പാകിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്തു; 450 യാത്രികരെ ബന്ദിയാക്കി


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യാത്രാട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും ബിഎൽഎ അറിയിച്ചു. പാകിസ്ഥാൻ സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷൻ നടത്തിയാൽ ബന്ദികളെ കൊല്ലുമെന്ന് ബി‌എൽ‌എ വക്താവ് ജിയാൻഡ് ബലൂച്ച് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ട്രെയിൻ തട്ടികൊണ്ട് പോയതായി അധികൃതർ സ്ഥിരീകരിച്ചു.

പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ആണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. ബിഎൽഎ പ്രവർത്തകർ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഏത് സൈനിക കടന്നുകയറ്റത്തിനും തുല്യമായ ശക്തമായ മറുപടി നൽകും. ഇതുവരെ ആറ് സൈനികർ കൊല്ലപ്പെട്ടു. നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും ബി‌എൽ‌എയുടെ കസ്റ്റഡിയിലാണ്. ഈ പ്രവർത്തനത്തിന്റെ പൂർണ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുന്നു," സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ ബി‌എൽ‌എ വക്താവ് പറഞ്ഞു.

ബലൂചിസ്ഥാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ എല്ലാ സ്ഥാപനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍