എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ; 'സാർവ്വത്രിക പെൻഷൻ' പദ്ധതി വരുന്നു.


ന്യൂഡല്‍ഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നു. നിലവില്‍ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നതെന്നാണ് വിവരം. അസംഘടിത മേഘലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പോലുള്ളവയില്‍നിന്നും വ്യത്യസ്ഥമാണ് പുതിയ പദ്ധതിന്നാണ് സൂചന. പദ്ധതിയില്‍ നിര്‍ബന്ധിതമായി ചേരേണ്ടതില്ല എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. എന്നാല്‍ ഇ.പി.എഫ് പോലെ ഇതിന് സര്‍ക്കാര്‍ വിഹിതം ഉണ്ടായേക്കില്ല എന്നാണ് പ്രാഥമിക വിവരം.

പലമേഖലയിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചില പെന്‍ഷന്‍ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇവയെ ലയിപ്പിച്ച് ഒറ്റപ്പദ്ധതി ആക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിലവിലുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് പകരമായി ഇതിനെ അവതരിപ്പിക്കില്ല. നിക്ഷേപകന് 60 വയസ് തികയുമ്പോള്‍ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കുന്ന അടല്‍ പെന്‍ഷന്‍യോജന, വഴിയോര കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള പി.എം-എസ്.വൈ.എം എന്നിങ്ങനെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നിലവില്‍ സര്‍ക്കാരിന്റെ നിരവധി പെന്‍ഷന്‍ പദ്ധതികളുണ്ട്. നിക്ഷേപകന് 60 വയസ് കഴിഞ്ഞാല്‍ മാസം 3000 രൂപ ലഭിക്കുന്ന, കര്‍ഷകര്‍ക്കുള്ള പ്രധാന്‍മന്ത്രി കിസാന്‍ മന്ദന്‍ യോജന പദ്ധതിയുമുണ്ട്.


ഇവയിലേതൊക്കെ ലയിപ്പിക്കുമെന്ന് വ്യക്തമല്ല. പെന്‍ഷന്‍ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ മാത്രമേ ആരംഭിച്ചുള്ളു. അതിന്റെ കരട് രൂപം തയ്യാറായാല്‍ മാത്രമേ പദ്ധതിയുടെ രീതിയും അതിന്റെ സംവിധാനങ്ങളും എങ്ങനെ എന്ന് വ്യക്തമാകു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍