ഒരു മൃതദേഹം കൂടി കൂഴിച്ചിട്ടെന്ന് സംശയം; തിരച്ചിലിന് മായയും മര്‍ഫിയും, ഇലന്തൂരില്‍ വന്‍ സന്നാഹം
കൊച്ചി: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ റോസ്‌ലിന്റെയും പദ്മയുടേയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഭഗവല്‍ സിങ്, ലൈല എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന നടത്തും. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. കൊച്ചി ഡോഗ് സ്‌ക്വാഡിലെ മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായകളാണ് വീട്ടുപറമ്പില്‍ പരിശോധന നടത്തുക.
പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിങും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍