മുളകുപൊടിയെറിഞ്ഞ് മാലപറിക്കല്‍; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി പൊലീസ്


പൊന്നാനി: മുളക് പൊടിയെറിഞ്ഞ് യുവതിയുടെ മാല കവരാന്‍ ശ്രമിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊന്നാനി പൊലീസ്. പിടിയിലായത് വര്‍ക്ക്‌ഷോപ്പ് ഉടമ. എടപ്പാള്‍ തലമുണ്ടയിലെ ടൈലറിങ് ഷോപ്പില്‍ ഇന്നലെ ഉച്ചക്കായിരുന്നു കവര്‍ച്ചാശ്രമം.

കാട്ടുകമ്പാല സ്വദേശി പെരുമ്പള്ളി പറമ്പില്‍ സുമേഷിനെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. എടപ്പാളില്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഇയാള്‍. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ എടപ്പാള്‍ തലമുണ്ടയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ചെമ്പ്രയില്‍ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ മാല കവരാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. സിന്ധുവിന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കടയിലെത്തി അല്‍പ്പ സമയം ചെലവിട്ട ശേഷം പുറത്തിറങ്ങി സ്‌കൂട്ടര്‍ നീക്കിവെക്കുകയും തിരിച്ചെത്തി അല്‍പ്പ സമയത്തിനകം മുളക് പൊടിയെറിഞ്ഞ് സിന്ധുവിനെ ആക്രമിക്കുകയുമായിരുന്നു. സിന്ധു പുറത്തേക്ക് ഓടിയതോടെ ഇയാള്‍ സ്‌കൂട്ടറെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദ്യം വാഹനവും പിന്നീട് പ്രതിയേയും തിരിച്ചറിയുകയായിരുന്നു. സി.സി.ടി.വിയില്‍ ആളുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിരുന്നില്ല. എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കണ്ടെത്തി പൊലീസ് നാട്ടുകാരുടെ കയ്യടി നേടിയിരിക്കുകയാണ്. എസ്.ഐ എന്‍.ആര്‍ സുജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുനീഷ്, വിനീത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍