സൗദി-ഒമാൻ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു

സൗദി-ഒമാൻ അതിർത്തിയായ ബത്തയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. ഉംറക്കായി പുറപ്പെട്ട രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്.

ഒമാനിൽ നിന്നും സുഹൃത്തുക്കൾ വ്യത്യസ്ത കാറുകളിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു. സൗദി ഒമാൻ അതിർത്തിയായ ബത്തക്കടുത്ത് വെച്ചാണ് ഒരു കാർ അപകടത്തിൽ പെട്ടത്. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്‌ല മുസ്ല്യാരകത്ത്, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക്‌വാനും അപകടത്തിൽ മരിച്ചു. മിസ്അബിന്റെ ഭാര്യ ഹഫീന സാരമായ പരിക്കുകളോടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ആശുപത്രിയിലാണ്. മിസഅബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ എട്ടരക്കായിരുന്നു അപകടം. കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ ഐസിഎഫിന്റെ അൽ അഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ശരീഫ് സഖാഫി, അബൂ താഹിർ കുണ്ടൂർ തുടങ്ങിയവരുടെ കീഴിൽ പൂർത്തിയാക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍