മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണം മോഷണം പോയി
മലപ്പുറം: അടച്ചിട്ട വീട്ടിൽ നിന്നും 15 പവൻ സ്വർണം കളവുപോയതായി പരാതി. പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പ് നസീർ അഹമ്മദിന്റെ വീട്ടീൽ നിന്നാണ് സ്വർണം മോഷണം പോയത്. നസീർ അഹമ്മദിന് സൗദി രാജാവിന്റെ കൊട്ടാരത്തിലാണ് ജോലി. വീട്ടിൽ താമസക്കാരില്ല. നസീറും കുടുംബവും സൗദി അറേബ്യയിലാണ്.
രണ്ടാഴ്ച കൂടുമ്പോൾ ഒരു സ്ത്രീ വന്ന് വീട് അടിച്ചുവാരി വൃത്തിയാക്കാറുണ്ട്. ഡിസംബർ 25നാണ് വേലക്കാരി അവസാനമായി വീട് വൃത്തിയാക്കിയത്. ശേഷം കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കാൻ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് കണ്ട സ്ത്രീ വീടിന് എതിർവശത്ത് താമസിക്കുന്ന വീട്ടുടമയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
വാതിൽ കുത്തി തുറക്കുകയും അകത്തെ അലമാര തുറന്നിടുകയും ചെയ്തിരുന്നു. വീട്ടുടമയുടെ സഹോദരൻ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. സൗദിയിലുളള വീട്ടുടമയുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോളാണ് 15 പവന്റെ സ്വർണാഭരണമാണ് മോഷണം പോയതെന്ന് വ്യക്തമായത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍