കോഴിക്കോട് ഖാസിക്കെതിരായ പീഡനക്കേസ്; ആരോപണം അടിസ്ഥാനരഹിതമെന്ന് ഖാസി ഓഫീസ്


രണ്ടാം ഭര്‍ത്താവില്‍ നിന്നും മധ്യസ്ഥന്മാര്‍ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാസ്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഖാസി ഓഫീസ് അറിയിച്ചു.

പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ധീരമായ തുകയും സ്വര്‍ണവും ചിലവഴിച്ചു തീര്‍ന്നതിന് ശേഷം ചാലിയം കരുവന്‍തിരുത്തിയില്‍ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവര്‍ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന രണ്ടാം ഭര്‍ത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും വിവാഹമോചനക്കരാര്‍ തയ്യാറാക്കുകയും ചെയ്തു.

പരാതിക്കാരിക്ക് രണ്ടാം ഭര്‍ത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നല്‍കുകയും ബാക്കി പണം രണ്ടു വര്‍ഷത്തിനകം നല്‍കാന്‍ വ്യവസ്ഥയാക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വര്‍ഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിച്ചിരുന്നു. രണ്ടാം ഭര്‍ത്താവില്‍ നിന്നും മധ്യസ്ഥന്മാര്‍ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

താമസിച്ചുകൊണ്ടിരുന്ന ഫ്‌ലാറ്റില്‍ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭര്‍ത്താവുമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ വ്യാജപരാതിയുമായി ഇവര്‍ രംഗത്ത് വന്നത്. ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസില്‍ നിന്നും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍