പ്രഭാത വാർത്തകൾ
2025 | ജനുവരി 28 ചൊവ്വ
1200 | മകരം 15 പൂരാടം
1446 l റജബ് 27
◾ പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എല്‍ഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.
◾ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. ബില്ലിനെ അനുകൂലിച്ച് 16 എംപിമാര്‍ നിലപാടെടുത്തു. 10 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച 44 ഭേദഗതികളും വോട്ടിനിട്ട് തള്ളി. ചെയര്‍മാന്‍ ചര്‍ച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാല്‍ അറിയിച്ചു. അമുസ്ലിങ്ങളായ രണ്ടുപേര്‍ ഭരണസമിതിയില്‍ ഉണ്ടാകുമെന്നതുള്‍പ്പടെയുള്ളവ അംഗീകാരം നല്‍കിയവയില്‍ ഉള്‍പ്പെടും.
◾ റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം ഇന്ന് നല്‍കും. വിശദമായി പഠിച്ച ശേഷം വേതന പരിഷ്‌കരണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ ഇന്ന് നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിരുന്നു. 256 കടകള്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തിച്ചതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
◾ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണനത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
◾ വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
◾ പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെയും കാണും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.
◾ നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി തെരച്ചില്‍ നടത്തുന്നത് നൂറിലധികം നാട്ടുകാര്‍. പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നത്. നേരം പുലരുന്നതോടെ പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
◾ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. ചെന്താമരയെ കണ്ടെത്താന്‍ പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തുന്നത്.
◾ തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സുധാകാരനും കുടുംബവുമാണെന്നുള്ള ചെന്താമരാക്ഷന്റെ സംശയവും അതിനെ തുടര്‍ന്നുള്ള പകയുമാണ് പാലക്കാട് നെന്മാറ കൊലപാതകത്തിന് പിന്നിലെന്ന് പോലിസ്. വെറും സംശയത്തിന്റെ പേരില്‍ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി. കലിയടങ്ങാത്ത പ്രതി ആറ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തിയിരിക്കുന്നത്.
◾ നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുധാകരനും മകളും പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്‍മാറ പൊലീസിനെതിരെ നടപടി വന്നേക്കും.
◾ പാര്‍ട്ടിയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കി കോണ്‍ഗ്രസ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളില്‍ ഭാരവാഹികളായിരുന്നവര്‍ക്കാണ് പാര്‍ട്ടിയിലും ചുമതല നല്‍കിയത്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവര്‍ക്കാണ് പുതിയ ചുമതല നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റുമാരായാണ് നിയമനം. ഡീന്‍ കുര്യാക്കോസിന്റെ കാലത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്.
◾ വയനാട് പനമരത്ത് സിപിഎം കാരുടെ മര്‍ദ്ദനമേറ്റ പഞ്ചായത്ത് മെമ്പര്‍ ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ബെന്നിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ടെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകര്‍ ബെന്നിയെ ആക്രമിച്ചത് വിവാദമായിരുന്നു. ബെന്നിക്ക് പിവി അന്‍വര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ വച്ച് ഇന്ന് അംഗത്വം നല്‍കും.
◾ ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന്. അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ഇന്നും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക. 318 ഘനമീറ്ററുള്ള തേക്ക് തടികളാണ് നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.
◾ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുമാസത്തില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവര്‍ക്കുമെതിരെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദേശം.
◾ കായംകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സുധന്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.
◾ ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ ചലച്ചിത്ര താരത്തിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാകാന്‍ നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകര്‍പ്പ് നടിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിക്ക് കൈമാറി.
◾ പാലക്കാട്ടെ മദ്യനിര്‍മാണശാല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണമെന്നും വികസനത്തിന് എതിരല്ലെന്നും വഴിമുടക്കുന്ന പാര്‍ട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാല്‍ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ എന്നിവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി.
◾ കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയില്‍ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
◾ സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ എറണാകുളം എളമക്കര പൊലീസ് കേസെടുത്തു. നേരത്തേയും ഈ നടിയുടെ പരാതിയില്‍ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ല്‍ നടി സനല്‍ കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
◾ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്. 2002 -ല്‍ വള്ളികുന്നം കാമ്പിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ഇയാള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി സംസാരിക്കുന്നത്. ആശംസകളും അഭിനന്ദനങ്ങളും കൈമാറിയ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം.
◾ ഗംഗയില്‍ മുങ്ങിനിവരുന്നതുകൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകുമോയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇവര്‍ക്ക് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പാവപ്പെട്ടവരെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. അതേസമയം ലോകം മുഴുവന്‍ ഈ വിശ്വാസത്തെ ആദരിക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി മഹാകുംഭമേളയേയും ഈ വിശ്വാസത്തെയും പരിഹസിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി. വക്താവ് സാംബിത് പത്ര രംഗത്തെത്തി. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയാണ് കോണ്‍ഗ്രസ് നേതാവ് അപമാനിച്ചതെന്നും മറ്റ് മതാചാരങ്ങളെ ഇങ്ങനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് ഞാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കര്‍ഷകസമരം ഉള്‍പ്പെടെ പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകള്‍ ഏറ്റെടുക്കുന്ന പ്രക്ഷോഭപരിപാടികളില്‍ രാജ്യത്തുടനീളം പാര്‍ട്ടിയുടെ ഇടപെടല്‍ സജീവമാക്കാന്‍ സി.പി.എം. പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വീണ്ടെടുക്കാന്‍ ഇത് അനിവാര്യമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
◾ തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബന്‍ജാരെ താണ്ടയില്‍ 25ഓളം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയില്‍ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. കുരങ്ങന്മാര്‍ക്ക് വിഷം നല്‍കിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
◾ മഹാകുംഭമേളയുടെ വര്‍ണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ചയിലെ രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മഹാമകുംഭമേളയുടെ ഊര്‍ജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും.
◾ മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ചിന് സമര്‍പ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നല്‍കിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയാണ് സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
◾ മുഡ ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാര്‍വ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസില്‍ 2024 ഒക്ടോബറിലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്.
◾ രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികള്‍ക്കും ഭരണഘടനാപരമായും പൗരന്‍ എന്ന നിലയിലും എല്ലാവര്‍ക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട വനിതകള്‍ക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് ഏരിയയില്‍ നിന്ന് ആപ്പിള്‍ വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഒരു ഡോക്ടര്‍ പോസ്റ്റ് ചെയ്ത സംഭവം കള്ളമെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതെല്ലാം നുണയാണെന്നും സിഐഎസ്എഫ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐഎസ്എഫിന്റെ വിശദീകരണം.
◾ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.
◾ നേരിട്ട് വിമാന സര്‍വീസ് നടത്താനും 2020 മുതല്‍ നിര്‍ത്തിവച്ച കൈലാഷ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യ-ചൈന വിദഗ്ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
◾ ഗാസ വൃത്തിയാകണമെങ്കില്‍ അവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ജോര്‍ദാനും ഈജിപ്തും. ഗാസയിലെ അഭയാര്‍ഥികളെ ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സ്വീകരിക്കണമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ട്രംപിന്റെ നിര്‍ദേശത്തെ ഈ രാജ്യങ്ങള്‍ തള്ളി. പലസ്തീനികളുടെ കുടിയിറക്കത്തിനെതിരായ നിലപാട് ഉറച്ചതാണെന്നും ജോര്‍ദാന്‍ ജോര്‍ദാനികള്‍ക്കും പലസ്തീന്‍ പലസ്തീനുകള്‍ക്കും ഉള്ളതാണെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി വ്യക്തമാക്കി.
◾ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.യുടെ പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞവര്‍ഷം ഏകദിനത്തിലും ടി20-യിലും മികച്ച പ്രകടനം കാഴ്ച വെച്ച അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍.
◾ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിലും വിതരണത്തിലും വിപണി കയ്യടക്കാന്‍ ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ചെന്നൈക്കടുത്ത് ഐഫോണ്‍ പ്ലാന്റ് ഉടമകളായ പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള 60 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. പെഗാട്രോണിന്റെ 60 ശതമാനം ഓഹരികള്‍ ടാറ്റ ഏറ്റെടുക്കുമ്പോള്‍ 40 ശതമാനം ഓഹരികള്‍ പെഗാട്രോണ്‍ തന്നെ കൈവശം വെക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ ഏറ്റെടുക്കലിനെ തുടര്‍ന്ന് പെഗാട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ് റീബ്രാന്റിംഗ് വിധേയമാകുമെന്ന് ടാറ്റ ഇലക്ട്രോണിക്‌സ് അറിയിച്ചു. അതിനിടെ, സിംഗപ്പൂരിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ടെമാസെക് ഹോള്‍ഡിംഗ്‌സില്‍ നിന്ന് ഡിടിഎച്ച് ഓപ്പറേറ്ററായ ടാറ്റ പ്ലേയില്‍ 10 ശതമാനം അധിക ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ടാറ്റ ഗ്രൂപ്പിന്റെ പ്രൊമോട്ടറായ ടാറ്റ സണ്‍സ് സിസിഐയുടെ അനുമതി തേടി. ടാറ്റ പ്ലേയില്‍ ടാറ്റ സണ്‍സിന് 60 ശതമാനം ഓഹരികളുണ്ട്. കരാര്‍ പൂര്‍ത്തിയായ ശേഷം, എന്റര്‍ടൈന്‍മെന്റ് കണ്ടന്റ് വിതരണ പ്ലാറ്റ്‌ഫോമില്‍ 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
◾ നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. സ്‌കൂള്‍ കാലഘട്ടത്തെ പ്രണയം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍ നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. വിജയ് യേശുദാസാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.
◾ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ജന നായകന്‍' ടൈറ്റില്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം നിര്‍മാതാക്കള്‍ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടു. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ചര്‍ച്ചയാവുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ നെടുംതൂണുമായിരുന്ന എംജിആറിനോടുള്ള ആദരസൂചകമായാണോ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സംസാരം. ചുവന്ന പശ്ചാത്തലത്തില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിമിന്റെ മധ്യത്തില്‍ വിജയ് നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. നീണ്ട ചാട്ടവാര്‍ ചുഴറ്റി ചിരിച്ചു കൊണ്ടാണ് പോസ്റ്ററില്‍ വിജയ്യെ കാണാനാവുക. 'നാന്‍ ആണൈ ഇട്ടാല്‍...' എന്ന ടാഗ് ലൈനും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. എംജിആറിന്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്യുടെ അവസാന ചിത്രമാണ് ജന നായകന്‍. അതിനാല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് വിവരം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
◾ ഹംഗേറിയന്‍ ബൈക്ക് ബ്രാന്‍ഡായ കീവേ തങ്ങളുടെ പുതിയ ബൈക്ക് കെ300 എസ്എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് കമ്പനി ഈ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രാരംഭ വില ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എന്നതാണ് പ്രത്യേകത. ഇതിന് പിന്നാലെ ഈ ബൈക്കിന്റെ വിലയും ഉയര്‍ന്നേക്കും. ഈ പുതിയ വില മുന്‍ മോഡലിനേക്കാള്‍ 60,000 രൂപ വരെ കുറവാണ്. പുതിയ ഡീക്കലുകളും എഞ്ചിന്‍ ട്യൂണിംഗിലെ ചെറിയ മെച്ചപ്പെടുത്തലുകളും പോലുള്ള നേരിയ മാറ്റങ്ങള്‍ ഈ ബൈക്കിന് ലഭിച്ചിട്ടുണ്ട്. എങ്കിലും മറ്റ് ഫീച്ചറുകളിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ ബൈക്ക് ലഭ്യമാണ്. കെ300 എസ്എഫിന് 292.4 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്, ഇത് 27.1 ബിഎച്ച്പി പവറും 25 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സും അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമായി വരുന്നു. ബൈക്കിന്റെ സസ്പെന്‍ഷനായി യുഎസ്ഡി ഫോര്‍ക്കുകളും പിന്‍ മോണോഷോക്കും നല്‍കിയിട്ടുണ്ട്.
◾ 'ഓരോ സര്‍ഗ്ഗാത്മകആവിഷ്‌കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോള്‍ അതില്‍ പങ്കുചേരുകയെന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഈ കവിതകള്‍ നിര്‍വഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വൈകുന്നേരം, പറങ്കി, പെണ്‍കുട്ടിയെ വരയ്ക്കുമ്പോള്‍, മേഘവും ഞാനും, രണ്ടുപെണ്‍കുട്ടികള്‍, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എന്‍. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. 'പറങ്കി'. എസ് രാഹുല്‍. ഡിസി ബുക്സ്. വില 99 രൂപ.
◾ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, കെ, പ്രോട്ടീന്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെയ്യ് രോഗ പ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. നെയ്യിനൊപ്പം ചില ഭക്ഷണ-പാനീയങ്ങള്‍ ചേര്‍ക്കുന്നത് ഇവയുടെ ഗുണം കൂട്ടുകയും ചെയ്യും. നെയ്യില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. അതുപോലെ നെയ്യ് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഇഞ്ചി ചായയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. നാരങ്ങാ വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
പോളണ്ടിലെ പ്രധാനമന്ത്രിയായിരുന്നു ഇഗ്നസി യാന്‍ പഡ്രെവ്‌സ്‌കി. അദ്ദേഹം ലോകപ്രശസ്തനായ പിയോനോ വാദകനും കംപോസറും ആയിരുന്നു. ഒരിക്കല്‍ ബോസ്റ്റണില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ വന്ന അദ്ദേഹം തെരുവിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഷൂ പോളിഷ് ചെയ്യുന്ന ഒരു ബാലന്‍ ' സര്‍, ഞാന്‍ താങ്കളുടെ ഷൂ പോളിഷ് ചെയ്ത് തരട്ടെ ? എന്ന ചോദ്യവുമായി പിന്നാലെ കൂടി. പഡ്രെവ്‌സ്‌കി അത് കേള്‍ക്കാത്ത മട്ടില്‍ നടന്നുവെങ്കിലും ആ ബാലന്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അസ്വസ്ഥനായ അദ്ദേഹം ബാലനോട് പറഞ്ഞു: എന്റെ ഷൂ പോളിഷ് ചെയ്യേണ്ട ആവശ്യമില്ല. നീ നിന്റെ ഈ ചെളിപിടിച്ച വൃത്തികെട്ട മുഖം കഴുകി വൃത്തിയാക്കുകയാണെങ്കില്‍ ഞാന്‍ നിനക്ക് കുറച്ച് ചില്ലറ നാണയങ്ങള്‍ തരാം. ബാലന്‍ ഉടനെ അടുത്തുകണ്ട പൈപ്പില്‍ മുഖം കഴുകി. അദ്ദേഹത്തിന്റെ മുന്‍പില്‍ ചെന്നു. അദ്ദേഹം പോക്കറ്റില്‍ നിന്നും നാണയത്തുട്ടുകള്‍ എടുത്ത് ബാലന് കൊടുത്തു. ബാലന്‍ ആ നാണയത്തുട്ടുകള്‍ ആദരപൂര്‍വ്വം വാങ്ങിയതിന് ശേഷം അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുത്തിട്ടുപറഞ്ഞു: സര്‍ താങ്കള്‍ ഉടന്‍ തന്നെ ഒരു ബാര്‍ബറെ സമീപിച്ച് താങ്കളുടെ കാടുപിടിച്ചു വൃത്തികേടായികിടക്കുന്ന തലമുടി ഒന്ന് വെട്ടി വൃത്തിയാക്കിയാലും. ചിലര്‍ അങ്ങിനെയാണ് സ്വന്തം കുറ്റവും കുറവുകളും കണ്ടില്ലെന്ന് നടിച്ച് അന്യന്റെ ചെറിയ കുറവുകളെപ്പോലും വലുതാക്കി കാണിക്കും മറ്റുളളവരുടെ കണ്ണിലെ ചെറിയ കരട് കണ്ടെത്താന്‍ ശ്രമിക്കുന്നതിനുപകരം അവനവന്റെ കണ്ണിലെ വലിയ കരടുകളെ തിരിച്ചറിഞ്ഞ് എടുത്തുകളയാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതം കൂടുതല്‍ ആദരപൂര്‍ണ്ണമായി മാറുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍