സല്ല്യൂട്ട് ടാറ്റ! 2 കുഞ്ഞുങ്ങളടക്കം ഈ കാറിലുണ്ടായിരുന്ന നാലംഗ കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു


ടാറ്റ കാറുകളുടെ സേഫ്റ്റിയെ കുറിച്ച് പ്രത്യേകിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലാത്താണ്. ടാറ്റയുടെ ഏറ്റവും കുറഞ്ഞ സേഫ്റ്റിയുള്ള കാറിന് പോലും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്. കടലാസില്‍ മാത്രമല്ല ടാറ്റ കാറുകള്‍ നിരത്തിലും നിരവധി തവണ അതിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ചതാണ്. ടാറ്റ കാറുകള്‍ ഉള്‍പ്പെട്ട അപകടങ്ങളും അത് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന്റെയും റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ മുമ്പ് നിരവധി തവണ നിങ്ങള്‍ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ ടാറ്റയുടെ ജനപ്രിയ കാര്‍ മോഡലായ പഞ്ച് മൈക്രോ എസ്‌യുവി ഉള്‍പ്പെട്ട ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്.

ടാറ്റ ഡാംപര്‍ ട്രക്ക്, ടെമ്പോ, ട്രെയിലര്‍ എന്നിവ ഉള്‍പ്പെട്ട അപകടത്തില്‍ ടാറ്റ പഞ്ച് തവിട്‌പൊടിയായ കണക്കെയാണ് കാണപ്പെടുന്നത്. ഞായറാഴ്ച അര്‍ധരാത്രി മഹാരാഷ്ട്രയിലെ താനെയിലുള്ള കാഡ്ബറി ബ്രിജ് ഫൈ്‌ലഓവറിലാണ് അപകടപരമ്പര അരങ്ങേറിയത്. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാഡ്ബറി പാലത്തില്‍ ട്രെയിലര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് അപകട പരമ്പര ആരംഭിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുകണ്ട് തൊട്ടുപിന്നിലുണ്ടായിരുന്ന പഞ്ചിന്റെ ഡ്രൈവര്‍ ശക്തമായി ബ്രേക്ക് അമര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. കൃത്യസമയത്ത് നിര്‍ത്താന്‍ കഴിയാതെ വന്നതോടെ പഞ്ച് ട്രെയിലറിനടിയില്‍ കുടുങ്ങി. പഞ്ചിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നതിന് മുമ്പേ അതിനെ പിന്തുടര്‍ന്ന് വന്ന ടെമ്പോ പിറകില്‍ വന്നിടിച്ചു.

ഇതിന് പിറകെ ടാറ്റ ഡമ്പര്‍ ട്രക്ക് ടെമ്പോയുടെ പിന്നില്‍ ഇടിച്ചുകയറി. കൂട്ടിയിടിച്ച ഉടന്‍ തന്നെ ഡമ്പര്‍ ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങള്‍ക്കിടെ സാന്‍വിച്ച് കണക്കെയായിരുന്നു പഞ്ച്. രാഹുല്‍ ജാവാലെ, ഭാര്യ സ്വാതി ജാവാലെ, രണ്ട് കുട്ടികള്‍ അടക്കം നാല് യാത്രക്കാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

അവരുടെ കാലിനും കൈക്കും ഒടിവുകള്‍ സംഭവിച്ചതായാണ് വിവരം. അപകട ശേഷമുള്ള മൈക്രോ-എസ്‌യുവിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലുണ്ടായിരുന്നവര്‍ ജീവനോടെ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാസമായിരിക്കും. പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കാര്‍ കാണപ്പെടുന്നത്. ടെമ്പോയില്‍ യാത്ര ചെയ്തിരുന്ന ശൗര്യ വിജയ് ബാഗുള്‍, പ്രിയങ്ക വിജയ് ബാഗുള്‍ എന്നിവര്‍ക്കും പരിക്കുണ്ട്.

അഗ്‌നിശമന സേന, ദുരന്ത നിവാരണ സേന, ട്രാഫിക് പൊലീസ് എന്നിവരുള്‍പ്പെടെയുള്ള സംഘം ഉടന്‍ സ്ഥലത്തെത്തിയാണ് കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കാറുകളില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേര്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഒടിവുകളും ചതവുകളുമുള്ള രണ്ട് പേര്‍ക്ക് വിദഗ്ധമായ വൈദ്യസഹായം നല്‍കി.

അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വലിയ ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിട്ടതിനാല്‍ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. മേല്‍പ്പാലത്തില്‍ അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം സാധാരണ നിലയിലാക്കാന്‍ ഏകദേശം ഒരു മണിക്കൂറെടുത്തു. ഇന്ത്യയില്‍ നിലവില്‍ വിറ്റഴിക്കപ്പെടുന്ന ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റിംഗ് നേടിയ കാറാണ് പഞ്ച്.

ഇതിന് കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (CSC), ഡ്യുവല്‍ എയര്‍ബാഗുകള്‍, ISOFIX മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ (ESP), റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, എബിഎസ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളുണ്ട്. നിലവില്‍ 6.20 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 10.32 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍