ദേ.. പോയി ദാ വന്നു ’: ഓടുപൊളിച്ച് മോഷ്ടിച്ച 30 പവൻ സ്വർണം തിരികെവച്ച് ‘മാതൃക’!

മുക്കം ∙ മാനസാന്തരം വന്ന കള്ളൻ മോഷ്ടിച്ച സ്വർണം വീട്ടിൽ തിരികെ കൊണ്ടുവച്ചു. കാരശ്ശേരി കുടങ്ങര മുക്കിൽ സെറീനയുടെ വീടിന്റെ ഓടുപൊളിച്ച് 30 പവൻ സ്വർണമാണ് മോഷ്ടിച്ചത്. ഒരു പാദസരം ഒഴികെ ബാക്കി എല്ലാം തിരികെ ലഭിച്ചെന്നാണ് വിവരം. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മോഷണം. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിനു പോയ സമയത്തായിരുന്നു സംഭവം. സെറീനയുടെ മകൾ പ്രസവത്തിനായി വീട്ടിൽ എത്തിയിരുന്നു. ഇവരുടെ സ്വർണം അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ സ്വർണമാണു മോഷ്ടിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണു മോഷ്ടാവിന്റെ അപ്രതീക്ഷിത നീക്കം.

അടുക്കളയോട് ചേർന്നു അലക്കാനുള്ള തുണി വയ്ക്കുന്ന ബക്കറ്റിലാണ് ഇന്ന് രാവിലെ സ്വർണം കണ്ടത്. പൊലീസെത്തി പരിശോധന നടത്തി. വീടുമായി അടുത്ത ബന്ധമുള്ള ആരോ ആണ് മോഷണം നടത്തിയതെന്നാണ് സംശയം. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍