രണ്ടരവയസുകാരിയുടെ മൃതദേഹം ആൾമറയുള്ള കിണറ്റിൽ; ; മാതാപിതാക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ആൾമറയുള്ള കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
അതേസമയം, അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപിടിച്ചതായാണ് കുടുംബം പറയുന്നത്. തീ അണച്ചതിനുശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവർ പറയുന്നു. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എംഎൽഎ എം വിൻസന്റും പറയുന്നു.വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2)വിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5.15 ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍