വാര്‍ഷികാഘോഷം ഫെബ്രവരി 1മുതല്‍ 12 വരെ പതിനഞ്ചാം വാര്‍ഷികം: പുതിയ പദ്ധതികളുമായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍
താമരശ്ശേരി: ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പുത്തന്‍ പദ്ധതികളാവിഷ്‌ക്കരിക്കുന്നു.ഭിന്നശേഷി മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി എഫ്.എം റേഡിയോ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുയാണ്. കെയര്‍ എഫ്.എം 89.6 ട്രാന്‍സ്മിറ്റര്‍, മൊബൈല്‍ ആപ്പ് വഴി എഫ്.എം റേഡിയോ ലഭ്യമാകും. കെയര്‍ ടി.വി, കെയര്‍ പബ്ലിക്കേഷന്‍ തുടങ്ങിയ പദ്ധതികളും ഭാവി പ്രവര്‍ത്തനങ്ങളിലുള്‍പ്പെടും. ഭിന്നശേഷിക്കാരുടെ ആജീവനാന്ത പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി അഞ്ചേക്കറില്‍ കെയര്‍ വില്ലേജ് ഉയരും. പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെയര്‍ വില്ലേജില്‍ ചികിത്സാ കേന്ദ്രം, പുനരധിവാസം, തൊഴില്‍ പരിശീലനം, ഇന്നൊവേഷന്‍ ഹബ്ബ്, തൊഴില്‍ കേന്ദ്രം, ആര്‍ട്‌സ് സെന്റര്‍ എന്നിവയാണ് ഒരുങ്ങുക.
ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ കാരുണ്യതീരം പതിനഞ്ചാം വാര്‍ഷികാഘോഷം 'കാരുണ്യോത്സവ്-2025' ഫെബ്രുവരി ഒന്ന് 12 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫെബ്രവരി ഒന്നിന് രാവിലെ 9.30ന് കാരുണ്യതീരം ക്യാമ്പസില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ നാള്‍വഴികള്‍ പങ്കിടുന്ന തലമുറ സംഗമം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കൂട്ടായ്മകളുടെ സംഗമങ്ങള്‍ക്ക് ക്യാമ്പസ് വേദിയാവും. പ്രാവാസികള്‍,വ്യാപാരികള്‍, സ്റ്റാഫംഗങ്ങളും കുടുംബാംഗങ്ങളും, വിവിധ എന്‍.എസ്.എസ് യൂണിറ്റുകള്‍, വിവിധ മേഖലയില്‍പ്പെട്ട സംഘടകള്‍, ഓട്ടോതൊഴിലാളികള്‍ തുടങ്ങിയവരുടെ സംഗമം ഓരോ ദിവസവും നടക്കും. പതിനൊന്നിന് വൈകിട്ട് നാല് മണിമുതല്‍ കലാസന്ധ്യ അരങ്ങേറും. 12ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും. എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, കെ.എം അഷ്‌റഫ് മാസ്റ്റര്‍, നവാസ് പൂനൂര്‍,കെ.മുഹമ്മദ് ഈസ തുടങ്ങിയ പ്രമുഖര്‍ വിവിധ ദിനങ്ങളില്‍ പങ്കെടുക്കും.
കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍, പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷഭവന്‍, കമ്മ്യൂണിറ്റി സൈക്രാട്ടിക്ക് ക്ലിനിക്ക്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്റ് അഡ്വഞ്ചര്‍ അക്കാദമി,നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി തുടങ്ങിയ വിവിധ പദ്ധതികള്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്നുണ്ട്.സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്‌ക്കാരം, മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ 2024ലെ പുരസ്‌കാരമക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനെ തേടിയെത്തിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ബഷീർ പൂനൂർ ജനറൽ സെക്രട്ടറി സി കെ എ ഷമീർ ബാവ, ട്രഷറർ സമദ് പാണ്ടിക്കൽ എന്നിവർ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍