ഇന്ന് മഹാശിവരാത്രി: അമൃതപുണ്യം… പഞ്ചാക്ഷരീമന്ത്രമുരുവിട്ട് പ്രപഞ്ചം

പ്രപഞ്ചം പഞ്ചാക്ഷരീമന്ത്രമുരുവിട്ട് വാരാണസീപുരേശന് ഹൃദയതര്‍പ്പണം ചെയ്യുന്ന മഹാശിവരാത്രി ദിനമായ ഇന്ന് അമൃത് നിറഞ്ഞ പുണ്യപ്രയാഗയില്‍ മഹാകുംഭമേളയ്‌ക്ക് പരിസമാപ്തി. ലോകരക്ഷയ്‌ക്കായി ഘോരവിഷം പാനം ചെയ്ത് നീലകണ്ഠനായിത്തീര്‍ന്ന കാലകാലന്റെ മഹാകാരുണ്യവര്‍ഷത്തില്‍ ഒരു രാഷ്‌ട്രം സേവനത്തിന്റെയും ത്യാഗത്തിന്റെയും കൊടിക്കീഴില്‍ ധ്യാനനിരതമാവുന്നു. നാല്പത്തഞ്ചുനാള്‍…. മകരസംക്രാന്തി മുതല്‍ മഹാശിവരാത്രി വരെ…ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പ്രയാഗയിലെ മഹാതീര്‍ത്ഥത്തില്‍ പുണ്യസ്നാനം ചെയ്തത് അറുപത് കോടിയിലേറെ ഭക്തര്‍… ത്രിവേണിയുടെ പുണ്യസ്നാനത്തില്‍ മുഴങ്ങിയത് ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യം.

ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും പ്രയാഗയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തി. എല്ലാ സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍, വനവാസി സമൂഹം, ബുദ്ധസംന്യാസിമാര്‍, ശാസ്ത്രജ്ഞര്‍, സിനിമാതാരങ്ങള്‍, അവധൂതര്‍, അഘോരികള്‍, പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അടക്കമുള്ള രാഷ്‌ട്രനേതാക്കള്‍… ജ്ഞാനകുംഭയ്‌ക്കും നേത്രകുംഭയ്‌ക്കും കലാകുംഭയ്‌ക്കും ധര്‍മ്മസന്‍സദിനും ഹിന്ദുനേതൃസമ്മേളനത്തിനും കുംഭമേളാ നഗരി വേദിയായി.

കുറ്റവും കുറവും കാണാന്‍ മാത്രം കാത്തിരുന്ന കുബുദ്ധികള്‍ക്ക് കുറവുണ്ടായിരുന്നില്ല. സനാതനധര്‍മത്തെ ഉന്മൂലനം ചെയ്തുകളയുമെന്ന് ഭീഷണി മുഴക്കിയ ഡീപ്പ് സ്റ്റേറ്റ് കുഴലൂത്തുകള്‍ക്കും മീതെ ഹര ഹര ഗംഗേ ജയ ജയ ഗംഗേ എന്ന ഭക്ത്യാരവങ്ങള്‍ ഉയര്‍ന്നു… ലോകം ഭാരതത്തിന്റെ കരുത്ത് അറിഞ്ഞു.

സനാതനശക്തിയുടെ മഹാപ്രവാഹത്തില്‍ ത്രിവേണീ സംഗമനഗരി ഈ രാത്രി ഉറക്കമൊഴിഞ്ഞ് മഹാദേവനെ ധ്യാനിക്കും. ഹര്‍ ഹര്‍ മഹാദേവ എന്ന മന്ത്രം കോടാനുകോടി അധരങ്ങളിലൂടെ പ്രപഞ്ചമെങ്ങും പടരും. മണികര്‍ണികാഘട്ടില്‍, പവിത്ര ഗംഗയുടെ തീരഭൂമിയില്‍, മോക്ഷപദം തേടുന്ന ധ്യാനമണ്ഡപങ്ങളില്‍… എവിടെയും പഞ്ചാക്ഷരീ ജപം. കൈലാസം മുതല്‍ കന്യാകുമാരി വരെ ഒരു മനസോടെ ശിവാര്‍ച്ചനയ്‌ക്കൊരുങ്ങുന്നു.

ഹിമവത്സേതു പര്യന്തം
ഒരേ ദാഹം ഒരേ ക്ഷുധാ
ഒരൊറ്റത്തുള്ളി വെള്ളത്തില്‍
ഒരു രാഷ്‌ട്രനിബന്ധനം….


 .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍