട്' സിനിമയുടെ ട്രെയിലര്‍ എത്തി. നടന്‍ രണ്‍ജി പണിക്കര്‍ ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് നിര്‍മാണം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നതും യുവന്‍ തന്നെ. റെഡിന്‍ കിങ്സ്ലി, അരുണാചലേശ്വരന്‍, ഫൗസീ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മാര്‍ച്ച് 14ന് തിയറ്ററുകളിലെത്തും. സ്വിനീത് സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത ഈ ചിത്രം ആധുനിക പ്രണയം പര്യവേക്ഷണം ചെയ്യുന്ന ഒരു നാടകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. റെഡിന്‍ കിംഗ്സ്ലി, തുളസി, അരുണാചലേശ്വരന്‍ പാ, സുരേഷ് ചക്രവര്‍ത്തി, ഫൗസി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനു പുറമേ, മദന്‍ കാര്‍ക്കി, വിഘ്നേഷ് രാമകൃഷ്ണ, ആര്‍വിയു, എംസി സന്ന, കെലിത്തി, ഗാന ഫ്രാന്‍സിസ് എന്നിവരോടൊപ്പം റിയോ രാജ് ഒരു ഗാനരചയിതാവായും പ്രവര്‍ത്തിക്കുന്നു.
◾ വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ വന്‍ ഡിമാന്‍ഡാണ് ബലേനോയ്ക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ ഈ കാര്‍ വന്‍തോതില്‍ വില്‍പ്പന നടന്നിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇതിന്റെ 1,39,324 യൂണിറ്റുകള്‍ വിറ്റു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലാണ് ബലേനോ വില്‍ക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ കെ12എന്‍ പെട്രോള്‍ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 83 ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം, മറ്റൊരു ഓപ്ഷനായി 90 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. ഇതിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ട്. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ബലേനോ സിഎന്‍ജിയില്‍ ഉപയോഗിക്കുന്നത്. ഇത് 78 പിഎസ് പവറും 99 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾ ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യ നോവല്‍ മലയാളിയുടെ കാവ്യഭാവനയെ സമ്പൂഷ് മാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ്വ സഞ്ചാരം. ഞാന്‍ എന്റെ ദേവിക്കൊപ്പം, പ്രണയത്തിന്റെയും, മധുമന്ദഹാസത്തിന്റെയും, കാമത്തിന്റെയും, കൗശലത്തിന്റെയും ജന്മ-പാപങ്ങളുടെയും ജനനമരണങ്ങളുടെയും പ്രവ്യത്തികളുടെയും പ്രവൃത്തിരാഹിത്യത്തിന്റെയും കര്‍മ്മത്തിന്റെയും കര്‍മ്മരാഹിത്യത്തിന്റെയും പ്രകാശത്തിന്റെയും ഇരുട്ടിന്റെയും ദുഃഖത്തിന്റെയും തൂമന്ദഹാസത്തിന്റെയും ഒന്നിനുപിന്നില്‍ മറ്റൊന്നായി വരുന്ന ഈ സംസാരചക്രത്തിന്റെയും പൊരുള്‍ തിരയാനാണ് ഏറെയും ആഗ്രഹിക്കുന്നത്. 'ഋതുക്കള്‍ ഞാനാകുന്നു'. എബ്രഹാം മാത്യു. ചിന്ത പബ്ളിക്കേഷന്‍സ്. വില 342 രൂപ.
◾ ചൂട് കാലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചര്‍മത്തിനും മുടിക്കുമാണ്. നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ കാലം കഴിയുമ്പോള്‍ മുടി കൊഴിഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വരും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി നമുക്ക് വീട്ടില്‍ വച്ച് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. വേനല്‍കാലത്ത് ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ദിവസവും തല കഴുകുക എന്നതാണ് പ്രധാനം. എന്നാല്‍ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മൈല്‍ഡ് ഷാംപൂ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാക്കുക. കിണര്‍ വെള്ളം അല്ല എന്നുണ്ടെങ്കില്‍ ക്ലോറിനേറ്റ് വെള്ളം പിടിച്ചു വച്ചതിന് ശേഷം കുളിക്കുക. വേനല്‍ കാലത്ത് അമിതമായി എണ്ണ തേയ്ക്കരുത്. എന്നാല്‍ ചെമ്പരത്തി താളി ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ തല വിയര്‍ത്ത് ഫംഗസും താരനും കൂടാന്‍ സാധ്യതയുള്ളത് കൊണ്ട് തല കവര്‍ ചെയ്യുന്ന സ്‌കാര്‍ഫോ ഹെയര്‍ ക്യാപ്പോ ഉപയോഗിക്കണം. മാത്രമല്ല ഇത് കൃത്യമായ ഇടവേളകളില്‍ കഴുകുകയും വേണം. മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നവര്‍ വേനല്‍ കാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മുടിയില്‍ ഹീറ്റ് ചെയ്യുന്നവര്‍ വേനല്‍ കാലത്ത് അത് ഒഴിവാക്കുന്നതാകും നല്ലത്. പുറത്തിറങ്ങുമ്പോള്‍ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാകും ഉചിതം. നെല്ലിക്കയും കറിവേപ്പിലയും കറ്റാര്‍വാഴയും അരച്ചെടുത്ത് തലയില്‍ ഹെയര്‍ പാക്കായി ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും വേനല്‍ കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. ഏറ്റവും പ്രധാനമായും സാധാരണയായി നമ്മള്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ചൂട് കാലത്ത് കുടിക്കാന്‍ ശ്രദ്ധിക്കണം. അയണ്‍, സിങ്ക്, ബയോട്ടിന്, വൈറ്റമിന്‍ സി, ഒമേഗ3സി, വൈറ്റമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം. കശുവണ്ടി പരിപ്പ്, ബദാം, വാല്‍നട്ട്, ഫ്ളക്സ് സീഡ്‌സ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. യോഗര്‍ട്ട്, നെല്ലിക്ക, മുരിങ്ങയില, മധുരക്കിഴങ്ങ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
അച്ഛനും മകനും ഒരു ദൂരയാത്രക്ക് ഇറങ്ങിയതാണ്. യാത്ര തുടങ്ങുംമുമ്പ് അടുത്തുളള പെട്ടിക്കടയില്‍ നിന്നും വെളളം വാങ്ങി. പത്ത് രൂപയായിരുന്നു വില. അന്ന് വൈകുന്നേരം ഒരു ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. ഭക്ഷണത്തിന് ശേഷം അവിടെനിന്നും വെള്ളം വാങ്ങിയപ്പോള്‍ ഇരട്ടി വിലകൊടുക്കേണ്ടി വന്നു. പിറ്റേന്ന് വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ നിന്നും വീണ്ടുമൊരു കുപ്പി വെളളം വാങ്ങി. വില മൂന്നിരട്ടിയായി. മകന്‍ അച്ഛനോട് ചോദിച്ചു: ഇതെന്താണ് ഒരേ കുപ്പിവെളളത്തിന് മൂന്ന് സ്ഥലത്തും മൂന്ന് വില. അച്ഛന്‍ പറഞ്ഞു: കുപ്പിവെളളം ഒന്നാണെങ്കിലും അതിരിക്കുന്ന സ്ഥലം വേറെയാണ്. വ്യക്തിത്വം രൂപപ്പെടുന്നത് വാസസ്ഥലങ്ങളിലാണ്. ആരോഗ്യകരമായ സ്ഥലത്ത് വളരുന്നവര്‍ക്കേ ആരോഗ്യം നിലനിര്‍ത്താനാകൂ. അനുകൂല സ്ഥലത്ത് വ്യാപരിക്കുന്നവര്‍ക്ക് മാത്രമേ അര്‍ഹിക്കുന്ന നിലയിലേക്ക് ഉയരാനാകൂ. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ അനുവദിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ജനിക്കുന്നയിടം ആര്‍ക്കും തിരഞ്ഞെടുക്കാനാകില്ല. പക്ഷേ, വളരുന്നയിടം തിരഞ്ഞെടുക്കണം. ശ്വാസം മുട്ടുന്നു എന്ന് തോന്നിയാല്‍ ആ ഇടം ഉപേക്ഷിക്കണം. എന്നിട്ടും പ്രായാനുസൃതമായ വളര്‍ച്ചയില്ലെന്ന് തോന്നിയാല്‍ പരിശോധന നടത്തി, പുനരുജ്ജീവനത്തിനാവശ്യമായ കാര്യങ്ങള്‍ നടത്തണം. അതെ, വളരാനുളള വളമുണ്ടോഎന്ന സ്വയം പരിശോധന അത്യാവശ്യമാണ്. - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍