3 കോടി പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ സമ്മാനിച്ച് കുടുംബം; വിമര്‍ശനം

രോഗി ബാധിതനായ കുട്ടിയുടെ ചികിത്സയ്ക്കായി മൂന്ന് കോടി രൂപ പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ കാര്‍ സമ്മാനിച്ച് കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലം എന്നയാള്‍ക്കാണ് രോഗിയായ കുട്ടിയുടെ കുടുംബം കാര്‍ സമ്മാനമായി നല്‍കിയത്. 

27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണം, ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്‍റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തു.   

സംഭവം വിവാദമായതോടെ സമ്മാനം കൈപ്പറ്റിയ ഷമീര്‍ കുന്നമംഗലത്തിെനതിരെ വിമര്‍ശനം രൂക്ഷമാണ്. വലിയ തുക ആവശ്യമുള്ള കുടുംബത്തില്‍ നിന്നും വലിയ സമ്മാനം വാങ്ങിയതിനെ പലരും കമന്‍റിലൂടെ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ അർഹരായവർക്ക് വരെ സഹായം നൽകാൻ പൊതുജനം വിമുഖത കാണിക്കുമെന്നാണ് ഒരു കമന്‍റ്. അധികം പൈസവന്നാല്‍ ആ പൈസ മറ്റു രോഗികള്‍ക്ക് കൊടുക്കണം.. അല്ലാതെ ആരാന്‍റെ പൈസ വാങ്ങിച്ച് ഇന്നോവ ഉരുട്ടലല്ല വേണ്ടതെന്നും കമന്‍റുകളുണ്ട്. 

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പൈസയില്‍ നിന്ന് ഒരു രൂപ പോലും കാറിനായി ഉപയോഗിച്ചില്ലെന്ന് ഷമീര്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. ചടങ്ങില്‍ തന്നെ തന്‍റെ കയ്യിലുള്ള ഇന്നോവ കാര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നുവെന്നും ഷമീര്‍ പറയുന്നു. 

സമ്മാനം തന്നപ്പോള്‍ എന്‍റെ വണ്ടി തിരികെ എല്‍പ്പിച്ചു. രണ്ട് വണ്ടിയുടെ ആവശ്യമില്ല. 2012 മോഡല്‍ വണ്ടിയുടെ താക്കോല്‍ എംഎല്‍എയ്ക്ക് തിരികെ നല്‍കി. പൊന്നു പോലെ കൊണ്ടു നടന്നവണ്ടിയാണിത്' ഷമീര്‍ പറയുന്നു.  12 ലക്ഷം രൂപാണ് സമ്മാനമായി നല്‍കിയ കാറിന്‍റെ വില. ആറു ലക്ഷം രൂപ എന്‍റെ വണ്ടിക്ക് ലഭിക്കുമെന്നും ഷമീര്‍ വ്യക്തമാക്കി. 

'അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ ഡല്‍ഹി രജിസ്ട്രേഷന്‍ വണ്ടിയാണിത്. പിരിവിന് പോകുന്നത് എന്‍റെ വണ്ടിയായിലായിരുന്നു. ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം. കുടുംബത്തിന്‍റെ ആളുകള്‍ ചെറിയ പണം ഏറ്റെടുത്ത് സ്നേഹ സമ്മാനമായി ഒരു കാര്‍ നല്‍കി. ആളുകള്‍ വിചാരിച്ചത് പുതിയ വണ്ടിയാണെന്നാണ്. 25 ലക്ഷം രൂപയുടെ വണ്ടിയാണെന്ന് പറഞ്ഞ് പ്രവര്‍ത്തനങ്ങളെ മോശമാക്കാന്‍ ശ്രമം നടത്തി. മഹാരാഷട്ര രജിസ്ട്രേഷന്‍ വണ്ടിയാണിത്. പൊതുപ്രവര്‍ത്തകന്‍റെ തലയില്‍ കയറി ചവിട്ടിയാല്‍ എന്തുമാകാം എന്ന നിലപാട് മാറ്റണം. ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയയാണ്' ഷമീര്‍ വിഡിയോയില്‍ പറയുന്നു. 








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍