താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ് കസ്റ്റഡിയിലാണ്.

കുട്ടിയെ ഇന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിന്റെ മേല്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കും.

മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 14ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍, തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍