പ്രഭാത വാർത്തകൾ

2024  നവംബർ 14  വ്യാഴം 
1200  തുലാം 29  അശ്വതി 
1446  ജ:അവ്വൽ 11
     
◾ വിധിയെഴുതി വയനാടും ചേലക്കരയും. വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. ചേലക്കരയില്‍ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച് 72.77 ശതമാനം ആണ് പോളിങ്. ചേലക്കര മണ്ഡലത്തില്‍ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

◾ ചേലക്കരയിലെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, 1,54,356  വോട്ടുകളാണ് ഇന്നലെ വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം ചേലക്കരയില്‍ പോള്‍ ചെയ്തത്. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം കുത്തനെ ഇടിയുകയാണുണ്ടായത്. 2019 ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി വയനാടില്‍ മത്സരിച്ചപ്പോള്‍ 80.37 ശതമാനം പോളിംഗ് നടന്നിരുന്നു. എന്നാല്‍ 2024 ല്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ പോളിംഗ് ശതമാനം 73.57 ലേക്ക് താണിരുന്നു. ഇത്തവണ പ്രിയങ്കാ ഗാന്ധിയുടെ ആദ്യ മത്സരമായിട്ടും കാടിളക്കി പ്രചരണം നടത്തിയിട്ടും പോളിംഗ് ശതമാനം ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 64.72 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നിരിക്കുയാണ്.

◾ ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും, ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്‍കിയ പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

◾ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന് വക്കീല്‍ നോട്ടീസ്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ പിന്‍വലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

◾ ഇപിയുടെ പുസ്തകം ഡിസി ബുക്സിനായി തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്നു സൂചന. നേരത്തെ പൂര്‍ത്തിയായ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ സമകാലിക സംഭവങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദ വിഷയമായത്. പുസ്തക വിവാദത്തില്‍ സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

◾ ഇപിയുടെ പേരില്‍ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയില്‍ രാഹുല്‍ എഴുതിയ ആത്മകഥയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്‍. ഇപി എഴുതാത്ത പുസ്തകമാണെന്നും ഇപി പുസ്തകത്തിന് കൊടുക്കാത്ത തലക്കെട്ടാണെന്നും സരിന്‍ ചൂണ്ടിക്കാട്ടുന്നു. 

◾ ഇപി ജയരാജന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.സരിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പാലക്കാട് എത്തും. ആത്മകഥയിലെ സരിന് എതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാന്‍ഡിലെ പൊതുയോഗത്തില്‍ ഇപി സംസാരിക്കും. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് ഇപി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കേരള സര്‍ക്കാരിനെ കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായതെന്നും ഡിസി ബുക്സ് പോലുള്ള ഒരു പ്രസാധകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാള്‍ നല്ല സര്‍ട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിക്ക് ഇനി നല്‍കാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

◾ ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനൊപ്പമാണെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. പിണറായി വിജയനല്ല ഇ.പി. ജയരാജനെന്നും ഇ.പി ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ടിവി പ്രശാന്തിന്റെ മൊഴിയെടുത്തു. നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്റേത് തന്നെയാണെന്നും , പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്റേത് തന്നെയാണെന്നും തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

◾ പ്രിയങ്കഗാന്ധി വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വോട്ടിംഗ് ശതമാനത്തിലാണെന്ന് ആശങ്കയെന്നും പിവി അന്‍വര്‍ എംഎല്‍എ . വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആളുകള്‍ വോട്ട് ചെയ്യാന്‍ വരാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് മൂന്നു ദിവസം മുമ്പ് കെപിസിസി പ്രസിഡന്റിനെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളില്‍ ഇന്ന് പഠിപ്പുമുടക്കല്‍ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നിലവില്‍ വരുമ്പോള്‍  മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.

◾ ഔദ്യോഗിക ഭരണരംഗത്ത് 'ടിയാന്‍'' എന്ന പദത്തിന് സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്  ഉത്തരവിറക്കി. ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ്  ഉത്തരവായി ഇറങ്ങിയിരിക്കുന്നത്. മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ടിയാന്‍' എന്നതിന്റെ സ്ത്രീലിംഗമായി ടിയാള്‍ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

◾ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്  അനുമതിയില്ലാതെ ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.

◾ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍  ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. ലോയേഴ്സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെയാണ് ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷന്‍ പരാതി നല്‍കിയത്. സര്‍ക്കാര്‍ അഭിഭാഷകരടക്കും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ജഡ്ജിമാര്‍ കൂടി ഭാഗമാകുന്നത് അനുചിതമെന്നാണ് അഭിഭാഷക അസോസിയേഷന്റെ വാദം.

◾ സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ചികിത്സിക്കുന്നതിന് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവുമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

◾ കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

◾ അടിക്കടിയുള്ള 108 ആംബുലന്‍സ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാര്‍ ഇടപെട്ട്  ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കരാര്‍ നല്‍കിയിരിക്കുന്ന സ്ഥാപനവും കരാര്‍ എടുത്തിരിക്കുന്ന ഏജന്‍സിയും തൊഴിലാളികളും തമ്മിലുള്ള ഒരു തര്‍ക്കമായി മാത്രം ഈ വിഷയത്തെ വിടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയം അടിയന്തര ആംബുലന്‍സ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

◾ ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയര്‍ത്തിയ കോടതി സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

◾ ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റ് ചെയ്തത്.

◾ വാളയാര്‍ അട്ടപ്പള്ളത്ത് അച്ഛനും മകനും ഷോക്കേറ്റുമരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹനന്‍(60), അനിരുദ്ധ്(20) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് മരണം എന്നാണ് സംശയം. വാളയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

◾ തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. 

◾ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ ആണ് അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം. ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ജമ്മു കാശ്മീരില്‍  ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

◾ മുന്‍ പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെതിരേ ആരോപണവുമായി കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജീവ് റോയ്. കേസില്‍ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിറകില്‍ വിനീത് ഗോയലാണെന്നും ഇയാള്‍ ആരോപിച്ചു..വിനീത് ഗോയല്‍ മാത്രമല്ല ഗൂഢാലോചനയ്ക്ക് പിന്നില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

◾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പാല്‍ഘറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിയപ്പോഴാണ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

◾ സി.ഐ.എസ്.എഫിന്റെ ആദ്യ വനിതാ ബറ്റാലിയന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സി.ഐ.എസ്.എഫിന്റെ.ആദ്യ ഓള്‍ വിമന്‍ ബറ്റാലിയന്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

◾ രാജ്യത്തെ മുഴുവന്‍ സ്ത്രീകളും 30 വയസ്സ് തികയുമ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന വിവാദ പ്രസ്താവനയുമായി ജപ്പാനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നവോക്കി ഹയാകുട്ട. ജപ്പാനിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വാര്‍ദ്ധക്യത്തിലേക്ക് എത്തിയതു മൂലം ജനനനിരക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് നവോക്കി ഹയാകുട്ടയുടെ ഈ വിവാദ പരാമര്‍ശം. 18 വയസ്സായി പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും 18 വയസ്സിനു ശേഷം വിവാഹത്തിലും കുട്ടികളെ ജനിപ്പിക്കുന്നതിലും ആയിരിക്കണം അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നുമായിരുന്നു മറ്റൊരു വാദം. കൂടാതെ 25 വയസ്സിനു മുന്‍പായി സ്ത്രീകള്‍ നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്നും 25 വയസ്സിനുശേഷം സ്ത്രീകള്‍ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാര്‍ട്ടി നേതാവ് അഭിപ്രായപ്പെട്ടു.

◾ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തി. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഹസ്തദാനം ചെയ്താണ് ബൈഡന്‍ ട്രംപിനെ സ്വീകരിച്ചത്. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നല്‍കിയതായി അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020-ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപും ബൈഡനും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

◾ ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയും സര്‍ക്കാറും ഇസ്രയേലിനേക്കാള്‍ ഭയപ്പെടുന്നത് സ്വന്തം ജനതയെ ആണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ഭരണകൂട ഭീകരതയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ പേടിച്ചിരിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

◾ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാര്‍ക്കോ യാന്‍സന്റെയും ഹെന്റിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാമത്തെ ഓവറില്‍ മാര്‍ക്കോ യാന്‍സന്‍ 26 റണ്‍സെടുത്തതോടെ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലൊതുക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഇരുപതാമത്തെ ഓവറില്‍ മൂന്നാമത്തെ പന്തില്‍ യാന്‍സനെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് കളി ഇന്ത്യക്കനുകൂലമാക്കി. നേരത്തെ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളിലൂടെ റെക്കോര്‍ഡിട്ട സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും 56 പന്തില്‍ 107 റണ്‍സെടുത്ത തിലക് വര്‍മയുടേയും 25 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും കരുത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു.  ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാമത്തെ മത്സരം നാളെയാണ്.

◾ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിന് പിന്നാലെ കോടിപതികളായി കമ്പനിയിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരും. 500ലധികം പേരാണ് സ്വിഗ്ഗിയിലൂടെ കോടിപതി ക്ലബിലെത്തിയിരിക്കുന്നത്. 5,000 ജീവനക്കാര്‍ക്ക് എംപ്ലോയിസ് സ്റ്റോക്ക് ഒപ്ഷന്‍ പ്ലാന്‍ വഴി 9000 കോടി രൂപയാണ് എത്തുക. ഈ 5000 ജീവനക്കാരില്‍ നിന്നും 500 ജീവനക്കാരാണ് കോടീശ്വരന്മാരായി മാറുന്നത്. സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ ഒരു ഓഹരിയുടെ വില 371-390 രൂപയായിരുന്നു. എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരികള്‍ വിപണിയില്‍ 7.69 ശതമാനം ഉയര്‍ന്ന് 420 രൂപയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഇത് 7.67 ശതമാനം ഉയര്‍ന്ന് 419.95 രൂപയിലെത്തി. ആദ്യകാല വ്യാപാരത്തില്‍ കമ്പനിയുടെ വിപണി മൂല്യം 89,549.08 കോടി രൂപയായിരുന്നു. 11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമായിരുന്നു ഐപിഒ.

◾ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തിയറ്ററില്‍ ചിരിവിരുന്നൊരുക്കാന്‍ ഈ ഫാന്റസി കോമഡി ചിത്രത്തിന് സാധിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ മമ്മി. സാന്‍ജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾ ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി' തിയേറ്ററുകളിലെത്തുന്നത് ത്രീഡിയില്‍. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ഫാന്റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീഷ് കരുണാകരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. അടുത്ത വര്‍ഷം ജനുവരിയിലായാണ് സിനിമയുടെ റിലീസിന് പദ്ധതി ഇട്ടിരിക്കുന്നത്. ഹോളിവുഡിലൊക്കെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് സിനിമാതാരങ്ങള്‍ ശബ്ദം നല്‍കുന്നതുപോലെ 'ലൗലി'യില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

◾ ഫോക്‌സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ സ്വന്തമാക്കി 'പ്രേമലു' താരം ശ്യാം മോഹന്‍. ടൈഗൂണ്‍ 1.5 ലീറ്റര്‍ ജിടി ഡിഎസ്ജിയാണ് ശ്യാമിന്റെ ആദ്യ കാര്‍. ഇഷ്ട വാഹനത്തിനൊപ്പം ആദ്യ കാര്‍ എന്ന ആ സ്വപ്നവുമാണ് ശ്യാം സാക്ഷാത്കരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഫോക്‌സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ ആണ് വാങ്ങിയിരിക്കുന്നത്. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള, 1.5 ലീറ്റര്‍ ജിടി മോഡലാണിത്. ഡിഎസ്ജി ഗിയര്‍ബോക്സാണ് ശാമിന്റെ വാഹനത്തില്‍ ഉപയോഗിക്കുന്നത്. നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 18.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതു കൂടാതെ 1 ലീറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ട്. 113 ബി എച്ച് പി കരുത്തും 178 എന്‍ എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്.

◾ വംശവൃക്ഷത്തിന്റെ ശിഖരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് 'കൂലീസ്'. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണകളുറങ്ങുന്ന മണ്ണിലൂടെ ബന്ധങ്ങളുടെ അടിവേര് ചികഞ്ഞ് അവരുടെ പൗത്രന്‍ നടത്തുന്ന സഞ്ചാരം. വംശീയ അധിക്ഷേപങ്ങളും ദുരിതപൂര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളും മറികടക്കാന്‍ അന്യദേശത്തേക്ക് പ്രയാണം നടത്തിയ ഒരു തലമുറ. തൊഴിലന്വേഷിച്, കിഴക്കന്‍ ആഫ്രിക്ക, ഫിജി, തെക്കേ ആഫ്രിക്ക കരീബിയന്‍ ദ്വീപുസമൂഹം എന്നീ സ്ഥലങ്ങളിലേക്കു കുടിയേറിയ ഇന്ത്യന്‍ സമൂഹം അവിടെ കൂലീസ് എന്ന പേരില്‍ വിളിക്കപ്പെട്ടു. അതിജീവനത്തിലേക്കുള്ള അവരുടെ നാള്‍വഴികള്‍ സംഭവബഹുലമായിരുന്നെങ്കിലും കഠിനപ്രയത്‌നത്താല്‍ അവയെ തരണം ചെയ്യുന്നു. പല രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള എഴുത്തുകാരന്റെ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കൃതി. 'കൂലീസ്'. ഹരീഷ് അനന്തകൃഷ്ണന്‍. മംഗളോദയം പബ്ളിഷേഴ്സ്. വില 213 രൂപ.

 ◾ വിട്ടുമാറാത്ത വീക്കമായിരിക്കാം ഒരുപക്ഷെ കുടവയറിന് കാരണം. ഈ ബന്ധം കണ്ടെത്തുകയാണ് ആരോഗ്യകരമായി പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ കുറയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ്. ഡയറ്റില്‍ മാറ്റം വരുത്തിയും സമ്മര്‍ദം നിയന്ത്രിക്കുന്നതിലൂടെയും ശരീരവീക്കം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കൊഴുപ്പ് നീക്കം എളുപ്പവും സുസ്ഥിരവുമാക്കാന്‍ ഇത് സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മര്‍ദം, ഉറക്കമില്ലായ്മ എന്നിവയാണ് വിട്ടുമാറാത്ത വീക്കത്തിന് കാരണം. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. കോര്‍ട്ടിസോളിന്റെ അമിത ഉല്‍പ്പാദനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാക്കും. പൊണ്ണത്തടി കുറയ്ക്കാന്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡയറ്റ് പരീക്ഷിക്കാം.നെല്ലിക്ക, പച്ച മഞ്ഞള്‍, കുരുമുളക്, ഇലക്കറകള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, ഓലിവ് ഓയില്‍, നട്‌സ് എന്നിവയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, തുടങ്ങിയവ വീക്കമുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇഞ്ചിയും മഞ്ഞളും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഓറഞ്ചിന്റെയും നെല്ലിക്കയുടെയും കുരു നീക്കം ചെയ്തെടുക്കാം. ശേഷം ഈ ചേരുവകളെല്ലാം കൂടി അല്‍പം വെള്ളം ചേര്‍ന്ന് നന്നായി അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത ശേഷം കുടിക്കാം. എന്നും രാവിലെ ഇത് കുടിക്കുന്നത് ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം നെല്ലിക്കയും ഓറഞ്ചും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനോട് പൊരുതുകയും ചെയ്യും. ഓറഞ്ച് പാനീയത്തിന് മധുരം നല്‍കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരുവിന്റെ പ്രഭാഷണം നടക്കുകയാണ്.  ഇതിനിടയില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു:  താങ്കള്‍ കുറെ വാക്കുകള്‍ പറയുന്നു എന്നേയുളളൂ.. അവയ്ക്ക് എന്തര്‍ത്ഥമാണുളളത്? വാക്കുകളുടെ ശക്തിയെക്കുറിച്ച് പലതവണ മനസ്സിലാക്കാന്‍ ഗുരു ശ്രമിച്ചുവെങ്കിലും അയാള്‍ വഴങ്ങിയില്ല.  അവസാനം ഗുരു പറഞ്ഞു:  നിങ്ങള്‍ വിഢ്ഢിയാണ്. നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിപോലുമില്ല.  ഒട്ടും വിവരമില്ലാത്തവര്‍ക്കേ നിങ്ങളെപ്പോലെ സംസാരിക്കാനാകൂ. പരസ്യമായി തന്നെ അപമാനിച്ചതിലുളള വേദന അയാള്‍ ഗുരുവിനോട് പറഞ്ഞു.  ഗുരു പറഞ്ഞു: അവ വെറും വാക്കുകളല്ലേ.. അവയ്ക്ക് ഒരര്‍ത്ഥവുമില്ലല്ലോ.. കാര്യം മനസ്സിലാക്കിയ അയാള്‍ ഗുരുവിനോട് ക്ഷമ ചോദിച്ചു.   വാക്കുകളോളം മൂര്‍ച്ചയുളള മറ്റൊന്നുമുണ്ടാകില്ല.  പറയുന്ന ഓരോ വാക്കിലും ഓരോ ശബ്ദ സന്ദേശമുണ്ട്.  കേള്‍ക്കുന്ന ഓരോ വ്യക്തിയിലും അതിന്റെ പ്രതിഫലനങ്ങളും ഉണ്ടാകുന്നു.  ചിലവാക്കുകളില്‍ അനുഗ്രഹവും ചിലതില്‍ ശാപവും ഒളിഞ്ഞിരിക്കും. സത്യസന്ധമാകണം ഓരോ വാക്കും.. അത് ആളുകളെക്കുറിച്ചാണെങ്കിലും സംഭവങ്ങളെക്കുറിച്ചാണെങ്കിലും. സത്യം മാത്രം പറയുന്നയാള്‍ ഒരു പ്രതീക്ഷയാണ്. പലരുടേയും ആശ്രയമാണ്.  വാക്കിന്റെ വിലയറിഞ്ഞ് അവ നമുക്ക് ഉപയോഗിക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍