പ്രഭാത വാർത്തകൾ

2025  ഫെബ്രുവരി 27  വ്യാഴം 
1200  കുംഭം 15  അവിട്ടം 
1446 ശഅ്ബാൻ27

◾ പതിനെട്ടാം ദിവസത്തിലേക്ക് കടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

◾ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതുന്നത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തയ്യാറായാല്‍ അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാര്‍ഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നതെന്നും ജനദ്രോഹ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.



◾  സമരം ചെയ്തതിന്റെ പേരില്‍ ആരെയും പിരിച്ചു വിടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ആദ്യം ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ഓണറേറിയം വര്‍ധിപ്പിക്കണമെന്നും നിലപാടെടുത്തു. 

◾  ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടന്‍ സലീം കുമാര്‍. സമരത്തില്‍ അന്യായമായി ഒന്നുമില്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ സമരത്തെ നിരന്തരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിന്റെ പ്രതികരണം.

◾  ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിരീക്ഷിച്ചു.
◾  കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കുമെന്നും മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്കൊരു പരാതിയുമില്ലെന്നും താന്‍ തൃപ്തനാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾  പോഡ്കാസ്റ്റിലെ നിലപാടിലുറച്ച് ശശി തരൂര്‍. 15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നില്ലെന്നും പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും, ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്നും ശശി തരൂര്‍ പറഞ്ഞു . 

◾  ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും  പാണക്കാട് സാദിഖലി തങ്ങള്‍. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റുമെന്നും ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവാണ് തരൂരെന്നും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണമെന്നും തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും, ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



◾  കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍  പോര്‍ട്ടല്‍  സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.

◾  സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി, ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്ക്. ഒടിടി പ്ലാറ്റ്ഫോം സേവനങ്ങള്‍ ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ ഫോണ്‍ അധികൃതര്‍ അറിയിച്ചു.

◾  കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ സംസ്ഥാനത്ത് വേനല്‍മഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

◾  മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

◾  ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്ര സ്‌കില്‍ ഡെവലപ്മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകള്‍ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.

◾  വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലിസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തതിനാലാണ് പിതാവിന്റെ സഹോദരനേയും ഭാര്യയേയും മുത്തശ്ശിയേയും കൊല്ലാന്‍ തീരുമാനിച്ചതെന്നും മൊഴിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 

◾  തിരുവനന്തപുരത്ത് വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് വിവരം. വെള്ളനാട് കൊളക്കോട് അനുഭവനില്‍ ദില്‍ക്ഷിതയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.അസ്വാഭാവിക മരണത്തില്‍ ആര്യനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

◾  കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തോപ്പുംപടി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഏറെ നാളായി സസ്പെന്‍ഷനിലായിരുന്നു. കോട്ടയത്തെ കാന്‍ അഷ്വര്‍ എന്ന സ്ഥാപനം ആണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താന്‍ സഹായിച്ച ആളാണ് പോലീസുകാരനായ സജയനെന്നാണ് വിവരം.

◾  രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നു. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

◾  പത്താം ക്ലാസില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മറ്റൊരു അവസരം നല്‍കാനാണെന്ന് സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ രാഹുല്‍ സിംഗ്.  ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാമെന്നും രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത പേപ്പറുകള്‍ ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  സിബിഎസ്ഇ സ്‌കൂളുകളുടെ അഫിലിയേഷന്‍ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷന്‍ നമ്പറും ഉപയോഗിച്ച് സ്‌കൂളുകളുടെ ശാഖകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്‌കരണം. ഒരേ പേരും അഫിലിയേഷന്‍ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.

◾  ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളില്‍ തിയേറ്ററില്‍ തീപിടുത്തം. പിവിആര്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്‌ക്രീനില്‍ തീപിടുത്തമുണ്ടായത്.

◾  കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 23 കോടിയുടെ ക്രിപ്റ്റോ കറന്‍സി കണ്ടുകെട്ടി സിബിഐ. ദില്ലി, പൂനെ, മുംബൈ ഉള്‍പ്പെടെ 60 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിലാണ് ഡിജിറ്റല്‍ കറന്‍സികള്‍ പിടികൂടിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് പുറമെ ഡിജിറ്റല്‍ രേഖകളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.  ബിറ്റ് കോയിന്‍ നിക്ഷേപ തട്ടിപ്പായ ഗയിന്‍ബിറ്റ് കോയിന്‍ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടോ എന്നതടക്കം സിബിഐ പരിശോധിച്ചു വരികയാണ്.

◾  ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബി ജെ പി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായ നല്‍കി ഹര്‍ജിയിലാണ് കേന്ദ്ര മറുപടി. നിയമനിര്‍മ്മാണ സഭകളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയില്‍ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

◾  അരവിന്ദ് കെജ്രിവാള്‍ രാജ്യസഭയിലേക്ക് എന്ന ആഭ്യൂഹം തള്ളി ആം ആദ്മി പാര്‍ട്ടി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്രിവാള്‍ പഞ്ചാബില്‍ നിന്ന് രാജ്യസഭയില്‍ എത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.

◾  ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. കോളേജ് മെസില്‍ മാംസാഹാരം നല്‍കിയത് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തില്‍ മാംസാഹാരം നല്‍കാന്‍ പാടില്ലെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

◾  മധ്യപ്രദേശിലെ ഭോപാലില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികള്‍ ഭക്ഷണ പാത്രങ്ങള്‍ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകള്‍ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്റെ രണ്ടാം ദിവസമാണ് അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്.

◾  നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടാനുള്ള താല്‍പര്യം യുക്രെയ്ന്‍ മറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി നാളെ യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഡോണള്‍ഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ട്രംപ് പറഞ്ഞു.  

◾  പ്രതിരോധ ചെലവ് കുത്തനെ കുറയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ചെലവ് പാതിയായി കുറയ്ക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്.

◾  സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സൈനികര്‍ക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

◾  രഞ്ജി ട്രോഫി ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ കേരളത്തിനെതിരെ പിടിമുറുക്കുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ വിദര്‍ഭ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. പുറത്താകാതെ 138 റണ്‍സെടുത്ത ഡാനിഷ് മലേവറുടെയും 86 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായരുടേയും  പ്രകടനങ്ങളാണ് വിദര്‍ഭയ്ക്ക് കരുത്തായത്.

◾  ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ 7 വിക്കറ്റ് നഷടത്തില്‍ 325 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യമായിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സ് നേടിയ ജോ റൂട്ടിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ പൊരുതിയെങ്കിലും 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി.

◾  പെയിന്റ് വ്യവസായത്തില്‍ ആധിപത്യം സ്ഥാപിച്ച ശേഷം മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. വയര്‍, കേബിള്‍ മേഖലയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ 1,800 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുക. ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാവായ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനി അള്‍ട്രാടെക് സിമന്റ് ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് ഫാക്ടറി സ്ഥാപിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2024 ലാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് 'ബിര്‍ള ഓപ്പസ്' ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് പെയിന്റ് വ്യവസായത്തില്‍ പ്രവേശിക്കുന്നത്. വ്യവസായത്തിന്റെ ശേഷി 40 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തിയത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കേബിള്‍സ് ആന്‍ഡ് വയര്‍സ് വിഭാഗത്തിലേക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തിന്റെ പിന്‍ബലത്തില്‍ അള്‍ട്രാടെക് സിമന്റ് പ്രവേശിക്കുന്നത് ഈ മേഖലയിലും വലിയ സ്വാധീനം ചെലുത്തും. നിലവില്‍ വിപണിയിലുളള പോളികാബ് ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ്, ആര്‍ആര്‍ കാബല്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ വലിയ സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതേസമയം ഹോം വയറിംഗ് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികള്‍ക്ക് പരിമിതമായ തിരിച്ചടിയാണ് ഉണ്ടാകാന്‍ സാധ്യതയുളളത്.

◾  ഇതുവരെ കേട്ടറിഞ്ഞതിലും അപ്പുറത്താണ് ഖുറേഷി അബ്രാമിന്റെ ലോകമെന്ന് സൂചന നല്‍കി മോഹന്‍ലാല്‍. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേറി അബ്രഹാം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രധാന സൂചനകള്‍ നല്‍കുന്നത്. ലൂസിഫറിന് ശേഷം 'എംപുരാന്‍' മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന് കൂടിയാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഖുറേഷി അബ്രാമിന്റെ ലോകത്തെ കുറിച്ചാണ് എംപുരാന്‍ പറയുന്നത്. ഖുറേഷി അബ്രഹാം തനിക്ക് മുന്നിലെത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നാണ് എംപുരാന്റെ ഇതിവൃത്തം. സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ കഥ മൂന്നാം ഭാഗത്തില്‍ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയും ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

◾  മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുന്‍പ് തീയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 110 കോടിയോളം ഗ്രോസ് നേടി ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകള്‍ പിന്നിടുമ്പോഴും  നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ നിലനില്‍ക്കുകയാണ് ലക്കി ഭാസ്‌കര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രമായി ലക്കി ഭാസ്‌കര്‍ മാറിയിരിക്കുകയാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ റിലീസ് ചെയ്ത സമയം മുതല്‍ ആഗോള തലത്തില്‍ ട്രെന്‍ഡിങ് ആയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്തു.

◾  സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവി നിരയെ കൂടുതല്‍ ശക്തമാക്കാന്‍ പോകുന്നു. ഈ പുതുതലമുറ കൊഡിയാക് സ്‌പോര്‍ട്‌ലൈന്‍, എല്‍ & കെ, ആര്‍എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. 2025 സ്‌കോഡ കൊഡിയാക്ക് ഒരു ആഡംബരപൂര്‍ണ്ണവും ശക്തവുമായ എസ്യുവിയായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുന്നത്. 2025 സ്‌കോഡ കൊഡിയാക്കിന്റെ ശക്തമായ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍ , എഡബ്ല്യുഡി സിസ്റ്റം ഘടിപ്പിച്ച അതേ 2.0ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ഇതിന് ലഭിക്കുക. ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങള്‍ക്ക് 190 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം, ഇതിന് 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സും ലഭിക്കും. അതിന്റെ ആര്‍എസ് വേരിയന്റിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ വേരിയന്റ് 265 ബിഎച്പി പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. വാഹനത്തിന്റെ എക്സ്-ഷോറൂം വില ഏകദേശം 45 ലക്ഷം രൂപയില്‍ നിന്നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍എസ് വേരിയന്റിന് അതിനേക്കാള്‍ വില കൂടുതലായിരിക്കും.

◾  വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും. ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകള്‍....ചില പ്രണയങ്ങള്‍ അങ്ങനെയാണ്. തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവര്‍ പ്രണയിച്ചുകൊണ്ടേയിരിക്കും. അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളില്‍ ജീവിതം വസന്തത്തിനു വഴിമാറും ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലില്‍ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു. 'ആഴിയും ആകാശവും'. അനുജിത്ത് പി ദേവ്. ഡിസി ബുക്സ്. വില 142 രൂപ.

◾https://dailynewslive.in/  തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് മുടി ആരോഗ്യത്തോടെ വളരാന്‍ ഏറെ പ്രധാനമാണ്. ഇത് മുടിക്ക് അവശ്യ പോഷണം നല്‍കുന്നതിനൊപ്പം ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. വെളിച്ചെണ്ണയില്‍ പല തരത്തിലുള്ള ഔഷധങ്ങളിട്ടു കാച്ചിയും അല്ലാതെയും തലയില്‍ പുരട്ടുന്നവരുണ്ട്. കൂടാതെ ബദാം ഓയില്‍, അര്‍ഗന്‍ ഓയില്‍ തുടങ്ങിയ പല ചേരുവകള്‍ നമ്മള്‍ തലയില്‍ മാറിമാറി പരീക്ഷിക്കാറുണ്ട്. എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. സാധാരണ 30 മിനിറ്റ് വരെ തലയില്‍ എണ്ണ പുരട്ടിയ ശേഷം കഴുകികളയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് രാത്രി മുഴുവന്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്ന ശീലമുണ്ട്. രാത്രിയില്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് സുരക്ഷിതമാണോ? എല്ലാവര്‍ക്കും സുരക്ഷിതമല്ലെന്നാണ് ഉത്തരം. മുടിയുടെ തരം, സ്‌കാല്‍പ്പിന്റെ ആരോഗ്യം, ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാത്രി മുഴുവന്‍ എണ്ണ പുരട്ടുന്നത് തലയോട്ടിക്ക് വിശ്രമം നല്‍കാന്‍ സഹായിക്കും. ഇത് സ്‌കാല്‍പ്പിലും ഹെയര്‍ ഫോളിക്കുകളിലും ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. രാത്രിയില്‍ പതിവായി എണ്ണ തേയ്ക്കുന്നത് പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടി ഉള്ളില്‍ നിന്ന് കരുത്തുള്ളതാവുകയും ചെയ്യുന്നു. വരണ്ട തലയോട്ടിയുള്ളവര്‍ക്ക് ദീര്‍ഘനേരം എണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. കാരണം ഇത് തൊലി പൊട്ടുന്നതും ചൊറിച്ചിലും ഒഴിവാക്കാന്‍ സഹായിക്കുന്നു. എണ്ണ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ഇത് മുടി മിനുസമുള്ളതും ഭംഗിയുള്ളതുമാക്കുന്നു. രാത്രി എണ്ണ പുരട്ടി കിടക്കുമ്പോള്‍ പൊടിയുടെ ചെളിയും ഏല്‍ക്കാതിരിക്കാന്‍ മുടി ഒരു തുണികൊണ്ടോ കവര്‍ കൊണ്ടോ മൂടുന്നത് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ പാമ്പ് പിടുത്തക്കാരന് ധാരാളം പാമ്പുകളുണ്ടായിരുന്നു. അവയെ പ്രദര്‍ശിപ്പിച്ചുകൊണ്ട് കിട്ടിയിരുന്ന പണംകൊണ്ടാണ് അയാള്‍ ജീവിച്ചിരുന്നത്. പാമ്പുകളുടെ കൂട്ടത്തില്‍ വലിയൊരു സര്‍പ്പം ഉണ്ടായിരുന്നു. സര്‍പ്പം പത്തിവിടര്‍ത്തി ആടുന്നത് കാണാന്‍ ധാരാളം ആളുകള്‍ വരുമായിരുന്നു. അയാളുടെ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണവും ഈ സര്‍പ്പമായിരുന്നു.  ഒരുദിവസം അയാളുടെ സര്‍പ്പത്തിനെ ആരോ മോഷ്ടിച്ചു.  അയാള്‍ പലസ്ഥലത്തു അന്വേഷിച്ചെങ്കിലും സര്‍പ്പത്തെ കണ്ടെത്താനായില്ല,  തന്റെ ഉപജീവനമാര്‍ഗ്ഗമായ സര്‍പ്പത്തെ തിരിച്ചുകിട്ടാന്‍ അയാള്‍ ഉളളുരുകി പ്രാര്‍ത്ഥിച്ചു.  എന്നാല്‍ നിരാശയായിരുന്നു ഫലം.  തന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവത്തെ അയാള്‍ മനസ്സുകൊണ്ട് ശപിച്ചു.  ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പാമ്പ് പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് ഒരു പാമ്പ് പിടുത്തക്കാരന്‍ സര്‍പ്പദംശനമേറ്റ് മരിച്ചുകിടക്കുന്നത് അയാള്‍ കണ്ടു.  അടുത്തെത്തി നോക്കിയപ്പോള്‍ ആളുകള്‍ തല്ലിക്കൊന്ന തന്റെ സര്‍പ്പത്തേയും കണ്ടു.  ദൈവം തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് അയാള്‍ക്ക് അപ്പോള്‍ മനസ്സിലായി. സര്‍പ്പം വിഷം മുറ്റി ആരെയെങ്കിലും കടിക്കാനുളള തയ്യാറെടുപ്പില്‍ ആയിരുന്നു.  താന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിന് അയാള്‍ ദൈവത്തിന് നന്ദി പറഞ്ഞു.   നമ്മുടെ ചില പരിശ്രമങ്ങളില്‍ നാം പരാജയപ്പെടുന്നതിന് കാരണം അവ നമുക്ക് അനുഗുണമല്ലാത്തതുകൊണ്ടു കൂടിയാണ്.  കുറച്ച് നാള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും.  പരിശ്രമിക്കുക, നമുക്ക് നേടാനായില്ലെങ്കില്‍ മനസ്സിലാക്കുക, ഇതിലും കൂടുതല്‍ ഉചിതമായത് നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍