പ്രഭാത വാർത്തകൾ
2025 ഫെബ്രുവരി 26 ബുധൻ
1200 കുംഭം 14 തിരുവോണം
1446 ശഅ്ബാൻ 26
◾ സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിര്‍ദേശങ്ങള്‍ അംഗീകരിച്ച് സി.ബി.എസ്.ഇ .ഇനി കരടുനിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവര്‍ക്ക് മാര്‍ച്ച് ഒന്‍പതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കരടനുസരിച്ച് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചുമുതല്‍ 20 വരെ നടത്തും.
◾ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിര്‍മ്മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓര്‍ത്തഡോക്സ് സഭ. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുതെന്നും ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ പറഞ്ഞു. മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പുതിയ തലമുറയെ അകറ്റി നിര്‍ത്താന്‍ ഉള്ള കര്‍മ്മപരിപാടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും ഓര്‍ത്തഡോക്സ് സഭ കൂട്ടിച്ചേര്‍ത്തു.
◾ തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
◾ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് നേരെയുള്ള സര്‍ക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമന്‍. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ കണ്ണു തുറക്കുന്നില്ലെന്നും അവര്‍ക്കു നേരെ പുലയാട്ട് നടത്തുകയാണെന്നും പറഞ്ഞ ശിവരാമന്‍ ഇത് ഇടതുപക്ഷ നയമാണോയെന്നും ചോദിക്കുന്നു. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് സിഐടിയു. വേതനം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സെക്രട്ടറിയേറ്റിനുമുന്നിലല്ല, കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പിപി പ്രേമ പറഞ്ഞു.
◾ വെഞ്ഞാറമൂട്ടിലെ കൊലവെറിയുടെ ഇരകള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെട്ട 5 പേരുടെയും സംസ്‌കാരം ഇന്നലെ പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് 23കാരന്‍ അഫാന്‍ ഉറ്റവരെയും പെണ്‍സുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസില്‍ ഇനി നിര്‍ണ്ണായകം. മൂന്ന് ഡിവൈഎസ് പിമാരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
◾ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയില്‍. വണ്ടിയില്‍ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എന്റിച്ച് എന്ന കടയ്ക്ക് മുന്നില്‍ ഇറക്കാനായിരുന്നു അഫാന്‍ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോള്‍ തന്നോട് അഫാന്‍ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിന്റെ ഒരു കൂസലും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു .
◾ ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരന്‍ അഫ്സാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ മന്തി വാങ്ങാന്‍ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാന്‍ ഓട്ടോയിലെത്തുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാന്‍ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാന്‍ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
◾ തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നതായും വീസ കാലാവധി തീര്‍ന്നതിനാലാണ് വരാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത വിമാനക്കൂലിയില്‍ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ട് ഹാരിസ് ബീരാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.
◾ അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലെയുള്ള അപൂര്‍വ്വ രോഗബാധിതരായ ആയിരക്കണക്കിന് ആള്‍ക്കാര്‍ രാജ്യത്തുണ്ടെന്നും അവര്‍ക്ക് വേണ്ടി മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കണമെന്നും ആവശ്യമെങ്കില്‍, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
◾ സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹo വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
◾ അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്.
◾ മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റിലുള്ള പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും. അതേസമയം പി.സി. ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
◾ നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
◾ ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരന്റെ ചേട്ടനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരന്‍ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു.
◾ ഇടുക്കി കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച കമ്പംമെട്ട് സിഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ പുതുവത്സര തലേന്നാണ് ഷമീര്‍ ഖാന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തുവീണ് മുരളീധരന്റെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുരളീധരന്‍ പരാതി നല്‍കി. എന്നാല്‍ സിഐ ഷമീര്‍ഖാനെ വെള്ളപൂശിയാണ് കട്ടപ്പന ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
◾ ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്‍കി കബളിപ്പിച്ച കേസില്‍ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയില്‍ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയില്‍ എത്തുന്നത്. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയില്‍ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് ദില്ലി പൊലീസ് രൂപേഷിനെ പിടികൂടിയത്.
◾ ഭക്തജനങ്ങളുടെ കണക്കില്‍ റെക്കോര്‍ഡിട്ട് മഹാകുംഭമേള. ഇത് വരെ 64 കോടിയിലധികം ഭക്തര്‍ മഹാകുംഭമേളയ്ക്കെത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തര്‍ ദിവസവും ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തുവെന്നാണ് കണക്കുകള്‍.
◾ കര്‍ണാടക ബസ് തടഞ്ഞ് ഡ്രൈവറെ കുങ്കുമം അണിയിച്ച് ജയ് മഹാരാഷ്ട്ര എന്ന് വിളിപ്പിച്ച് ശിവസേനാ പ്രവര്‍ത്തകര്‍. തിങ്കളാഴ്ച സോളാപൂരിലാണ് സംഭവം. ഇതിന് പിന്നാലെ ബസിന് മുകളിലും ശിവസേനാ അനുകൂല മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ കുറിച്ചു. ഛത്രപതി ശിവാജി മഹാരാജ് കി ജയ് , ജയ് മഹാരാഷ്ട്ര, ജയ് ഭവാനി വിളികളോടെയായിരുന്നു അക്രമം.
◾ ഡല്‍ഹി നിയമസഭയില്‍ രണ്ടാം ദിവസവും നാടകീയ രംഗങ്ങള്‍. ലഫ്റ്റനന്റ് ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെയുള്ള എഎപി എംഎല്‍മാരെ സഭയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയില്‍ പ്രതിഷേധിച്ചത്.
◾ ഡല്‍ഹി മദ്യനയത്തിലെ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സര്‍ക്കാരിനുണ്ടായിയെന്നും അടിമുടി ക്രമക്കേടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ ഒരു സംവിധാനവും ഉണ്ടായില്ലെന്നും കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായിയെന്നും അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
◾ റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് 422 മീറ്റര്‍ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തു. 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. സര്‍ക്കാര്‍-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്‌സില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു.
◾ 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. ദില്ലി വിചാരണ കോടതി സ്പെഷ്യല്‍ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. നിലവില്‍ തിഹാര്‍ ജയിലിലാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍. സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
◾ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ വിമര്‍ശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകള്‍ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
◾ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന് റഷ്യ. റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് പുതിന്‍ പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കേയാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള അസാധാരണ വാഗ്ദാനം.
◾ രഞ്ജി ട്രോഫിയില്‍ കന്നികീരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദര്‍ഭയെ രഞ്ജി ട്രോഫി ഫൈനലില്‍ നേരിടും. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം.
◾ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ നടക്കാനിരുന്ന ദക്ഷണാഫ്രിക്ക - ഓസ്ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താന്‍ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക അഫ്?ഗാനിസ്ഥാനെയും തോല്‍പ്പിച്ചിരുന്നു.
◾ തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണ വായ്പ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ കമ്പനിയായ ബെയിന്‍ ക്യാപിറ്റലിന്റെ നീക്കം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമോട്ടര്‍മാരുടെ ഓഹരികളും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവും കൂടാതെ നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി സ്വന്തമാക്കുന്നതും വഴി മൊത്തം 46 ശതമാനത്തോളം ഓഹരികളാണ് ബെയ്ന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുക. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാറിന് 35.25 ശതമാനം ഓഹരികളാണ് സ്ഥാപനത്തില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമ്പോള്‍ ഓപ്പണ്‍ ഓഫര്‍ വഴി കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരം ബെയിന്‍ ക്യാപിറ്റലിന് ലഭിക്കും. ഇതുവഴി മൊത്തം 46 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ശരാശരി 237-240 രൂപയ്ക്കാകും ഓഹരി വില്‍പ്പന. അതനുസരിച്ച് 9,000-10,000 കോടി രൂപയുടേതാകും ഇടപാട്. തുടക്കത്തില്‍ മണുപ്പറം ഫിനാന്‍സും ബെയിന്‍ ക്യാപിറ്റലും സംയുക്തമായിട്ടായിരിക്കും കമ്പനിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.
◾ വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 7നാണ് ചിത്രത്തിന്റെ റിലീസ്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന ഫസല്‍ ഹസന്‍.
◾ ഷെയിന്‍ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം ഏപ്രില്‍ 24നാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്നര്‍.
◾ സൂപ്പര്‍ഹിറ്റായി കിയ സിറോസ്, ജനുവരി മൂന്നിന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ ലഭിച്ചത് 20163 ബുക്കിങ്ങുകള്‍. പെട്രോള്‍ മോഡലിനാണ് 67 ശതമാനവും ബുക്കിങ്ങുകള്‍ ലഭിച്ചത്. ഡീസലിന് 33 ശതമാനം ബുക്കിങ് ലഭിച്ചു. ബുക്ക് ചെയ്തതില്‍ 46 ശതമാനം ആളുകള്‍ ഉയര്‍ന്ന മോഡലുകളാണ് തിരഞ്ഞെടുത്തത്. നിറം വച്ച് നോക്കുകയാണെങ്കില്‍ 32 ശതമാനം ആളുകള്‍ ഗ്ലേസിയര്‍ വൈറ്റ് എന്ന നിറം തിരഞ്ഞെടുത്തപ്പോള്‍ 26 ശതമാനം ആളുകള്‍ അറോറ പേള്‍ ബ്ലാക്കും 20 ശതമാനം ആളുകള്‍ ഫ്രോസ്റ്റ് ബ്ല്യൂവും തിരഞ്ഞെടുത്തു. ഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്യുവി സിറോസിനെ പുറത്തിറക്കിയത്. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.
◾ അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിര്‍മ്മാല്യപൂജ അവള്‍ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധര്‍വ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാല്‍ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികള്‍ക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; 'തവ വിരഹേ കേശവ'. മായാ കിരണ്‍. ഡിസി ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കും മറ്റുമായി സ്വന്തം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചെറി പഴം മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളായ എ, സി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായ മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 100 ഗ്രാം പേരയ്ക്കയില്‍ 228.3 ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് ആപ്പിള്‍. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍